DweepDiary.com | ABOUT US | Friday, 19 April 2024

'ദ്വീപുകാർ ട്രാക്കില്‍ മുന്നേറാന്‍ പരിശീലനരംഗത്ത് മാറ്റമുണ്ടാകണം', കോച്ച് ജവാദ്

In interview Special Feature Article BY P Faseena On 04 June 2022
ഫ്രാൻസിലെ നോർമാൻഡിയിൽ കഴിഞ്ഞ മാസം നടന്ന ലോക സ്‌കൂൾ മീറ്റിൽ ഇന്ത്യാ മഹാരാജ്യത്തെ പ്രതിനിധീകരിച്ച് ലോങ്ങ് ജമ്പിലും 4x100 മീറ്റർ റിലേയിലും ഒരു മിനിക്കോയ്ക്കാരി കൂടി ഉണ്ടായിരുന്നു. മുബസ്സിന മുഹമ്മദ് എന്ന കൗമാരക്കാരി. അവളെ പരിശീലിപ്പിച്ചത് മറ്റൊരു ദ്വീപുകാരൻ അധ്യാപകൻ - ജവാദ്. അവളെ മാത്രമല്ല ഇന്ത്യൻ ടീമിന്റെ തന്നെ കോച്ചായിരുന്നു അദ്ദേഹം. നല്ല ഗ്രൗണ്ടുകളോ ഇൻഡോർ സ്റ്റേഡിയങ്ങളോ പ്രൊഫഷണൽ പരിശീലന സംവിധാനങ്ങളോ ഇല്ലാത്ത ലക്ഷദ്വീപിന്റെ അവഗണനയുടെ ചുറ്റുപാടിൽ നിന്നാണ് അഭിമാനകരമായ ഈ നേട്ടങ്ങൾ ഉണ്ടായിവന്നിരിക്കുന്നത്. വൻകരയിലെ പഠനവും അനുഭവങ്ങളും തന്നെയാണ് മുബസ്സിനയെ ഇതിനു സഹായിച്ചത്. ദ്വീപുകളിൽ കായികതാരങ്ങളെ കണ്ടെത്താനും വാർത്തെടുക്കാനുമുള്ള സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് മികച്ച സിദ്ധികളുള്ള നിരവധി കായിക പ്രതിഭകളെയാണ് നാടിനും രാജ്യത്തിനും ലോകത്തിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്
ലക്ഷദ്വീപിലെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ലോകത്തിലെ തന്നെ മികച്ച അത്‌ലറ്റുകളുമായി മത്സരിച്ച് മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചതിൽ നിന്ന് മുബസ്സിനയുടെ കോച്ച് ജവാദിന് പങ്കുവയ്ക്കാൻ നിരവധി അനുഭവങ്ങളും നിർദേശങ്ങളുമുണ്ട്. ലക്ഷദ്വീപില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാങ്കേതികമായ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്, ഈ വെല്ലുവിളികളെല്ലാം മറികടന്ന് കൊണ്ടാണ് ഇരുവരും ലോക കായികമേളയുടെ ഭാഗമായത്. ലക്ഷദ്വീപിലെ കായികമേഖലയില്‍ വേണ്ട പരിഗണന നല്‍കി സാങ്കേതിക മികവോടെയുള്ള പരിശീലനങ്ങള്‍ നല്‍കിയാല്‍ മികച്ച താരങ്ങളെ ഈ മണ്ണില്‍ നിന്ന് വാര്‍ത്തെടുക്കാമെന്ന് കോച്ച് ജവാദ് പറയുന്നു.
തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമായിരുന്നു ഇന്ത്യന്‍ ടീമിന്റെ കോച്ച് ആയി അവസരം ലഭിച്ചതിലൂടെ നേടാനായത്. ഇതുവരെയും അറിയപ്പെട്ടത് സ്റ്റേറ്റ് ടീമിന്റെ കോച്ച് എന്ന പേരിലായിരുന്നു, ഒരു അന്താരാഷ്ട്ര കായിക മത്സരത്തിന് കോച്ചാകാന്‍ ആദ്യമായാണ് അവസരം ലഭിച്ചതെന്ന് ജവാദ് പറയുന്നു, ജവാദ് ഒഴികെ വേറെ രണ്ട് കോച്ച് കൂടി ഉണ്ടായിരുന്നു ഇന്ത്യന്‍ ടീമിനെ നയിക്കാന്‍. മുഖ്യ പരിശീലകന്‍ താനാണെന്ന് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്. അതൊരു വലിയ വെല്ലുവിളിയും സര്‍പ്രൈസുമായിരുന്നെന്ന് ജവാദ് പറഞ്ഞു. അന്തര്‍ദേശിയ ടീമിനെ നയിച്ചുള്ള മുന്‍പരിചയമില്ലാത്ത ജവാദിന് ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ, പല ഭാഷകള്‍ സംസാരിക്കുന്നവരെ ഒന്നായി കോര്‍ത്തിണക്കുക എന്നത് തുടക്കത്തിൽ ഒരു വെല്ലുവിളിയായിരുന്നു. പല സായി സെന്ററുകളില്‍ നിന്നും അക്കാഡമികളില്‍ നിന്നും മികച്ച പരിശീലനം ലഭിച്ചവരായിരുന്നു മത്സരാര്‍ഥികളെല്ലാം. ലോക സ്‌കൂള്‍കായിക മേളയില്‍ നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഒമ്പത് മെഡലാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. ഈ മീറ്റോടെ ഒരു അന്താരാഷ്ട്ര കായിക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ കൈകാര്യം ചെയ്യേണ്ട രീതി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും ജവാദ് പറയുന്നു. കവരത്തി സ്വദേശിയായ ജവാദ് പത്ത് വര്‍ഷത്തോളമായി അത്‌ലറ്റിക്ക് കോച്ച് എന്ന നിലയില്‍ ലക്ഷദ്വീപില്‍ തുടരുന്നു, ഇപ്പോള്‍ ഖേലോ ഇന്ത്യ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് ഇദ്ദേഹം.
ലക്ഷദ്വീപില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കേണ്ടതിലുള്ള പോരായ്മകളും ജവാദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മികച്ച പരിശീലന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ദ്വീപില്‍നിന്ന് ഏറ്റവും മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ സാധിക്കും അതിന് ഉദാഹരണമാണ് മുബസ്സിന. കായിക മേഖലയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. അതോടൊപ്പം പരിശീലകരുടെ അഭാവം പരിഹരിക്കുക എന്നതും പ്രധാനമാണ്. പത്ത് ദ്വീപുകളിലേക്ക് ഒരു കോച്ചിനെ വെച്ച് പരിശീലനം നടത്തുക എന്നത് പ്രായോഗികമല്ല. എല്ലാ ദ്വീപുകളിലും നിരന്തരമായ പരിശീലന സംവിധാനം ഒരുക്കണം. കായിക മേഖലയില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി സുസജ്ജമായ വിദ്യാഭ്യാസവും പരിശീലനവും ഹോസ്റ്റലുകളുമടങ്ങിയ സൗകര്യം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ സാങ്കേതികവും ശാസ്ത്രീയവുമായ പരിശീലനം നല്‍കിയാല്‍ ലക്ഷദ്വീപില്‍ നിന്ന് മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാം. ഇന്ന് ദ്വീപില്‍ നിന്ന് ലോക സ്‌കൂള്‍ കായികമേളയുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കില്‍ ഭാവിയില്‍ ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനുമെല്ലാം പങ്കെടുക്കാനാകും എന്നും ജവാദ് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY