DweepDiary.com | ABOUT US | Saturday, 20 April 2024

ജാഫർ സാദിഖ്: നാരദന്റെ ക്യാമറ പിടിച്ച ദ്വീപുകാരൻ

In interview Special Feature Article BY P Faseena On 31 March 2022
സമകാലിക മാധ്യമമേഖലയും അതിന്റെ യാഥാർത്ഥ്യത്തെയും വരച്ചുകാണിക്കുന്ന ചിത്രമായിരുന്നു ഒ.പി.എസ് സിനിമയുടെ ബാനറിൽ ആഷിഖ് അബു സംവിധാനം ചെയ്ത 'നാരദൻ'. മീഡിയ ഫിക്ഷൻ ത്രില്ലർ സിനിമയായ 'നാരദൻ' മാർച്ച് മൂന്നിനാണ് തിയേറ്ററുകളിലേക്കെത്തിയത്. കാലങ്ങളായി മാധ്യമലോകത്ത് തുടരുന്ന തെറ്റായ വിവിധ പ്രവണതകളെ കൂട്ടിച്ചേർത്തുകൊണ്ട് ഒന്നിച്ചൊരു മീഡിയ ക്രിട്ടിസിസം ആണ് 'നാരദൻ'. ടോവിനോ നായകനാകുന്ന സിനിമയിൽ അന്ന ബെൻ, ജോയ് മാത്യു, വിജയരാഘവൻ, രാജേഷ് മാധവൻ, ഇന്ദ്രൻസ്, ജയരാജ് വാര്യർ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.
ഈ സിനിമ ദ്വീപുകാർക്ക്‌ കൂടി അഭിമാനിക്കാനുള്ളതാണ്. നാരദന്റെ സിനിമാറ്റോഗ്രാഫി ചെയ്തത് ആന്ത്രോത്ത് സ്വദേശിയായ ജാഫർ സാദിഖാണ്. 'നാരദന്' മുമ്പ് നിരവധി സിനിമകളില്‍ ജാഫർ അസോസിയേറ്റ് ക്യാമറാമാനായിട്ടുണ്ടെങ്കിലും സ്വതന്ത്രമായി ഡി.ഒ.പി ചെയ്യുന്നത് ആദ്യമാണ്.
ആന്ത്രോത്ത് സ്വദേശിയായ ജാഫർ സാദിഖ് 10 വർഷമായി കൊച്ചിയിൽ സ്ഥിരതാമസമാണ്. കുട്ടിക്കാലം മുതൽ ക്യാമറയോട് കൂട്ടുകൂടിയ ജാഫർ സ്വന്തമായി തനിക്കുണ്ടായിരുന്ന ക്യാമറയിലാണ് ആദ്യപരീക്ഷണങ്ങളെല്ലാം നടത്തിയത്. പിന്നീട് കോളേജ് കാലത്ത് ഫോട്ടോഗ്രഫി സീരിയസായി കൂടെ കൂട്ടി. ഇതിനിടയിൽ പല ഴാനറുകളിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്തു. ഫ്രീലാൻസ് വർക്കുകളും പപ്പായ മീഡിയയുടെ പ്രൊജക്ടുകളും ചെയ്തു. ഫീൽഡിൽ നിന്നും ലഭിച്ച അനുഭവപാഠങ്ങൾ ആണ് ഇതുവരെയുള്ള തന്റെ യാത്രയിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് ജാഫർ പറയുന്നു.
2014ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ 'ഗ്യാങ്സ്റ്ററിൽ' സിനിമാറ്റോഗ്രാഫർ ആൽബിയുടെ അസിസ്റ്റന്റ് ക്യാമറാമാനായാണ് സിനിമയിലേക്കുള്ള ജാഫർ സാദിഖിന്റെ ചുവടുവെപ്പ്. പിന്നീട് 2017 ൽ ആഷിഖ് അബു ചിത്രമായ 'മായാനദി'യിൽ ജയേഷ് മോഹന്റെ അസോസിയേറ്റ് ക്യാമറാമാൻ. 2019 'വൈറസിൽ' രാജീവ് രവിക്കൊപ്പം. 2020ൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത 'ഹലാൽ ലൗ സ്റ്റോറി'യിൽ അജയ് മേനോന്റെയും അസോസിയേറ്റ് ക്യാമറാമാനായി പ്രവർത്തിച്ചു. മ്യൂസിക്കൽ വീഡിയോകൾക്ക് വേണ്ടിയും ജാഫർ സാദിഖ് ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. 2020ൽ അഭിലാഷ് കുമാർ ഡയറക്ട് ചെയ്ത 'കോഴിപ്പങ്ക്' എന്ന മ്യൂസിക് വീഡിയോയിൽ അസോസിയേറ്റ് ക്യാമറാമാനായി. ശേഷം 'ഗോ വിത്ത് ദി ഗ്ലോ' എന്നാ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹകൻ ആയിട്ടുണ്ട്
സംവിധായകൻ ആഷിഖ് അബുവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ സംഘടിപ്പിച്ച പറ ഫോക് ഫെസ്റ്റിവല്ലിന്റെ ക്യാമറ ചെയ്തത് ജാഫർ സാദിഖ് ആയിരുന്നു. 'നാരദൻ' ടീം തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്. ആ അവസരത്തിൽ ആഷിഖ് അബു ജാഫറിനോട് ചോദിച്ചു 'നാരദൻ' സിനിമയുടെ ഛായാഗ്രഹണം ചെയ്യാമോ എന്ന്. ഓക്കേ ഞാൻ ചെയ്യാമെന്ന് ജാഫർ മറുപടിയും നൽകി. അങ്ങനെയാണ് നാരദനിലേക്ക് ജാഫർ സാദിഖ് എത്തുന്നത്. ലോക്ക് ഡൗൺ സമയത്തായിരുന്നു തുടക്കത്തിലെ തയ്യാറെടുപ്പുകൾ. നന്നായി പ്ലാൻ ചെയ്യാൻ കഴിഞ്ഞുവെന്നും ജാഫർ പറയുന്നു.
കരിയറിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സിനിമാറ്റോഗ്രാഫർ രാജീവ് രവിയാണ്. 2019ൽ നിപയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ് 'രാജീവ് രവി ക്യാമറ ചെയ്യുന്നു എന്ന് കേട്ടപ്പോൾ അദ്ദേഹത്തോടൊപ്പം അസോസിയേറ്റ് ചെയ്യാനുള്ള ആഗ്രഹം ആഷിക് അബുവിനോട് സൂചിപ്പിച്ചു. അദ്ദേഹം രാജീവ് രവിയുമായി സംസാരിച്ചു ഓക്കെ പറഞ്ഞു. അങ്ങനെ 'വൈറസിൽ' അസോസിയേറ്റ് ക്യാമറാമാനായി തുടർന്നു. രാജീവ് രവിയിൽ നിന്ന് സിനിമയും ക്യാമറയും കുറിച്ച് നിരവധി പാഠങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച സിനിമാറ്റോഗ്രാഫറിൽ ഒരാളാണ് രാജീവ് രവി. മാനുഷികമൂല്യങ്ങളെ മുറുകെ പിടിച്ച് ചെയ്യുന്ന പ്രോജക്ട് ഏറ്റവും മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും ജാഫർ പറയുന്നു. സംവിധായകൻ മനസ്സിൽ കാണുന്ന സീൻ ഫോളോ ചെയ്യുക എന്നത് പ്രധാനമാണ്. അതുപോലെ പ്രധാനപ്പെട്ട മറ്റൊന്ന് ഓരോ ഷോട്ടും എങ്ങനെയായിരിക്കണമെന്ന് പ്ലാൻ ചെയ്യുക എന്നതാണ്. അതിനെല്ലാം കഴിഞ്ഞു. ടൊവിനൊ തോമസിനൊപ്പം വർക്ക് ചെയ്തതും ഒരു വലിയ അനുഭവം തന്നെയാണ്. 'മായനദി'യിൽ ടൊവിനോയുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. വെല്ലുവിളികൾ ഏറ്റെടുക്കുന്ന, വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന, അത് നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പരസ്പരം പരിചയം ഉണ്ടെങ്കിലും ഉണ്ണി ആർ നൊപ്പം വർക്ക് ചെയ്യുന്നത് ആദ്യമായാണ്. രണ്ട് ലോക്ഡൗണിനിടയിലായിരുന്നു 'നാരദന്റെ 'ഷൂട്ടിങ്. ഇതുവരെയും എല്ലാവരിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്, അതിൽ സന്തോഷവാനാണെന്നും ജാഫർ സാദിഖ് ദ്വീപ് ഡയറിയോട് പറഞ്ഞു.ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഖലീൽ ഗുൽനാർ ബീഗം ദമ്പതികളുടെ മകനാണ് ജാഫർ സാദിഖ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY