DweepDiary.com | ABOUT US | Thursday, 28 March 2024

ശക്തി ചോരുന്ന സമരമുറകൾ | അരാഫത്ത് ലക്ഷദ്വീപ് (ഞായർ സ്പെഷ്യൽ)

In interview Special Feature Article BY Raihan Rashid On 05 September 2021


എസ് എൽ എഫ് സമരതന്ത്രങ്ങളെ വിമർശനാത്മകമായി സമീപിക്കുകയാണ് അരാഫത്ത് ലക്ഷദ്വീപ് ഈ ലേഖനത്തിൽ. ഉണർന്ന് പ്രവർത്തിക്കാനാവുന്ന ചില നിര്മാണാത്മക മേഖലകളെ അദ്ദേഹം നിർദേശിക്കുകയും ചെയ്യുന്നു.


പുതിയ അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യവിരുദ്ധമായ നിയമനടപടികൾക്ക് കീഴിൽ ദ്വീപുജനത അത്യന്തം ഭീഷണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെ പ്രതിരോധിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം (എസ്.എൽ.എഫ്) രൂപീകരിച്ചത് ഒരു പ്രതീക്ഷയുടെ തിരിനാളമായിരുന്നു. പട്ടേലിയൻ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ ആദ്യഘട്ടത്തിൽ ഉയർന്ന ജനങ്ങളുടെ ചെറുത്തുനിൽപ്പ് പക്ഷേ പിന്നീട് കണ്ടില്ല.
ഇന്ന് എസ്.എൽ.എഫ് ഉണ്ടോ എന്നും മിണ്ടാണ്ടിരിക്കുന്നത് സമരമുറകളിൽ കാര്യമായ പ്രതിഫലനം കാണാതായ നിരാശയാലാണോ എന്നൊക്കെ സംശയിക്കേണ്ടിയിരിക്കുന്നു. തുടക്കത്തിൽതന്നെ കേന്ദ്രകമ്മിറ്റിയുടെ പ്രവർത്തന പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വേണ്ടത്ര വിജയിച്ചില്ല. കണിശമായ വിശകലനങ്ങൾ നടത്തി പാകപ്പിഴകൾ തിരുത്തി മുന്നോട്ടുപോകാൻ അനിവാര്യമാണ്. അത് നേതൃതലത്തിലുള്ളവരുടെ ഉത്തരവാദിത്തമാണ്.
കോർപ്പറേറ്റുകൾ അവരുടെ അജണ്ടകൾ നാൾക്കുനാൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ നിരാശയിലും, ഉൾഭയത്തിലും ജീവിക്കുന്ന നാളുകളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ ചങ്കുറപ്പോടെ ചെയ്യേണ്ട സമരം യാചനയായി മാറിയോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.
*നിസ്സഹകരണ സമരം തുടരാമായിരുന്നു.*
നമ്മുടെ സ്ത്രീജനങ്ങളെ പുറത്തിറക്കുക എന്ന ലക്ഷ്യം മുൻകൂട്ടി കണ്ട്കൊണ്ട് പാശി വളർത്തൽ ഇവിടെ ആരംഭിച്ചു. സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്കൾ വഴിയാണ് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്. എന്തെങ്കിലും ശമ്പളം തന്നാൽമതി ജോലി ചെയ്യാൻ ഞങ്ങൾ തയ്യാർ എന്നതാണ് ഇപ്പോഴത്തെ തൊഴില്ലില്ലാത്ത പെൺകൂട്ടായ്മകളുടെ നിലപാട്. ഇതിനു പിന്നിൽ ഒരുപക്ഷെ ദ്വീപിലെ മുസ്ലീം സ്ത്രീകളെ വീടിനു പുറത്തിറക്കുക, ദ്വീപിലെ സംസ്കാരം തകർക്കുക എന്നതൊക്കെ ഉണ്ടാകാം.
ഈ ഒരു സാഹചര്യത്തിൽ എസ്.എൽ.എഫ് കമ്മിറ്റികൾ ഓരോദ്വീപിനേയും കേന്ദ്രീകരിച്ച് ബോധവൽകരണം നടത്തുകയും പുതിയ കുടിൽവ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുകയുമാണെങ്കിൽ ഏറെ ഗുണകരമായേനെ. ഉൽപന്നങ്ങൾക്ക് കേരളത്തിലെ മാർക്കറ്റുകൾ സജ്ജീകരിക്കുകയും ചെയ്താൽ ഏറെക്കുറെ വിജയിക്കുമായിരുന്നു. ഇപ്പോൾ ടൈലറിങ്ങ് പഠിച്ച ഒരുപാട് പേരുണ്ട് എന്നതിനാൽ ടൈലറിങ്ങ് യൂണിറ്റുകൾ തുടങ്ങുകയും ആവാം. നമ്മുടെ വസ്ത്രങ്ങളും വിവിധ തുണിവിഭവങ്ങളും കയറ്റുമതി ചെയ്യാം; ഫിഷ് വിഭവങ്ങൾ ഉണ്ടാക്കുന്ന ഗ്രൂപ്പുകൾക്ക് അതിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ പരിശീലനം നൽകാം; തെങ്ങോലകളും- സമ്പന്ന വിഭവങ്ങളും ശേഖരിക്കാം.. ഇങ്ങനെ ഒരുപാട് പദ്ധതികൾ നടപ്പിലാക്കാവുന്നതാണ്. ഇതിന്റെ അനുബന്ധജോലികളിൽ നാട്ടിലെ യുവാക്കളെയും കടയുടമകളെയും ഉൾപ്പെടുത്തിയാൽ കൂടുതൽ തൊഴിലവസരങ്ങൾ അവർക്കും ലഭിക്കും.
ഇൻറർനെറ്റ് വിപ്ലവം ദ്വീപുകളിൽ അത്ര ഗുണം ചെയ്തില്ലെങ്കിലും ലോകത്തിലെ ഏത് കോണിലേയും ഉത്പന്നങ്ങൾ നമ്മൾക്ക് വാങ്ങാമെന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടു. ദ്വീപുൽപന്നങ്ങൾ പക്ഷേ അതിന്റെ സാധ്യതകളെ കണ്ടെത്തിട്ടില്ല, അക്കാര്യത്തിൽ ഇനിയും നമുക്ക് ശ്രമിക്കാവുന്നതാണ്. മറ്റ് കമ്പനികൾക്ക് നമ്മുടെ ദ്വീപുകൾ മാർക്കറ്റുകളാണ്. അതേസമയം വിപണിയിൽ നമ്മുടെതായ കയറ്റുമതി ഉത്പന്നങ്ങൾ തീരെ കുറവാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ദ്വീപിന് പുറത്തുള്ള പല പ്രദേശവാസികൾക്കും ദ്വീപുകാരോട് സഹായമനസ്കത ഉള്ള സമയമാണ്. ഈ സമയം നമ്മൾ മേല്പറഞ്ഞ തരാം നിർമാണാത്മകമായ വികസനപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കേണ്ടിയിരുന്നത്.
പട്ടേലും കോർപ്പറേറ്റുകളും ദ്വീപിനെ കുത്തക കമ്പനികളുടെ മാർക്കറ്റ് ആക്കി മാറ്റാനുള്ള തന്ത്രപാടിലാണ്, ആദ്യം സാമ്പത്തികമായി നമ്മളെ തകർക്കുന്ന സമീപനമാണ് ചെയ്യുന്നത് - എന്നാലാണ് അവർക്ക് അവർ ഉദ്ദേശിച്ച ജോലിചെയ്യാൻ നമ്മളെ കിട്ടുകയുള്ളൂ. അതിനായി അവർ ദ്വീപിൽ വൻതോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണിപ്പോൾ.
നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പട്ടേൽ സംഘത്തിന് ലാഭം മാത്രമേ ആവശ്യമുള്ളൂ, ദ്വീപിന്റെ സംസ്കാരമോ ഇവിടെത്തെ ഭൂമിശാസ്ത്രമോ അവർക്ക് സംരക്ഷിക്കേണ്ട ആവശ്യമില്ല. കോർപ്പറേറ്റ് കമ്പനികൾക്ക് നമ്മുടെ വിവിധ മേഖലകൾ തീറെഴുതി നൽകുകവഴി അവരുമായി ഇവരുണ്ടാക്കുന്ന രഹസ്യക്കരാർ മുഖേന വൻ ലാഭം അവരുടെ പേഴ്സണൽ അകൗണ്ടുകളിലേക്ക് ഒഴുകും. നിഗൂഢ അജണ്ടകൾ നമ്മൾ ഊഹിക്കുന്നതിലും ആഴത്തിലാണ്. ബ്രിട്ടിഷ് ഭരണകാലത്ത് മലബാർ കലക്ടറുടെ ഏകാധിപത്യ നടപടികൾക്കെതിരെ മിനികോയി ദ്വീപിലെ ജനങ്ങൾ നടത്തിയ സമാധാനപരമായ സമരങ്ങൾ കാരണം നടക്കാതെപോയ നയങ്ങൾ നമ്മൾ സ്മരിക്കണം.
സ്വാർത്ഥ താൽപര്യങ്ങൾ എന്നുമുതൽ നമ്മുടെ മനസ്സിന്റെ ഉള്ളിൽ കടന്നുകൂടിയോ അന്നുമുതൽ സമൂഹത്തിന്റെ പതനമായിരുന്നു എന്ന പാഠം നാം ഇനിയും പഠിക്കാതിരുന്നു കൂടാ. പാർട്ടികൾ ജനങ്ങളുടെ സംഘടിത ശക്തിയാണ്, ഇന്ന് പാർട്ടി കൂട്ടായ്മകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല. ഈ ഘട്ടത്തിൽ സ്വ:താൽപര്യങ്ങൾ മറന്ന് ഒന്നിച്ച് നിൽക്കേണ്ട സമയമാണ്.
അവർ കുത്തക കമ്പനികളെ ഇറക്കുമ്പോൾ നമ്മൾ അതിനെക്കാൾ വലിയ 'ഒരുമയുള്ള' കമ്പനികളായിമാറുക. അല്ലെങ്കിൽ നമ്മൾ അവരുടെ സേവകരായി തീരും, തീർച്ച!

SHARE YOUR FEEDBACK

RECENT IN THIS CATEGORY