DweepDiary.com | ABOUT US | Saturday, 20 April 2024

വിവാദ ഭൂമി നിയമത്തിന് എതിരെ പ്രമുഖരുടെ പ്രതികരണം (ഉള്ളത് പറഞ്ഞാൽ ഭാഗം 1): "ഈ മണ്ണ് ഞങ്ങൾ ആർക്കാണ് വിട്ടുകൊടുക്കേണ്ടത്? ലക്ഷദ്വീപിൽ ഭരണകൂട ഭീകരത" തുറന്നടിച്ച്​ സംവിധായിക ഐഷ സുൽത്താന

In interview Special Feature Article BY Admin On 22 May 2021
'ദ്വീപുകാർക്ക് പടച്ചോന്‍റെ മനസ്സാണ്​- ലക്ഷദ്വീപിൽ വരുന്നവർ ഒറ്റക്കെട്ടായി പറയുന്ന വാക്കാണിത്​. ആ മനസ്സുള്ളവരെ ഇല്ലായ്​മ ചെയ്യാനുള്ള ശ്രമങ്ങളെയും നിങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നാണ്​ എന്‍റെ അഭ്യർഥന. ഇന്ത്യക്ക്​ സ്വാതന്ത്ര്യം കിട്ടി ഏഴ്​ പതിറ്റാണ്ട്​ കഴിയു​േമ്പാൾ ഞങ്ങൾ ദ്വീപുകാർ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ട അവസ്​ഥയിലാണ്​. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. അത് നേടിയെടുക്കാൻ ഇന്ന് ഞങ്ങൾക്ക് കേരളത്തിലെ സാധാരണക്കാരുടെ പിന്തുണയും വേണം' -ലക്ഷദ്വീപിൽ ഭരണകൂട ഭീകരതയാണ്​ നടക്കുന്നതെന്ന്​ തുറന്നടിക്കുകയാണ്​ യുവ സംവിധായികയും ദ്വീപിലെ സാമൂഹിക-ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയുമായ ഐഷ സുൽത്താന.

96 ശതമാനം മുസ്​ലിംകൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന്​ ഐഷ ആരോപിക്കുന്നു. ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ. പട്ടേൽ കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഫാഷിസ്റ്റ്​വത്​കരണം നടപ്പിലാക്കുന്നെന്ന പരാതി വ്യാപകമായ പശ്​ചാത്തലത്തിലാണ്​, അഡ്​മിനിസ്​ട്രേറ്ററുടെ ഏകാധിപത്യ നടപടികളെ രൂക്ഷമായി ചോദ്യം ചെയ്​ത്​ ഐഷ രംഗത്തെത്തിയിരിക്കുന്നത്​.

2020 ഡിസംബര്‍ അഞ്ചിനാണ്​ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേൽ ചുമതലയേറ്റത്​. അന്നുമുതൽ ദ്വീപ്​ നിവാസികളുടെ ജീവിതം താളം തെറ്റിയെന്ന്​ ഐഷ 'മാധ്യമം ഒാൺലൈനി'നോട്​ പറഞ്ഞു. 'ഇവിടെ ഒരാള്‍ക്ക് പോലും കോവിഡ് 19 ഇല്ലായിരുന്നു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോകോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് പ്രഫുൽ പട്ടേലും സംഘവും ലക്ഷദ്വീപില്‍ കാലുകുത്തിയത്. അതേസമയത്ത്​ ദ്വീപിൽ സിനിമ ചിത്രീകരണത്തിന്​ പോയ ഞാനും സംഘവും സ്വമനസ്സാലേ ഏഴ്​ ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞിരുന്നു. ആ ജാഗ്രത പ്രഫുൽ പ​േട്ടലും സംഘവും കാണിക്കാതിരുന്നതിനാൽ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യം ആശുപത്രി സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിന്‍റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. എന്‍റെ സഹോദരങ്ങൾ അവിടെ യാതന അനുഭവിക്കുകയാണ്' -ഐഷ ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ. പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (ഫയൽചിത്രം) ഞങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുന്നു പ്രഫുല്‍ പട്ടേല്‍ ദ്വീപിനെ മറ്റെന്തോ ലക്ഷ്യത്തിനായി തകർക്കുകയാണെന്നും ഇതിനു പിന്നിൽ നീണ്ട വർഷങ്ങൾ മുന്നിൽ കണ്ടുള്ള ചില പദ്ധതികൾ ഉണ്ടെന്ന്​​ സംശയിക്കുന്നതായും​ ഐഷ ചൂണ്ടിക്കാട്ടുന്നു. 'ദ്വീപിനെ അടിമുടി കാവിവത്​കരിച്ച്‌ സാമൂഹിക ഐക്യവും സമാധാനവും തകർത്ത് പുറത്തുനിന്നുള്ള ആളുകളെ തിരുകിക്കയറ്റി ദ്വീപിൽ മറ്റെന്തോ ലക്ഷ്യം സാധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിലൂടെ ശ്രമിക്കുന്നത്. ഞങ്ങളുടെ ജനതയുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്.

തീരസംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താത്​കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്‍റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൾക്ക്​ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന ചട്ടവും കൊണ്ടുവന്നു. ജില്ലാ പഞ്ചായത്തിന്‍റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകൾ വെട്ടിക്കളഞ്ഞു. ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു'- പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ ഐഷ സുല്‍ത്താന എണ്ണിയെണ്ണി പറയുന്നു.

പ്രതികരിക്കുന്നവരെ കേസിൽ കുടുക്കി വേട്ടയാടുന്നു ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്‍റെ നീക്കമെന്ന്​ ഐഷ ആരോപിക്കുന്നു. സാധാരണക്കാരായ പാവപ്പെട്ട മുസ്​ലിംകളുടെ സമാധാന ജീവിതം ഇല്ലാതാക്കുകയെന്നത്​ തീര്‍ത്തും രാഷ്​ട്രീയ പകപോക്കലാണ്. 'മുസ്​ലിംകളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാഷിസ്റ്റ്​ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണിവിടെ. ശരിക്കും പുകച്ചുപുറത്തു ചാടിക്കുക എന്ന നയമാണ്​ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. പ്രതികരിക്കുന്ന ആളുകളെ മുഴുവൻ കേസിൽ കുടുക്കി വേട്ടയാടുകയാണ്​. പ്രതികരിക്കാൻ ശ്രമിക്കുന്ന ആളുകളെ മുഴുവൻ ഇങ്ങനെ ഭയപ്പെടുത്തി വേട്ടയാടുന്ന ഫാഷിസ്‌റ്റ് രീതി വെറും എഴുപതിനായിരം സാധാരണ മനുഷ്യരുള്ള ദ്വീപിൽ കേന്ദ്രവും പ്രഫുൽ പട്ടേലും നടപ്പിലാക്കുന്നത്​ എന്തിനെന്ന്​ മനസ്സിലാകുന്നേയില്ല'- ഐഷ പറയുന്നു.

ലക്ഷദ്വീപിലെ പാവപ്പെട്ട മുസ്​ലിംകളുടെ ജീവന്‍ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരപ്രവര്‍ത്തകരും ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നുമാണ്​ ഐഷ അഭ്യർഥിക്കുന്നത്​. 'ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്​. കേരളത്തിൽ നിന്നും വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി അമ്പലം പണിത് കൊടുത്തവരാണ്​ ഞങ്ങൾ. ആ ഞങ്ങ​ളെ കേന്ദ്രം ദ്രോഹിക്കുന്നത് ഏതു ദൈവത്തിനാണ് ഇഷ്​ടമാവുക? ഈ മണ്ണ് ഞങ്ങൾ ആർക്കാണ് വിട്ടുകൊടുക്കേണ്ടത്?' -ഐഷ സുൽത്താന ചോദിക്കുന്നു.

മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപിലെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ നിവേദനത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും ശ്രദ്ധയില്‍ പല തവണ കൊണ്ടുവന്നിട്ടുണ്ട്​. ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത 'ഫ്ലഷ്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്.

കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY