DweepDiary.com | ABOUT US | Friday, 29 March 2024

ആര്‍ ടി ഐ: അപേക്ഷകന്റെ വിലാസം നിര്‍ബന്ധമില്ല

In interview Special Feature Article BY Admin On 14 April 2014
ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ പോസ്റ്റ്‌ബോക്‌സ് നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അപേക്ഷകന്റെ വിലാസം വേണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ . കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പേഴ്‌സണല്‍ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥതയുള്ള എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയത്.
അപേക്ഷകന്‍ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉദ്യോഗസ്ഥനും അപേക്ഷകനും തമ്മിലുള്ള കത്തിടപാടുകള്‍ക്കുവേണ്ടി പോസ്റ്റ് ബോക്‌സ് നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ആരായേണ്ടതില്ല. പോസ്റ്റ് ബോക്‌സ് നമ്പര്‍ തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് വിവരങ്ങള്‍ ആരായാം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപേക്ഷകന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വെബ്‌സൈറ്റ് അടക്കമുള്ളവയില്‍ അപേക്ഷകന്റെ വിവരങ്ങള്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭിഷേക് ഗോയങ്ക സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിവരവാകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്റെ വിശദമായ മേല്‍വിലാസം ആവശ്യപ്പെടരുതെന്ന് നിര്‍ദ്ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൂര്‍ണമായ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അപേക്ഷന്റെ ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യം ഒരുക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്നും ചൂണ്ടിക്കാട്ടിയുന്നു.
ഹര്‍ജി തീര്‍പ്പാക്കിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് എല്ലാ മന്ത്രാലയങ്ങള്‍ക്കും അയയ്ക്കണമെന്നും വിവരാവകാശ പ്രവര്‍ത്തകരുടെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അയച്ചത്. വിവരാവകശാ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാന കാല്‍വെപ്പാണ് കോടതിവിധിയെന്ന് കമാന്‍ഡര്‍ (റിട്ട.) ലോകേഷ് കെ ബഹ്‌റ അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നുവെന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത് അദ്ദേഹമാണ്.
കോടതി ഉത്തരവ്

SHARE YOUR FEEDBACK

RECENT IN THIS CATEGORY