DweepDiary.com | Friday, 23 April 2021

ലക്ഷദ്വീപിൽ പോയി വരാം - പാക്കേജിൽ പോകാൻ ബുദ്ധിമുട്ടുള്ളവ൪ക്ക് ടിക്കറ്റ് തുക 390 മുതൽ 590 രൂപ വരെ !!!

In interview Special Feature Article / 26 March 2021
(ഈ പോസ്റ്റ് പരമാവധി share ചെയ്യുക)

കേട്ട പാതി ഓടണ്ട. കുറച്ച് റിസ്ക് ആണ്. നേരത്തെ ഇട്ട പോസ്റ്റിൽ സ൪ക്കാ൪ പാക്കേജിൽ ലക്ഷദ്വീപ് കാണാനുള്ള മാ൪ഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നമ്പറും പാക്കേജ് തുകയും ഒക്കെ പോസ്റ്റ് ചെയ്തിരുന്നു. വളരെ ഉപകാരപ്രദമായിരുന്നു പോസ്റ്റ് എന്ന് വായനക്കാരുടെ പ്രതികരണത്തിൽ നിന്ന് മനസിലായി. (ആ പോസ്റ്റ് വായിക്കാത്തവ൪ ലിങ്കിൽ ക്ലിക്ക് ചെയ്യുക). പ്രൈവറ്റ് ഏജൻസികൾ ചില൪ നടത്തുന്ന ചൂഷണങ്ങളും ചില൪ പങ്ക് വെച്ചു. കുടുംബ ഗ്രൂപ്പുകളിലും കോളേജ് ഗ്രൂപ്പുകളിലും വരെ ലക്ഷദ്വീപിന്റെ പോസ്റ്റ് കറങ്ങി നടന്നു, സന്തോഷം...

പല സാധാരണക്കാരും സ൪ക്കാ൪ പാക്കേജിലെ ഏറ്റവും കുറഞ്ഞ തുകയായ 15000 രൂപക്ക് പോലും പോകാൻ സാമ്പത്തിക ഞെരുക്കത്തിന്റെ കാര്യം പങ്കുവെച്ചു. ചില൪ക്ക് കുടുംബസമേതം പോകുമ്പോൾ ഒരാൾക്ക് 15000 വെച്ച് ഇതൊരു വലിയ തുകയായി പോകുന്നു. അത്തരക്കാ൪ക്കുള്ളതാണ് ഈ പോസ്റ്റ്. പാക്കേജിൽ പോകാൻ ബുദ്ധിമുട്ടുള്ളവ൪ക്ക് ഏറ്റവും കുറഞ്ഞത് 390 മുതൽ 590 രൂപ വരെ കപ്പൽ ടിക്കറ്റിൽ ലക്ഷദ്വീപിൽ പോയി വരാം. സംഗതി എളുപ്പമല്ല. വലിയ റിസ്കുണ്ട്. ദ്വീപിലേക്കുള്ള പ്രധാന അനുവാദങ്ങളൊക്കെ പരിചയപ്പെടാം.

ലക്ഷദ്വീപിലേക്ക് വരാനുള്ള പ്രധാന വഴികൾ ഇങ്ങനെ..:
1. സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്ക് ഡ്യൂട്ടിയിൽ വരാം (സ൪ക്കാ൪ ഉത്തരവും തിരിച്ചറിയൽ രേഖയും ടിക്കറ്റും മതി)
2. വിനോദസഞ്ചാര പാക്കേജ് (റിസ്ക് കുറവ്, എളുപ്പം, നേരത്തെയുള്ള പോസ്റ്റ് കാണുക),
3. വ൪ക്കിങ്ങ് പെ൪മിറ്റ്- ജോലി ആവശ്യങ്ങൾക്ക് വരുന്നവ൪ക്കുള്ള 6 മാസത്തെ പെ൪മിറ്റ് (ദ്വീപുകാരൻ സ്പോണ്‍സ൪ ചെയ്യണം),
4. വിസിറ്റിങ്ങ് പെ൪മിറ്റ് (പരമാവധി ദ്വീപിൽ 14 ദിവസം തങ്ങാം). article from: www.dweepdiary.com

ഇതിൽ നമുക്ക് സാധ്യതയുള്ളത്. അവസാനത്തേയാണ് - വിസിറ്റിംഗ് പെ൪മിറ്റ്. ദ്വീപിലുള്ള പരിചയക്കാരനെ സന്ദ൪ശിക്കാനും വൻകരയിലുള്ള ദ്വീപുകാരുടെ അകന്ന ബന്ധുക്കൾക്കും വേണ്ടിയാണ് സത്യത്തിൽ ഇതേ൪പ്പെടുത്തിയത്. പരിചയമുള്ളവരെ കൊണ്ടുവരുന്നതാണ് സ്പോണ്‍സ൪ ചെയ്യുന്ന ദ്വീപുകാരനും സുഖം. ഇതിന്റെ ചെലവ് പാക്കേജിനേക്കാൾ വളരെ തുച്ഛമാണെങ്കിലും കടലാസ് വ൪ക്കും പെ൪മിറ്റ് പാസായി വരാനുള്ള താമസവും ഭയാനകമാണ്. ഏതായാലും ഇതിന്റെ രീതി പരിചയപ്പെടാം.

വിസിറ്റിംഗ് പെ൪മിറ്റ് എടുക്കുന്ന വിധം:
(1) ആദ്യം ദ്വീപുകാരനായ നിങ്ങളുടെ സ്പോണ്‍സ൪ നിങ്ങൾ പോകേണ്ട ദ്വീപിലെ സബ് ഡിവിഷൻ ഓഫീസ് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ട൪ ഓഫീസിൽ നിന്നും ഒരു ഡിക്ളറേഷൻ ഫോം, അപേക്ഷ ഫോം 200 രൂപ അടച്ച് വാങ്ങണം (നിലവിലെ ഫീ). ഞാൻ എന്റെ സുഹൃത്തുക്കളെ ദ്വീപിലേക്ക് ക്ഷണിക്കുന്നു എന്നതാണ് ഇതിൽ സത്യവാങ്ങ് മൂലം നൽകേണ്ടത്. ഒരാൾക്ക് ഒറ്റ ഫോമാണ്. എന്നാൽ ഫാമിലിക്ക് നാല് പേരെ ഒറ്റ ഫോമിൽ ചേ൪ക്കാം. അതായത് കോളേജിൽ നിന്ന് വരുന്ന 20 പേരെങ്കിൽ (സ്പോണ്‍സ൪ വിയ൪ത്ത് പോകും) 20 ഫോം വാങ്ങണം. 20 സത്യവാങ്ങ് മൂലം നൽകണം...
(2) ഇതേ സമയം ദ്വീപിൽ പോകേണ്ട വ്യക്തി സ്വന്തം റേഞ്ചിലെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു police clearance certificate (PCC) കരസ്ഥമാക്കുക. ഇയാളുടെ പേരിൽ ഈ ജില്ലയിൽ കേസും കൂട്ടവും ഇല്ലെന്നാണ് ഇതിലെ ഇതിവൃത്തം. വല്ല ക്രിമിനൽ നടപടികളും നേരിടുന്നു എങ്കിൽ നിങ്ങളുടെ പെ൪മിറ്റ് തിരസ്കരിക്കും.
(3) സ്പോണ്‍സ൪ വാങ്ങിച്ച ഫോമുകൾ പൂരിപ്പിച്ചത്, പോലീസ് ക്ലിയറൻസ് സ൪ട്ടിഫിക്കറ്റ്, നിങ്ങളുടെ മൂന്ന് പാസ്പോ൪ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ടോ അല്ലെങ്കിൽ പോസ്റ്റ് വഴിയോ കൊച്ചിയിലെ വില്ലിംഗ്ടെണ്‍ ദ്വീപിലെ ലക്ഷദ്വീപ് ഓഫിസിലെ ബന്ധപ്പെട്ട സെല്ലിൽ സമ൪പ്പിക്കുക. ലക്ഷദ്വീപ് ഹെറിറ്റേജ് ഫീ എന്ന് വിനോദ സഞ്ചാരവകുപ്പിന് ഒരു 200 രൂപ അടക്കുക, ആ റസീപ്റ്റ് കൂടി സമ൪പ്പിക്കുക. ഏറ്റവും കുറഞ്ഞത് 1 മാസം മുതൽ 3 മാസം വരെ സമയം എടുക്കും പെ൪മിറ്റ് ലഭിക്കാൻ (മെയ് മുതൽ സെപ്റ്റംബ൪ 15 വരെ മണ്‍സൂണ്‍ കാലമാണ്. പൊതുവിൽ കപ്പൽ യാത്രക്ക് ഉചിതമല്ല. മോശം കാലാവസ്ഥയും കടൽ ചൊരുക്കും അവശത നൽകും).
(4) പെ൪മിറ്റ് തയ്യാറാവുമ്പോൾ ഓഫീസിൽ നിന്ന് ഒരു വിളി പ്രതീക്ഷിക്കുക. ഏത് ഡേറ്റിലാണ് പെ൪മിറ്റ് പാസാക്കേണ്ടത്, ചിലപ്പോൾ നമ്മൾ എഴുതിയ ഡേറ്റ് ഒക്കെ കഴിഞ്ഞ് കാണും. അപ്പോൾ (www.lakport.nic) എന്ന വെബ്സൈറ്റിൽ കയറി കപ്പൽ ടിക്കറ്റ് ലഭ്യത ഉറപ്പാക്കുക. ടിക്കറ്റ് എടുത്ത ശേഷം മാത്രം പെ൪മിറ്റ് പ്രിന്റ് വാങ്ങുക. കാരണം ടിക്കറ്റ് കിട്ടാൻ വളരെ പ്രയാസമാണ്. എന്നാൽ അഗത്തി ദ്വീപിലേക്ക് പോകുന്നവ൪ക്ക് വിമാനം വഴിയും പോകാം. ഒരു കപ്പലിൽ പെ൪മിറ്റ് ക്വാട്ട വളരെ പരിമിതമാണ്. ടിക്കറ്റ് ക്യൂവിൽ രണ്ട് മൂന്ന് ദിവസം നിൽക്കേണ്ടിയും വരും.

ഇതിനൊക്കെ നിങ്ങളുടെ സ്പോണ്‍സറുടെ സഹായം ആവശ്യമായി വരും. പെ൪മിറ്റ് വഴി ദ്വീപിൽ എത്തിയ ഉടനെ ആദ്യം ചെയ്യേണ്ടത് ദ്വീപിലെ പോലീസ് സ്റ്റേഷനിൽ ഹാജരായി നിങ്ങളുടെ പെ൪മിറ്റിൽ എൻട്രി സീൽ പതിപ്പിക്കണം. തിരിച്ച് നാട്ടിലേക്ക് കപ്പൽ കയറുമ്പോൾ എക്സിറ്റ് സീലും പതിപ്പിക്കണം. സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാണ് ഈ രണ്ട് പ്രാവശ്യമുള്ള സ്റ്റേഷൻ കയറ്റം. തിരിച്ച് പോകാനുള്ള ടിക്കറ്റിന് കൂടി അന്ന് തന്നെ ശ്രമം തുടരണം. കാരണം, ഉദ്ദേശിച്ച സമയത്ത് ടിക്കറ്റ് ലഭിക്കത്തില്ല. പെ൪മിറ്റ് കൊണ്ട് ഒറ്റദ്വീപ് മാത്രമെ സന്ദ൪ശിക്കാൻ സാധിക്കുകയുള്ളു.

ചെലവുകൾ:
* നിങ്ങൾ പോകാനുദ്ദേശിക്കുന്ന ദ്വീപ് അനുസരിച്ചായിരിക്കും ടിക്കറ്റ് ചാ൪ജ്ജ്. കൊച്ചിയിൽ നിന്ന് ഏറ്റവും അടുത്ത കൽപേനി, ആന്ത്രോത്ത് ദ്വീപുകളിലേക്ക് 390 രൂപയും ഏറ്റവും ദൂരെയുള്ളതും വിനോദ സഞ്ചാരത്തിന് പേര് കേട്ടതുമായ അഗത്തി ദ്വീപിലേക്ക് 590 രൂപയുമാണ് ബങ്ക് ക്ലാസ് ചാ൪ജ്ജ്. നിങ്ങൾ ഫസ്റ്റ്, സെക്കൻഡ് ക്ലാസ് ടിക്കറ്റാണ് എടുക്കുന്നത് എങ്കിൽ വിലയിൽ മാറ്റം വരും.
* ലോഡ്ജ് ചാ൪ജ്ജ് 350 മുതൽ 650 വരെ സാധാ മുറികൾക്കും ഏസി മുറികൾക്ക് 1500 മുതലുമാണ് ചാ൪ജ്ജ്.
* മീൻ വിഭവങ്ങളായിരിക്കും അധികവും (അമോണിയയും ഐസും തൊടാത്ത മീനായിരിക്കും ലഭിക്കുക).
* ഡൈവിങ്ങ് വിത്ത് അണ്ട൪ വാട്ട൪ വീഡിയോ 2000 മുതലാണ് തുക. മറ്റു ജലകേളികൾക്കും തുക നൽകേണ്ടി വരും.
* അഗത്തി ദ്വീപ് സന്ദർശിക്കുന്നവർക്ക് തൊട്ടടുത്തുള്ള ആൾ താമസം ഇല്ലാത്ത ബംഗാരം, തിണ്ണകര, പരളി ദ്വീപുകൾ കൂടി സന്ദർശിക്കാം. അതിന് അഗതി ദ്വീപിലെ ഡെപ്യൂട്ടി കളക്ടർ പെർമിറ്റ് നൽകണം. അഗതിയിൽ നിന്നും മേൽപറഞ്ഞ ദ്വീപിലേക്ക് ഒരു ബോട്ട് സംഘടിപ്പിക്കണം എങ്കിൽ 6000 രൂപ നൽകണം (നിലവിലെ ചാർജ്ജ്). പരമാവധി 15-20 പേർക്ക് ഒക്കെ ഒറ്റ ബോട്ടിൽ പോകാം. വലിയ സംഘങ്ങൾക്ക് ഇത് ലാഭമാണ്. പുലർച്ചെ 6 മുതൽ വൈകീട്ട് 6 വരെ മേൽ പറഞ്ഞ ദ്വീപുകളിൽ ഉല്ലസിക്കാം. ചിത്രത്തിൽ കാണുന്ന കൽപിട്ടി ദ്വീപിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം: പവിഴപ്പുറ്റുകൾ പറിച്ച് എടുക്കുകയോ നാട്ടിലേക്ക് കൊണ്ട് പോകാൻ എടുക്കുകയോ ചെയ്താൽ കുറഞ്ഞത് 25000 രൂപ പിഴയും 7 വ൪ഷം തടവും കിട്ടുന്ന കുറ്റമാണ്. സാഹസം കാണിക്കരുത്. ഫോട്ടോ എടുത്ത് സൂക്ഷിക്കാം.

ഏറ്റവും എളുപ്പവും സുരക്ഷിതവും സമയലാഭവും സ൪ക്കാരിന്റെ കീഴിലുള്ള വിനോദ സഞ്ചാര പാക്കേജ് തന്നെയാണ്. (സംശയങ്ങൾ inbox ചെയ്യുക, പരമാവധി share ചെയ്യുക, അപരിചിതരായ ആളുകളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിക്കരുത്.)

SHARE YOUR FEEDBACK

RECENT IN THIS CATEGORY