DweepDiary.com | ABOUT US | Friday, 29 March 2024

സ്വപ്നങ്ങൾക്കുമപ്പുറം... (ലക്ഷദ്വീപിലെ ആദ്യ സിനിമ നടന്‍ യാസര്‍ ആന്ത്രോത്തിനെക്കുറിച്ചുള്ള പ്രത്യേക ഫീച്ചര്‍)

In interview Special Feature Article BY Admin On 20 February 2018
ഇത് യാസർ. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശി. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളേക്കാൾ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെ താലോലിച്ച ഒരു ലക്ഷദ്വീപുകാരൻ!! സിനിമ എന്ന മായിക ലോകത്തിന്റെ വർണ്ണാഭമായ നഭസ്സിലേയ്ക്ക് ഒരു ഗോഡ്ഫാദറുടെയും പിൻബലമില്ലാതെ നടന്നു കയറുന്ന ദ്വീപുകാരുടെ പ്രിയപ്പെട്ട താരം... വർഷങ്ങൾക്ക് മുമ്പ് ഒരു മലയാളം ക്ലാസ്സിൽ "വളർന്നാൽ നിങ്ങൾക്കാരാവണം?" എന്ന സാറിന്റെ ചോദ്യത്തിന് അന്ന് വരെ സാറ് കേട്ടിരുന്ന ക്ലീഷേ ഉത്തരങ്ങൾക്ക് നേർവിപരീതമായി വെളുത്തു മെലിഞ്ഞൊരു ആൺകുട്ടി പറഞ്ഞത് "വളർന്നാൽ എനിക്കൊരു നടനാവണം" എന്നായിരുന്നു. ക്ലാസ്സിലെ കൂട്ടച്ചിരി നിർത്താൻ സാറിന് നന്നേ കഷ്ടപ്പെടേണ്ടി വന്നു. കാരണം, 'സ്വപ്നങ്ങൾക്കുമില്ലേ ഒരതിര് !?' എന്നു പാവം കുട്ടികൾക്ക് തോന്നിക്കാണും.


'ഒരിക്കലും നടക്കാത്ത ആ സ്വപനം' പങ്കുവച്ച കുട്ടി യാസർ ആയിരുന്നു. അന്നത്തെ ക്ലാസ്സിലെ കളിയാക്കിയുള്ള കുട്ടികളുടെ ചിരി തന്റെ സ്വപ്നം യാഥാർത്യമാക്കാനുള്ള വളമായി യാസർ കണ്ടു. പണ്ട്, കിട്ടാത്ത മുന്തിരി പുളിപ്പാണെന്ന് പറഞ്ഞ കുറുക്കന്റെ വംശപരമ്പരയിലെ ചിലർ "ഇയ്യാ.. നമ്മ സിൽമാ നടൻ" എന്നു പറഞ്ഞ് നാഴികയ്ക്ക് നാല്പത് വട്ടം യാസറിനെ കളിയാക്കുമായിരുന്നു. പക്ഷേ, ആ പരിഹാസങ്ങളിൽ പതറിപ്പോകുന്ന മനസ്സല്ലായിരുന്നു യാസറിന്. കാരണം, ആ പതിമൂന്നു വയസ്സുകാരന് സിനിമ ഒരു ലഹരിയായിരുന്നു. യാസറിന്റെ അഭിനയ മോഹത്തിന് താങ്ങും തണലുമായി ബാപ്പയും ഉമ്മയും അനിയൻ സിയാദും പിന്നെ പ്രിയപ്പെട്ട കൂട്ടുകാരൻ അസ്ഹറുമുണ്ടായിരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ വിശേഷ ദിനങ്ങളിൽ യാസർ തന്റെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു. പ്ലസ് ടു കാലഘട്ടത്തിന് ശേഷം, നല്ലൊരു ഗായകൻ കൂടിയായ യാസർ തിരഞ്ഞെടുത്തത് BA Music ആയിരുന്നു. ഒരു ദ്വീപുകാരൻ മ്യൂസിക് ബിരുദ കോഴ്സ് പഠിച്ചാൽ ജീവിതം ചോദ്യചിഹ്നമായി മാറുമെന്ന് അന്ന് പലരും പറഞ്ഞു. പക്ഷേ, സിനിമ എന്ന തന്റെ വലിയ സ്വപനത്തിലേയ്ക്കുള്ള കോണിയായാണ് യാസർ സംഗീത ബിരുദ കോഴ്സ് കണ്ടത്; മാത്രവുമല്ല സംഗീതത്തോടുള്ള ഭ്രമവും അദ്ദേഹത്തിനുണ്ടായിരന്നു. ഏതൊരു സിനിമാനടനെയും പോലെ യാസറിനും വിധി കരുതി വെച്ചത് അവഗണനയുടെയും പരിഹാസത്തിന്റെയും ദിനങ്ങളായിരുന്നു. കയ്പേറിയ ആ ദിനങ്ങളിൽ "യാസർ എന്ന അഭിനേതാവിനെ അംഗീകരിക്കുന്ന ഒരു ദിനമുണ്ടാകും" എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കൂട്ടുകാരൻ അസ്ഹർ ആശ്വസിപ്പിക്കുമായിരുന്നു. രണ്ട് പേരും ഒത്തുചേരുമ്പോൾ സിനിമ മാത്രമായിരുന്നു അവർക്ക് സംസാരിക്കാനുണ്ടായിരുന്നത്!!


ഒഴിവ് ദിവസങ്ങൾക്ക് പുറമെ സമയം കണ്ടെത്തി മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സെറ്റുകളിലും യാസർ പോകുമായിരുന്നു. ചാൻസ് ചോദിക്കുക എന്നതിലുപരി അഭിനേതാക്കളുടെ അഭിനയം നേരിൽ കാണുകയും തിരിച്ച് റൂമിൽ വന്ന് കണ്ണാടിയുടെ മുമ്പിൽ അഭിനയിച്ച് പരിശീലിക്കുകയും ചെയ്യുമായിരുന്നു. ബാലികേറാ മല പോലെ ഒരു ദ്വീപുകാരന്റെ സ്വപ്നമായ സിനിമ എന്ന വിഹായസ്സിലേയ്ക്ക് ആദ്യ ചുവടുവയ്പെന്നോണം 2005-ൽ 'സ്നേഹം' എന്ന സീരിയലിൽ ചെറിയൊരു വേഷം ചെയ്തു.തുടർന്ന് 2006-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോൺ മത്സരങ്ങളിലെ ' Best Actor' ആയും യാസർ തിരഞ്ഞെടുക്കപ്പെട്ടു. തന്റെ കോളേജിലെ കൂട്ടുകാരെ സാക്ഷിയാക്കി ബിഗ് സ്ക്രീൻ എന്ന വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ചെറിയൊരു ചുവടുവയ്പെന്നോണം 2006-ൽ 'ഔട്ട് ഓഫ് സിലബസ് ' എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ പ്രസ്തുത സിനിമ നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ബോക്സോഫീസിൽ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. ഈ കാലയളവുകളിൽ യാസർ ഒട്ടേറെ വീഡിയോ ആൽബങ്ങളിലും ആഡ് ഫിലിമുകളിലും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. Asianet Plus - ലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായിരുന്ന "The screen Test" ൽ സെമിഫൈനലിസ്റ്റായും കഴിവ് തെളിയിച്ചു. ഹിന്ദി ടെലിവിഷൻ രംഗത്ത് വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പരമ്പരയായ CID - യിൽ ഒരു പ്രധാന വേഷം ചെയ്തതോടെ യാസർ എന്ന അഭിനേതാവിന്റെ ഗ്രാഫ് ഉയരുകയായിരുന്നു.


അഭിനയത്തിലുള്ള അടങ്ങാത്ത മോഹവും മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നതിലുള്ള കഴിവായിരിക്കാം അദ്ദേഹത്തെ CID - യിലേയ്ക്ക് ക്ഷണിക്കാൻ കാരണം. ആ വർഷം തന്നെ സൂര്യ ടിവിയിലെ 'അച്ഛന്റെ മക്കൾ ' എന്ന സീരിയലിലും നല്ലൊരു വേഷം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജോലി രാജിവെച്ച് മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ പി.ചന്ദ്രകുമാറിന്റെ അസിസ്റ്റന്റായത് ഏവരെയും അതിശയിപ്പിച്ചു. എയർപോർട്ടിലെ ജോലി പോലും രാജിവച്ച് സിനിമയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാം. "മോസയിലെ കുതിര മീനുകൾ" എന്ന ചിത്രത്തിൽ ആസിഫ് അലിയുമായുള്ള കോമ്പിനേഷൻ സീനുകളിൽ യാസർ തകർത്തഭിനയിച്ചു. വളരെ തന്മയത്വത്തോടെയുള്ള അദ്ദേഹത്തിന്റെ അഭിനയം ഒരു ദ്വീപുകാരനെന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. ശേഷം പൃഥിരാജിന്റെ "അനാർക്കലി" യിൽ ചെറിയൊരു വേഷം ചെയ്തു. 'കടങ്കഥ' എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്തും യാസർ തന്റെ കഴിവ് തെളിയിച്ചു. അഗത്തി ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്ററേച്ചര്‍ ക്ലബിന്റെ ബാനറില്‍ ലക്ഷദ്വീപിലെ ആദ്യ ഷോർട്ട് ഫിലിമായ Zero by Hundred'ൽ (Direction:Azar ) നായക വേഷം ചെയ്ത് ദ്വീപിലെ സിനിമാ മോഹികളുടെ സ്വപ്നങ്ങൾക്ക് തിരികൊളുത്തി. തുടർന്ന് നിരവധി ഹ്രസ്വചിത്രങ്ങളിലെ അവിഭാജ്യഘടകമായി അദ്ദേഹം മാറി. ദേശീയതല ഹ്രസ്വചിത്രമത്സരത്തിൽ വിജയം നേടിയ 'അവസരം' (Direction: Akarsh Kottola ), ട്വൻറി ടു അവേഴ്സ് (Direction: Awri Rahman), സെൽഫി (Direction: Ziyad Alsabha), മിഡ്നൈറ്റ് (Direction: Dr.Riyas), ഉമ്മ (Direction: Ziyad Alsabha) തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിൽ തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചു.ഇപ്പോൾ തിയറ്ററുകളിൽ ഹിറ്റിലേയ്ക്ക് കുതിക്കുന്ന Dr. Siju Jawahir - ന്റെ 'കഥ പറഞ്ഞ കഥ' - യിൽ യാസർ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.


സ്വാഭാവിക അഭിനയമികവ് കൊണ്ടാണ് യാസർ ദ്വീപിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്. തനിക്ക് ലഭിക്കുന്ന റോൾ അത് എത്ര ചെറുതായാലും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. യാസറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ സിഞ്ചാർ (Direction: Sandeep Pampity), ഗീതുമോഹൻദാസ്, രാജീവ് രവി ടീമിന്റെ 'മൂത്തോൻ' എന്നിവയാണ്.ഭൂപ്രകൃതി കൊണ്ട് തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ലക്ഷദ്വീപിൽ നിന്നും മലയാള സിനിമാലോകത്തേയക്ക് സ്വപ്രയത്നം കൊണ്ട് തന്റേതായൊരു വ്യക്തിത്വം നേടിയെടുക്കാൻ യാസറിന് സാധിച്ചു എന്നത് ഓരോ ദ്വീപുകാരനും അഭിമാനിക്കാം.' മൂത്തോൻ' എന്ന ചിത്രത്തിലെ യാസറിന്റെ അഭിനയമികവ് കണ്ട് ഗീതുമോഹൻദാസ്, രാജീവ് രവി ടീമിന്റെ അടുത്ത ചിത്രത്തിൽ വലിയൊരു വേഷം യാസ റിന് വേണ്ടി അവർ മാറ്റിവച്ചു എന്നത് അദ്ദേഹത്തിന്റെ കഴിവിന് ലഭിച്ച ഏറ്റവും വലിയൊരു അംഗീകാരം തന്നെയാണ്.'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിലാണ് ദ്വീപിലെ ചിലർ അദ്ദേഹത്തിന്റെ കഴിവിനെ കാണുന്നത്. ലക്ഷദ്വീപിലെ കലാസ്വാദകർക്ക് യാസറിന്റെ കഴിവിൽ മതിപ്പുണ്ട്, അതിലുപരി അഭിമാനവും. സ്വന്തം പ്രശസ്തി നാഴികയ്ക്ക് നാല്പത് വട്ടം FB, whats app സ്റ്റാറ്റസുകളിൽ കുത്തിനിറയ്ക്കുന്ന 'ചിലരി'ൽ നിന്നും വ്യത്യസ്തനായ യാസർ എന്ന ദ്വീപുകാരുടെ സ്വന്തം താരത്തെ ഇതിനോടകം തന്നെ കലാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു എന്നത് വളരെ ശ്ലാഘനീയമായൊരു കാര്യമാണ്.


ഇപ്പോൾ ലക്ഷദ്വീപ് കലാ അക്കാദമി, കവരത്തിയിൽ മ്യൂസിക് ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ് യാസർ. ആന്ത്രോത്ത് സ്വദേശി ഫാത്തിമ ദിൽഷാദാണ് ഭാര്യ ; മകൻ മുഹമ്മദ് അയാൻ യൂസുഫ്. "കഥ പറഞ്ഞ കഥ" നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ നിറഞ്ഞ ചിരിയോടെ യാസറിന് പറയാനുള്ളത് ഇത്രമാത്രം: "കഠിന പരിശ്രമത്തിലൂടെ യാഥാർത്ഥ്യമാക്കാം. ആരും എന്തും പറഞ്ഞോട്ടെ, പരിഹസിച്ചവർ പോലും നിങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുന്നൊരു കാലം വരും, അതുവരെ പരിശ്രമം തുടരുക"...


ഇത് കേട്ടാവണം ദൂരെ ബഹറിലെവിടേയോ മോസയിലെ കുതിര മീനുകള്‍ വെള്ളത്തിലൂളിയിട്ട് തുള്ളികൊണ്ടേയിരുന്നു...

SHARE YOUR FEEDBACK

RECENT IN THIS CATEGORY