DweepDiary.com | ABOUT US | Saturday, 20 April 2024

(ഉള്ളത് പറഞ്ഞാല്‍...) "മാസില്‍ അഴിമതി മണക്കുന്നു.." ഡോ. സാദിഖ് മനസ് തുറക്കുന്നു.

In interview Special Feature Article BY Admin On 17 November 2017
ദ്വീപ് ഡയറിയുമായി ഒരു സംഭാഷണത്തിന് തയ്യാറായതിന് ഡോ. സാദിഖിന് നന്ദി പറഞ്ഞു കൊണ്ട് ആദ്യത്തെ ചോദ്യത്തിലേക്ക് കടക്കുന്നു.

? രാഷട്രീയത്തിൽ പലപ്പോഴും കഴിഞ്ഞുപോയതിനേക്കാൾ ഇനി എന്തു ചെയ്യാൻ കഴിയും എന്ന കാര്യത്തിനാണ് പ്രസക്തി. രണ്ട് ശക്തരായ രാഷ്ട്രീയ പാർട്ടികളെയും വെല്ലു വിളിച്ചു കൊണ്ട് ലക്ഷദ്വീപ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന JDU വിന്റെ ഉദ്ദേശമെന്താണ് ? ലക്ഷ്യമെന്താണ്?
Dr സാദിഖ്: പരസ്പരം പോരടിക്കുന്ന കോൺഗ്രസ്സിൽ നിന്നും നാഷണലിസ്റ്റ് കോൺഗ്രസ്സു പാർട്ടിയിൽ നിന്നും വ്യത്യസ്തമായി JDU വിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. (1) ലക്ഷദ്വീപിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ലക്ഷദ്വീപുകാർക്ക് ലക്ഷദ്വീപിനകത്തും പുറത്തും തൊഴിൽ കണ്ടെത്തുവാനും അതിന് വേണ്ടി പ്രവർത്തിക്കുവാനുമാണ് ജനതാദൾ ആദ്യമായി മുൻകയ്യെടുക്കാൻ പോകുന്നത്. (2) പിന്നെ നിലവാരം കുറഞ്ഞ് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയെ Integrated coaching ക്ലാസ് എന്ന, സ്കൂളിൽ ചെലവഴിക്കുന്ന സമയത്ത് തന്നെ എൻട്രൻസ് പരിശീലനം നൽകുന്ന പദ്ധതി ഡോ.കോയ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിക്കൊണ്ട് നിലവാരം കൂട്ടുക, ലക്ഷദ്വീപിന് മാത്രമായുള്ള MBBS ENGINEERING സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോൾ ദ്വീപിലെ മുഖ്യധാരാ രാഷ്ടീയ പാർട്ടികൾ മൗനം പാലിച്ചതിനാൽ ഇന്ന് കുട്ടികളെ അഖിലേന്ത്യാപരീക്ഷകൾ എഴുതാൻ പ്രാപ്തരാക്കേണ്ടത് നിർബന്ധമായി ഭവിച്ചു. ഈ സാഹചര്യത്തിലാണ് Integrated coaching ക്ലാസ് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. (3) മൂന്നാമതായി വരുന്നത് ഗതാഗതമാണ് ഒരു പ്രദേശത്തിന്റെ വികസനം ആ സ്ഥലത്തെ ഗതാഗത സംവിധാനങ്ങളുടെ വികസനവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. ലക്ഷദ്വീപിൽ ഇന്നുള്ള കപ്പലുകളും വെസ്സലുകളും എല്ലാം തന്നെ നിതീഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ സൂചിപ്പിച്ചവയാണ്. യാത്ര ചെയ്യുക എന്നുള്ളത് ഒരാളുടെ മൗലികാവകാശമാണ്. എനിക്ക് ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പോകണമെങ്കിൽ അല്ലെങ്കിൽ വൻ കരയിലേക്ക് പോകണമെങ്കിൽ കപ്പലില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഡെയ്ലി കണക്ടിവിറ്റി ഓരോ ദ്വീപിലേക്കും വൻ കരയിലേക്കും നടപ്പിലാക്കൽ സർക്കാരിന്റെ ബാധ്യതയാണ്. ഇതിനോടനുബന്ധിച്ച് ഗതാഗത മന്ത്രിയെ കാണുകയും പുതിയ കപ്പലുകൾ വേണമെന്നുള്ള ആവശ്യമുന്നയിച്ച് കൊണ്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെ സമഗ്ര വികസനത്തിന് JDU വിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

ലക്ഷദ്വീപിൽ സ്വതന്ത്രമായ ഒരു മാധ്യമം വേണം എല്ലാ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും ഒരേ സ്റ്റേജിൽ വരണം ജനങ്ങൾക്ക് അവരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങളുണ്ടാകണം അതിന് ദ്വീപ് ഡയറി പോലുള്ള മാധ്യമങ്ങൾ മുൻകൈയെടുക്കണം. വികസനത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയമായി മാറണം ലക്ഷദ്വീപ് രാഷ്ട്രീയം.


? ഡോ.കോയയുടെ മകൻ എന്നുള്ള നിലക്ക് ഒരു പാട് ജനപ്രീതിയുള്ള ഡോ.കോയ പടുത്തുയർത്തിയ പ്രസ്ഥാനത്തിൽ നിന്നും വിട്ട് JDU വുമായി പ്രവർത്തനം തുടങ്ങുമ്പോൾ ഒറ്റപ്പെടുന്നതായി തോന്നുന്നുണ്ടോ?

Dr സാദിഖ്: ഒറ്റപ്പെടൽ എന്നത് ഒരു പ്രശ്നമല്ല. ബംബൻ (ഡോ. കോയ) പറഞ്ഞു കേട്ടിട്ടുണ്ട് സെക്രട്ടറിയേറ്റിലേക്ക് ചില സമരങ്ങളൊക്കെ നടത്തുമ്പോൾ ചിലപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ ഒന്നോ രണ്ടോ പേരെ കാണുള്ളൂ എന്ന് അത് നോക്കിയിട്ടു കാര്യമില്ല. നമ്മൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ കഴിയുന്നത്ര മുന്നോട്ട് കൊണ്ട് പോകുക അതാണെന്റെ ലക്ഷ്യം. ബംബൻ (ഡോ. കോയ) മരിക്കുമ്പോൾ ജനതാദളിന്റെ പ്രസിഡണ്ടായിരുന്നു. ഇന്ന് ബംബന്റെ പാർട്ടി എന്ന് പറയുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ആശയപരമായി കോൺഗ്രസ് തന്നെയാണ് അത് കൊണ്ട് ബംബന്റെ പാരമ്പര്യം തിരിച്ച് കൊണ്ട് വരാൻ സോഷ്യലിസ്റ്റ് ആരയമുള്ള പാർട്ടിയുമായി വന്നതാണ് ഞാൻ. ഇതിൽ ഒറ്റപ്പെടുന്ന പ്രശ്നമില്ല.


? പി പി മുഹമ്മദ് ഫൈസലുമായി എന്തെങ്കിലും വ്യക്തിപരമായി പ്രശ്നങ്ങളുണ്ടോ?

Dr സാദിഖ്: ഒരു പ്രശ്നവുമില്ല. വ്യക്തിപരമായ വിരോധം NCP നേതാക്കളോടും ഇല്ല. ഫൈസൽ എന്റെ അനിയനെപ്പോലെയാണ് പക്ഷേ MP എന്നുള്ള നിലക്ക് ചെയ്യാത്ത കാര്യങ്ങളെ ഞാൻ വിമർശിക്കും.


? JDU-NCP ലയനം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയൊരു അവസരം കിട്ടുകയാണെങ്കിൽ ലയനത്തിന് ശ്രമിക്കുമോ?
Dr സാദിഖ്: തീർച്ചയായും JDU വിലേക്ക് NCP വന്നാൽ ലയനത്തിന് ഞങ്ങൾ തയ്യാറാണ്.


? കവരത്തിയിൽ വെച്ച് JDU നടത്തിയ ജോബ് ഫെയർ നല്ല ഒരു സംരംഭമായിരുന്നു. ജോബ് ഫെയറിൽ നിന്നും ജോലി ലഭിച്ച് ഇപ്പോഴും ആ ജോലിയിൽ തുടരുന്നവർ ഉണ്ടോ? എന്താണ് അനുഭവം?

Dr സാദിഖ്: ജോബ് ഫെയർ നടത്തിയത് JDU അല്ല. ഞാനാണ് അത് നടത്തിയതെങ്കിലും ഡോ കോയ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അത് നടത്തിയത്. എഴുപത് പേർക്ക് അവിടെ വെച്ചു തന്നെ നിയമനം ലഭിച്ചു അവരിൽ ചിലർ തിരിച്ച് പോയെങ്കിലും പലരും ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട്. ജനുവരിയിൽ ഒരു ജോബ് ഫെയർ കൂടി നടത്താൻ ശ്രമിക്കും. ലക്ഷദ്വീപിൽ മാത്രമേ സർക്കാർ ജോബ് ഫെയർ നടത്താത്തതുള്ളൂ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും സർക്കാർ തൊഴിൽ മേളകൾ നടത്തുന്നുണ്ട്. സർക്കാർ തൊഴിൽ മേള നടത്തിയാൽ എന്റെ ജോലി ഒന്നു കൂടി എളുപ്പമായിരിക്കും. ഈ കാര്യം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്കൊരു മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്.


? വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എതൊക്കെ ദ്വീപുകളിൽ അക്കൗണ്ട് തുറക്കാൻ പറ്റുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?
Dr സാദിഖ്: അഗത്തി, കല്പേനി, കടമത്ത് ,ചേത്‍ലാത്ത്, കിൽത്താൻ എന്നീ ദ്വീപുകളിൽ അക്കൗണ്ട് തുറക്കും. അമിനിയിൽ നല്ലൊരു പ്രകടനം കാഴ്ച വെയ്ക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.


? മാസ്സ് വിഷയം ഇപ്പോൾ ഒരു ചർച്ചാ വിഷയമാണല്ലോ. അതിനെക്കുച്ചെന്താണ് പറയാനുള്ളത്?

Dr സാദിഖ്: ഫോറിൻ മാർകറ്റിൽ മാസ്സ് വിൽക്കുന്നതിലൂടെ പുതിയൊരു കമ്പോളം കണ്ടെത്താൻ ശ്രമിച്ചതിനെ ഞാൻ അഭിനന്ദിക്കുന്നു പക്ഷേ ഫൈസൽ ചെയ്ത രീതി, അതിന്റെ നിയ്യത്ത് മാറിപ്പോയോ എന്നെനിക്കൊരു സംശയമുണ്ട് കാരണം ലക്ഷദ്വീപിലെ കൊപ്ര നമ്മൾ പുറത്തേക്ക് കൊടുക്കുമ്പോൾ മാർക്കറ്റ് റൈറ്റ് വ്യത്യാസം വരുന്നത് കൊണ്ട് കോഴിക്കോട് അല്ലെങ്കിൽ മംഗലാപുരത്ത് ഉള്ള ഒരു മാർക്കറ്റ് റൈറ്റ് ഫെഡറേഷൻ കർഷകർക്ക് കൊടുക്കുകയും ചെയ്യുമായിരുന്നു. മാസും കൊപ്ര പോലെത്തന്നെ വില വിത്യാസം വരുന്ന ഒരു സാധനമാണ്. കാര്യങ്ങൾക്ക് ഒരു സുതാര്യത വേണമായിരുന്നു. എസ് ആർ ടി സി കൊളൊംബൊ എന്ന ഒറ്റ കമ്പനിയെ മാത്രം എന്തു കൊണ്ട് തെരെഞ്ഞെടുത്തു അതിന് പകരം ഒരു ഓപ്പൺ ടെൻഡർ വിളിക്കാമായിരുന്നില്ലേ. ശ്രീലങ്കൻ കമ്പനിയുടെ ഇൻഡ്യൻ പ്രതിനിധി ഫൈസലിന്റെ ബന്ധുവായ മുഹമ്മദ് റാസി ആണ് എന്ന് കാണിച്ചു കൊണ്ട് കൊച്ചിയിലുള്ള ആക്സിലറേറ്റഡ് ഡീപ് ഫ്രീസ് കമ്പനി ഫെഡറേഷന് കൊടുത്ത ലെറ്ററിന്റെ കോപ്പി എന്റെ കയ്യിലുണ്ട്. ഫെഡറേഷൻ മുഹമ്മദ് റാസിയാണ് ശ്രീലങ്കൻ കമ്പനിയുടെ ഏജന്റ് എന്ന് കാണിച്ചു കൊണ്ട് സൊസൈറ്റികൾക്ക് നൽകിയ ലെറ്ററിന്റെ കോപ്പിയും എന്റെ പക്കലുണ്ട്. ചില സൊസൈറ്റികൾക്ക് എന്റെ പ്രതിനിധികളാണെന്ന് പറഞ്ഞ് NCP നേതാക്കളുടെ പേര് മുഹമ്മദ് റാസി എഴുതിക്കൊടുത്ത ലെറ്ററിന്റെ കോപ്പിയും എന്റെ കയ്യിലുണ്ട്. ഇതിൽ അഴിമതിയുടെ ലക്ഷണം ഞാൻ കാണുന്നുണ്ട്. ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സർക്കാരാണ്. എന്തു കൊണ്ട് ഫൈസലിന്റെ ബന്ധു ശ്രീലങ്കൻ കമ്പനിയുടെ പ്രതിനിധിയായി എന്നുള്ളതിന് തെളിവ് കിട്ടണം. ആദ്യത്തെ പത്ത് മെട്രിക് ടൺ മാസ്സ് കൊച്ചിയിലെ കമ്പനിക്ക് കൊടുത്തപ്പോൾ അവർ അതിന്റെ പൈസ ഫെഡറേഷന് കൊടുത്തു എന്നാൽ ആ മാസ്സ് ശ്രീലങ്കയിലേക്കയച്ചപ്പോൾ കൊച്ചിയിലെ കമ്പനിക്ക് ശ്രീലങ്കയിൽ നിന്നും ആ പൈസ കിട്ടിയില്ല. അതു കൊണ്ടാണ് കൊച്ചിയിലെ കമ്പനി പിന്നീട് മാസ്സെടുക്കാത്തത്. കൊച്ചിയിലെ കമ്പനി ശ്രീലങ്കയിലേക്കയച്ച മാസ് ആരാണേറ്റെടുത്തത് എന്തു കൊണ്ടാണ് മാസെടുക്കാമെന്ന കരാറുണ്ടായിട്ടും അത് ലംഘിച്ച കൊച്ചിയിലെ കമ്പനിക്കെതിരെ ഫെഡറേഷൻ നിയമ നടപടിക്ക് വേണ്ടി കോടതിയെ സമീപിക്കാത്തത്.


? മാസിന്റെ കാര്യത്തിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരോട് ഫൈസൽ ചോദിക്കുന്നത് അഴിമതി നടത്താനാണെങ്കിൽ നേരിട്ട് ബന്ധുവിനെക്കൊണ്ട് മാസ്സെടുപ്പിച്ചാൽ പോരായിരുന്നോ? ഫെഡറേഷനിലൂടെ മാസ്സെടുക്കേണ്ട കാര്യമെന്തായിരുന്നു എന്നാണ്? ഈ ചോദ്യത്തിന് എന്ത് മറുപടിയാണുള്ളത്?

Dr സാദിഖ്: ഫെഡറേഷന്റെ കയ്യിലുള്ള റിവോൾവിംഗ് ഫണ്ടുപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ മാസ്സ് ശ്രീലങ്കയിലെത്തിക്കാനാണ് ഫെഡറേഷനെ ഉപയോഗിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാസ്സ് വിഷയത്തിൽ ഞാൻ ബേപ്പൂരിൽ ചെന്ന് അതിനെപ്പറ്റി അന്വേഷിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷം ബേപ്പൂരിൽ വെച്ച് ഒരു പത്ര സമ്മേളനം നടത്തുകയും അതിന് ശേഷം അന്നത്തെ കാർഷിക മന്ത്രിക്ക് ഒരു നിവേദനം കൊടുക്കുകയും അതിൽ നിന്നും ഒരു നടപടി ഉണ്ടാകാതിരുക്കുകയും ചെയ്തപ്പോഴാണ് ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിന്റെ വിഷയത്തിൽ പാർലിമെന്റ് സ്ട്രീറ്റിൽ ധർണയും പാർലിമെന്റ് മാർച്ചും നടത്തുന്നത്. അങ്ങനെ മാധ്യമങ്ങളിൽ വന്ന് ചർച്ചയായി, രാകേഷ് എംപി പാർലിമെന്റിൽ അവതരിപ്പിച്ചതിന് വിഷയം അവതരിപ്പിച്ച ശേഷമാണ് ഫൈസൽ ഇതിനെപ്പറ്റി പാർലിമെന്റിൽ പ്രസംഗിക്കുന്നത്. ആ പ്രസംഗത്തിലും ഫൈസൽ പല കാര്യങ്ങളും മറച്ചുവെച്ചു.വെറും പാക്കിംഗ് മാറ്റുന്നതിനേക്കുറിച്ചും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടാൽ നഷ്ടപരിഹാരം കൊടുക്കണമെന്നും മാത്രമാണ് ഫൈസൽ പാർലിമെന്റിൽ പറഞ്ഞത്. ആരടുത്തു എന്നോ ആർക്കു കൊടുത്തു എന്നോ തുടങ്ങിയ കാര്യങ്ങളൊന്നും പാർലിമെന്റിൽ ഫൈസൽ പറഞ്ഞിട്ടില്ല.


? ഇത്രയും ശക്തമായ ആരോപണം ഉന്നയിക്കുന്ന നിങ്ങൾ മാസ്സ് വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ?
Drസാദിഖ്:ആവശ്യപ്പെട്ടിട്ടുണ്ട് നേരെത്തെ സൂചിപ്പിച്ച മെമ്മോറാണ്ടത്തിൽ ഈ കാര്യത്തിൽ ഒരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ശക്തമായ സമ്മർദ്ധം കേന്ദ്ര ഗവൺമെന്റിൽ ചെലുത്താൻ ശ്രമിക്കും.


? ലക്ഷദ്വീപിൽ മിനി അസംബ്ലി വരുന്നതിനെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
Dr സാദിഖ്: ലക്ഷദ്വീപിൽ ജനാധിപത്യപരമായ ഭരണം ഉണ്ടാകണം എന്നത് പണ്ട് മുതലേ ഡോ. ബംബന്റെ ഒരു ആഗ്രഹമായിരുന്നു. പഞ്ചായത്തും പ്രദേശ് കൗൺസിലും വരുന്നതിന് മുമ്പ് ഞങ്ങൾ ആവശ്യപ്പെടുന്ന ഒരു കാര്യമാണത്. ലക്ഷദ്വീപിൽ മിനി അസംബ്ലി നിർബന്ധമായും വരണം. ലക്ഷദ്വീപിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ലക്ഷദ്വീപുകാർക്ക് കിട്ടണം എന്നു തന്നെയാണ് JDU വിന്റെ നിലപാട്.


? JDU വിനെക്കുറിച്ച് പൊതുവെയുള്ള ആരോപണം പാർട്ടി വളർത്താൻ വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നാൽ മറ്റു പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല എന്നാണ്. ഈ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

Dr സാദിഖ്: താങ്കൾ മറ്റു രീതിയിലുള്ള പ്രവർത്തനം എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിച്ചത്?


? പൊതുവായിട്ടുള്ള പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം, ഉദാഹരണത്തിന് CPIM ലക്ഷദീപിൽ വന്നപ്പോൾ അവരുടെ പ്രസിഡണ്ട് ആരായിരുന്നു എന്നതിലുപരി അവർ ചെയ്ത സമരങ്ങളിലൂടെയും അവർ ഇടപെട്ട കാര്യങ്ങളിലൂടെയുമാണ് CPIM ന്റെ സാന്നിധ്യം ജനങ്ങൾ തിരിച്ചറിഞ്ഞത് അങ്ങനെയുള്ള ഏതു പ്രവർത്തനമാണ് JDU നടത്തിയിട്ടുള്ളത്?

Dr സാദിഖ്: ജനതാദൾ നിലവിൽ വന്നിട്ട് എതാനും മാസങ്ങളെ ആയിട്ടുള്ളൂ. കല്‍പേനിയിലെ ബാൻഡ് വിഡ്ത്ത് കൂട്ടുന്നതിന് വേണ്ടി ബി എസ് എൻ എൽ ഓഫീസിന്റെ മുമ്പിൽ ധർണ നടത്തി. ചരിത്രത്തിലാദ്യമായി മാസ്സ് വിഷയത്തിൽ പാർലിമെന്റ് സ്ട്രീറ്റിൽ ധർണ നടത്തി അങ്ങനെയുള്ള പല കാര്യങ്ങളിലും വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ JDU ഇടപെട്ടിട്ടുണ്ട്. അതായത് പ്രശ്നങ്ങളിൽ ഞങ്ങൾ ഇടപെടുന്നില്ല എന്നുള്ളത് തെറ്റായ ധാരണയാണ്. ഞാൻ ഒരു പാർട്ടി വളർത്തിക്കൊണ്ട് വരികയാണ് എല്ലാ സ്ഥലത്തും പാർട്ടി ഉണ്ടായാൽ മാത്രമേ കൂടുതൽ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ശക്തി ലഭിക്കുകയുള്ളൂ അത് കൊണ്ട് തന്നെ കൂടെ സംഘടനാ ശക്തി വർധിപ്പിക്കാനുള്ള പ്രവർത്തനവും നടത്തുന്നുണ്ട്.


? വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യുവാക്കൾ സ്ഥാനാർത്ഥികളായി വരുന്നതിൽ JDU വിന്റെ നിലപാടെന്താണ്?
Dr സാദിഖ്: ഫൈസലും ഹംദുള്ളയും സ്ഥാനാർത്ഥിയായി വന്നപ്പോൾ യുവാക്കൾക്കിടയിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു ആ വോട്ട് അവർക്ക് ലഭിക്കുകയും ചെയ്തു പക്ഷേ രണ്ട് പേരുടേയും അപക്വമായ തീരുമാനങ്ങൾ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അത് കൊണ്ട് തന്നെ എനിക്ക് പറയാനുള്ളതെന്തെന്ന് വെച്ചാൽ റിട്ടയേർഡായ ഉദ്യോഗസ്ഥരോ ഒരു സുപ്രഭാതത്തിൽ ഇറക്കുമതി ചെയ്തവരോ ആകരുത് പകരം രാഷ്ട്രീയപരമായി പക്വതയുള്ള യുവാക്കൾ വരണം എന്നാലേ അവർക്ക് ജനങ്ങൾക്ക് ഗുണം ചെയ്യുന്നവിധത്തിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.


? വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, CPIM, CPI തുടങ്ങിയ പാർട്ടികളിൽ ആരെങ്കിലുമായി സഖ്യമുണ്ടാക്കാൻ ആലോചിക്കുന്നുണ്ടോ?
Dr സാദിഖ്: ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ല. പിന്നെ ഇടതു പക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ അവസരം കിട്ടുകയാണെങ്കിൽ JDU അതിന് തയ്യാറാകും.


? അടുത്ത പാർലിന്റ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസും NCP യും മത്സരിച്ചാൽ താങ്കൾ ആരെ പിന്താങ്ങും?
Dr സാദിഖ്: JDU'വിനെ പിന്താങ്ങും (ചിരിക്കുന്നു). JDU വിന് സ്ഥാനാർത്ഥി ഉണ്ടായിരിക്കെ വേറൊരു പാർട്ടിയെ പിന്താങ്ങുന്ന പ്രശ്നമേ ഉദിക്കുന്നില്ലല്ലോ.

? വരാൻ പോകുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കാൻ പോകുന്ന വോട്ടർമാർക്ക് എന്ത് സന്ദേശമാണ് നിങ്ങൾ നൽകാനാഗ്രഹിക്കുന്നത്?
Dr സാദിഖ്:ലക്ഷദ്വീപിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും എന്നുറപ്പള്ളവർക്ക് വോട്ട് ചെയ്യാനാണ് എന്റെ അഭ്യർത്ഥന.


? ദ്വീപ് ഡയറിക്ക് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് നന്ദി. അസ്സലാമു അലൈക്കും
Dr സാദിഖ്:വ അലൈക്കുമുസ്സലാം...

SHARE YOUR FEEDBACK

RECENT IN THIS CATEGORY