DweepDiary.com | ABOUT US | Saturday, 20 April 2024

("ഉള്ളത് പറഞ്ഞാല്‍...") ലക്ഷദ്വീപ് എം പി പി. പി മുഹമ്മദ് ഫൈസലുമായി ദ്വീപ് ഡയറി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

In interview Special Feature Article BY Admin On 06 November 2017
(നീണ്ട ഇടവേളയ്ക്ക ശേഷം വായനക്കാരുടെ പ്രിയപ്പെട്ട "ഉള്ളത് പറഞ്ഞാല്‍..." എന്ന പംക്തിയുമായി വരികയാണ് ദ്വീപ് ഡയറി. ‌31.10.2017'നു ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും...)


ഹുമാനപ്പെട്ട എം പിയോട് ദ്വീപ് ഡയറിയുമായി സഹകരിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ചോദ്യങ്ങളിലേക്ക് കടക്കുന്നു. വിവാദമായി നിൽക്കുന്ന മാസ്സിനെക്കുറിച്ച് തന്നെയാണ് ആദ്യത്തെ ചോദ്യം.


? മാസിന്റെ പൈസ കൊടുക്കും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി . മാസിന് കിലോയ്ക്ക് പരമാവധി എത്ര പൈസ കൊടുക്കും?
പി.പി മുഹമ്മദ് ഫൈസൽ: ഞങ്ങൾ ഫിഷർമാൻമാരുമായി നടത്തിയ ചർച്ചയിൽ ഏകദേശം 350-400 രൂപ കിട്ടിയാൽ അവർ സംതൃപ്തരാണ് എന്നാണ് മനസ്സാക്കാൻ കഴിഞ്ഞത്. അത് മാത്രമല്ല അവർക്ക് ഇപ്പോഴുള്ള പ്രത്യേക സാഹചര്യം അറിയുകയും ചെയ്യാം.കൂടാതെ അവർക്ക് മുമ്പൊന്നും ഇത്രയും പൈസ പോലും കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം .

? മാസിന്റെ ലേലത്തിൽ കിലോയ്ക്ക് 212 രൂപ നിരക്കിലാണ് ഫെഡറേഷന് ലഭിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് നിങ്ങൾ പറയുന്ന 350-400 രൂപ കൊടുക്കാൻ സാധിക്കുക?
പി.പി മുഹമ്മദ് ഫൈസൽ: റിവോൾവിംഗ് ക്യാപ്പിറ്റൽ ഉപയോഗിച്ച് പൈസ കൊടുക്കാൻ ബോർഡ് ഓഫ് ഡയറക്ടേർസ് തീരുമാനം എടുത്ത് കഴിഞ്ഞതാണ്.

? എന്നിട്ടും എന്താണിത്ര വൈകാൻ കാരണം?
പി.പി മുഹമ്മദ് ഫൈസൽ: വൈകാൻ കാരണം യഥാർത്ഥത്തിൽ സൊസൈറ്റികൾ ഫെഡറേഷന് കൊടുക്കാനുള്ള പൈസയും ബുക്കിലെഴുതി വെച്ചിട്ടുള്ള കണക്കും തമ്മിലുള്ള വൈരുദ്ധ്യമാണ്. ഈ കാര്യത്തിൽ അഡ്മിനിസ്ട്രേറ്റർ നൽകിയ കർശന നിർദ്ദേശം എന്താണെന്നു വെച്ചാൽ ധൈസൈറ്റികളുടെ കയ്യിൽ പെസ ഉണ്ടെങ്കിൽ അതിൽ നിന്നും മാസിന്റെ പൈസ കൊടുത്തിട്ട് ഫെഡറേഷന്റെ കണക്കിൽ കാണിക്കുക ഇല്ലെങ്കിൽ റിവോൾ വിങ്ങ് ക്യാപിറ്റലിൽ നിന്നും കൊടുക്കുക എന്നുള്ളതാണ്.

? പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ NCP ക്ക് മാസ് വിഷയം ഒരു തിരിച്ചടിയാകുമോ?
പി.പി മുഹമ്മദ് ഫൈസൽ: ഫിഷർമാൻമാരെ സംബസിച്ചടത്തോളം ആരാണീ സംരംഭം പൊളിച്ചതെന്ന് ഓരോ ഫിഷർമാൻമാർക്കും നന്നായാട്ടറിയാം അത് കൊണ്ട് തന്നെ ഇതൊരു തിരിച്ചടിയാകുമെന്ന് ഞാൻ കരുതുന്നില്ല.


?എതിർ പാർട്ടികളിൽ നിന്നും എതിർപ്പ് നേരിട്ടു എന്ന് പറയുന്നു. ഇത് നേരത്തെ തന്നെ നിങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലേ?
പി.പി മുഹമ്മദ് ഫൈസൽ: ഒരിക്കലുമില്ല ഇത് പൊതുവായിട്ടുള്ള ഒരു കാര്യമല്ലേ ഇതിന് എതിർപ്പ് നേരിടുമെന്ന് കരുതേണ്ട കാര്യമെന്താണ്. അതു മാത്രമല്ല മാസെടുക്കുന്ന പദ്ധതി വെറും NCP യുടേത് മാത്രമാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുമില്ല . മാസ്സിന്റെ കാര്യത്തിൽ നടന്ന ടോപ് ലെവൽ രഹസ്യ യോഗത്തിൽ കോൺഗ്രസ്സിന്റെ ഒരു മെംബറെയും ഞങ്ങൾ പങ്കെടുപ്പിച്ചിരുന്നു എന്നിട്ടും ഇമ്മാതിരി ഒരെതിർപ്പ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചിലപ്പോൾ എതിർപാർട്ടിക്കാർ NCP ക്ക് ലഭിച്ചേക്കാവുന്ന പൊളിറ്റിക്കൽ മൈലേജ് തടയാൻ വേണ്ടി ചെയ്തതാവും പക്ഷേ അതിൽ വലിയ നഷ്ടം സംഭവിച്ചത് ലക്ഷദീപിലെ മത്സ്യ തൊഴിലാളികൾക്കാണ്.

?ഹെൽത്ത് ഇൻഷുറൻസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടോ?
പി.പി മുഹമ്മദ് ഫൈസൽ: തീർച്ചയായും ശ്രമിക്കുന്നുണ്ട്. ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരേയും അവരുടെ കുടുംബങ്ങളേയും മാറ്റി നിർത്തി ബാക്കിയുള്ള എല്ലാവർക്കും ഇൻഷുറൻസ് നൽകാനാണ് ശ്രമിക്കുന്നത്. യൂണിവേഴ്സൽ കവറേജ് എന്നറിയപ്പെടുന്ന ഈ പദ്ധതി നടപ്പിലാക്കാൻ ഇപ്പോൾ ഉള്ള ഫണ്ടു തന്നെ മതിയാകും. കാരണം ഗവൺമെന്റ് ഉല്യാഗസ്ഥരും അവരുടെ കുടുംബങ്ങളും പിന്നെ ഇ്പ്പോൾ ഇൻഷുറൻസ് ഇള്ളവരെയും മാറ്റി നിർത്തിയാൽ ഏകദേശം 1200 കുടുംബങ്ങൾ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. അവർക്ക് ഇൻഷുറൻസ് നൽകാൻ ഇപ്പോൾ റി എംബേഴ്സ്മെന്റിന് വേണ്ടി മാറ്റി വെച്ചിരിക്കുന്ന രണ്ടരക്കോടി രൂപ തന്നെ മതിയാകും. വരുന്ന ലക്ഷദ്വീപ് പിറവി ദിനത്തിൽ ബഹു. അഡ്മിനിസ്ട്രേറ്റർ അത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


? ജെ ഡി യു വിന്റെ നേതാവ് മർഹൂം ഡേ:കോയയുടെ മകൻ സാദിഖുമായി വ്യക്തി പരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?
പി.പി മുഹമ്മദ് ഫൈസൽ: ഒരിക്കലുമില്ല. സാദിഖ് ഡൽഹിയിൽ വരുമ്പോൾ എന്നെ വിളിക്കാറുണ്ട് ഞങ്ങൾ തമ്മിൽ വ്യക്തി പരമായ പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല.

JDU NCP ലയനത്തിന് സാധ്യതയുണ്ടോ? അതായത് Dr sadiq പാർട്ടി പ്രസിഡണ്ടും പി.പി മുഹമ്മദ് ഫൈസൽ എം പി യുമായി നില നിൽക്കുന്ന ഒരു അവസ്ഥ ഇനി ഉണ്ടാകുമോ?
പി.പി മുഹമ്മദ് ഫൈസൽ: അത് ഞാനല്ലല്ലോ തീരുമാനിക്കേണ്ടത് . പാർട്ടി ഇത് വരെ അങ്ങനെയൊരു ചർച്ച നടത്തിയിട്ടില്ല അത് മാത്രമല്ല JDU ഒരു വെല്ലുവിളിയായിട്ട് പാർട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല. കൂടാതെ NCP യുമായി താരതമ്യം ചെയ്യാൻ തക്കവണ്ണം വലിയൊരു പാർട്ടിയല്ല ഇപ്പോഴത്തെ ലക്ഷദ്വീപിലെ JDU. അങ്ങനെയൊരു സാഹചര്യം വന്നാൽ പാർട്ടി അതിനെക്കുറിച്ച് ആലോചിക്കും.

ലക്ഷദ്വീപിൽ മിക്ക ദ്വീപുകളിലും 3G വന്നു കൊണ്ടിരിക്കുകയാണ് പക്ഷേ നെറ്റ് വർക്ക് ജാമും കോൾ ഡ്രോപ്പും മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ഈ പ്രശ്നങ്ങൾ കുറക്കാൻ എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ?
പി.പി മുഹമ്മദ് ഫൈസൽ: കാൾ ഡ്രോപ്പ് ലക്ഷദ്വീപിൽ മാത്രമുള്ള പ്രശ്നമല്ല ഡൽഹിയിലൊക്കെ ഇത് വലിയ പ്രശ്നമാണ്. രണ്ട് ടവറുകൾ തമ്മിലുള്ള അകലം കൂടുമ്പോഴാണ് കോൾഡ്രോപ്പ് സംഭവിക്കുന്നത്. കുറച്ചു കൂടി വ്യക്തമായി പ്പറഞ്ഞാൽ നമ്മൾ വയർലെസ്സിൽ സംസാരിക്കുമ്പോൾ അതിനൊരു റെയ്ഞ്ചുണ്ട് അത് തീരുമ്പോൾ സിഗ്നൽ ഡ്രോപ്പാകും അങ്ങനെ വരുമ്പോൾ ആ ഡ്രോപ്പാകുന്ന സ്ഥലത്ത് സിഗ്നൽ ഡ്രോപ്പാകാതെ സഞ്ചരിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ടവർ. 3G വന്നതിന്റെ ഭാഗമായി നിലവിൽ വരേണ്ട ടവറുകൾ മുഴുവൻ വന്ന് കഴിയുമ്പോൾ കോൾ ഡ്രോപ്പ് ഒരു പരിധി വരെ ഇല്ലാതാകും. കാരണം സാറ്റലൈറ്റ് വഴി കോൾ ഡ്രോപ്പുണ്ടാകുന്ന സ്ഥലം തിരിച്ചറിഞ്ഞ് ആ സ്ഥലത്താണ് ടവറുകൾ സ്ഥാപിക്കുന്നത്.

? യുവാവായിരിക്കെത്തന്നെ പാർലിമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് താങ്കൾ. വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യുവാക്കൾ സ്ഥാനാർത്ഥികളായി വരുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
പി.പി മുഹമ്മദ് ഫൈസൽ: തീർച്ചയായും യുവാക്കൾ വരണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ലക്ഷദ്വീപിന്റെ സാഹചര്യത്തിൽ വിജയ സാധ്യതകൾ നോക്കുമ്പോൾ യുവാക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ട് പോകാറുണ്ട്. എന്നാൽ ജയിക്കുമെന്നുറപ്പുള്ള സീറ്റിൽ പാർട്ടിക്ക് യുവാക്കളെ മത്സരിപ്പിക്കാവുന്നതാണ്.

? ചീഫ് കൗൺസിലർ ചെയർപേഴ്സൺ മുതലായ സ്ഥാനങ്ങളിലേക്ക് യുവതീ യുവാക്കളെ കൊണ്ട് വരാൻ ശ്രമം നടത്തുമോ?
പി.പി മുഹമ്മദ് ഫൈസൽ: തീർച്ചയായും ശ്രമിക്കും. കഴിവുള്ളവർ DP യിലേക്കോ VDP യിലേക്കോ തെരെഞ്ഞെടുക്കപ്പെട്ട് വന്ന് കഴിഞ്ഞാൽ തീർച്ചയായും പാർട്ടി യുവക്കൾക്കനുകൂലമായി തീരുമാനമെടുക്കാൻ ശ്രമിക്കും.

?ഇപ്പോൾ പഞ്ചായത്ത് ഭരിച്ച് കൊണ്ടിരിക്കുന്ന NCP ഭരണത്തിൽ വന്നത് വിശ്വാസ വോട്ടെടുപ്പും അതിനോട് ബന്ധപ്പെട്ട കോലാഹലങ്ങൾക്കും ശേഷമാണ്. കുറഞ്ഞ കാലയളവിനുള്ളിൽ നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടോ ?
പി.പി മുഹമ്മദ് ഫൈസൽ: വേറൊരു പാർട്ടി ഭരണത്തിലിരിക്കുന്ന പഞ്ചായത്ത് ഭരിക്കാൻ തുടങ്ങുമ്പോൾ ഒരു പാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും.അഡ്മിനിസ്ട്രേറ്റർ വരാൻ താമസിച്ചു കൂടാതെ ഉദ്യോഗസ്ഥൻമാർ തുടക്കത്തിൽ നല്ല രീതിയിൽ സഹകരിച്ചിരുന്നില്ല യഥാർത്ഥത്തി ൽ പഞ്ചായത്ത് നല്ല രീതിയിൽ പ്രവർത്തിച്ച് തുടങ്ങിയത് ആദ്യത്തെ ആറ് മാസത്തിന് ശേഷമാണ്. എന്നിരുന്നാലും ഒരു പാട് കാര്യങ്ങളിൽ മുൻ കൈയ്യെടുക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ചേത്ത് ലാത്തിലെ ബോട്ട് ബിൽഡിംഗ് യാർഡിന്റെ പുനരുത്ഥാനം പിന്നെ കുട്ടികളുടെ യൂണിഫോം മുതലായ കാര്യങ്ങളിലൊക്കെ പെട്ടന്ന് തന്നെ ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടുണ്ട്.

? തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ലക്ഷദ്വീപുകാർക്ക് കൂടുതൽ സ്വയം ഭരണം കിട്ടണമെന്നും മിനി അസംബ്ലി വരണമെന്നുമൊക്കെ പ്രസംഗിച്ച ആളാണ് മർഹൂം Dr കോയാ. മിനി അസംബ്ലി യാഥാർത്യമാകുമോ?
പി.പി മുഹമ്മദ് ഫൈസൽ: ലക്ഷദ്വീപുകാർക്ക് സ്വയം ഭരണം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ കാര്യത്തെക്കുറിച്ച് ഞാൻ പാർലിമെന്റിൽ പ്രസംഗിച്ചിരുന്നു അതിന് ശേഷം പാർട്ടി ഭേദമന്യെ 45 എംപി മാർ ഒപ്പിട്ട ഒരു പെറ്റീഷൻ അഭ്യന്തര മന്ത്രാലയത്തിന് സ്പീക്കർ വഴി അയക്കുകയും മന്ത്രാലയം ആ പേരിൽ ഫയൽ തുറക്കുകയും ചെയ്തിട്ടുണ്ട്.ഞാൻ നടത്തിയ ഈ ശ്രമത്തിന്റെ ഫലമായിട്ടാണ് സ്ഥിരമായി വരുന്ന IAS ഒഫീസേഴ്സുകാരായ അഡ്മിനിസ്ട്രേറ്ററിൽ നിന്നും വ്യത്യസ്തമായി ഒരു പൊളിറ്റിക്കൽ നോമനിയായി ഫാറൂഖ് ഖാൻ സാഹബ് എത്തുന്നത്.

? മിനി അസംബ്ലിയെക്കുറിച്ച് പറയുമ്പോൾ മിക്കവരും പറയുന്നതാണ് നമുക്ക് സ്വയം ഭരിക്കാനുള്ള കഴിവില്ല . സ്വന്തമായി വരുമാനമില്ലാതെ നമ്മളെങ്ങനെ ഭരിക്കും ? ഇത്തരം ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയുന്നു?>
പി.പി മുഹമ്മദ് ഫൈസൽ: ഇന്നു വളർന്നു വരുന്ന ലക്ഷദ്വീപിലെ യുവാക്കൾ നല്ല വിദ്യാഭ്യാസമുള്ളവരും കഴിവുള്ളവരും ആണ് അവർക്ക് ലക്ഷദ്വീപിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. നമുക്ക് ഭരിക്കാൻ കഴിയില്ല എന്ന അഭിപ്രായത്തോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല. പിന്നെ സ്വയം പര്യാപ്തതയുടെ ആദ്യപടി എന്നുള്ള നിലയിൽ UTGST (ലക്ഷദ്വീപിലെ ഒരാൾ GST അടക്കുമ്പോൾ ലക്ഷദ്വീപിന് കിട്ടുന്ന ഷെയർ ) യെ കണക്കാക്കാം.പിന്നെ ലക്ഷദ്വീപിന് സ്വന്തമായി വരുമാനമുണ്ടാകുന്ന വിധത്തിലുള്ള പദ്ധതികൾ വരും കാലങ്ങളിൽ ആവിഷ്കരിക്കും.

? വരുന്ന പഞ്ചായത്ത് രൊരെഞ്ഞെടുപ്പിൽ സമ്മതിദാനവകാശം രേഖപ്പെടുത്താൻ പോകുന്ന വോട്ടർമാർക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്?
പി.പി മുഹമ്മദ് ഫൈസൽ: സ്വന്തം പാർട്ടി എന്തു ചെയ്താലും എന്റെ വോട്ട് പാർട്ടിക്ക് എന്ന് ചിന്തിക്കുന്നവർ ലക്ഷദ്വീപിൽ കുറഞ്ഞ് വരികയാണ് ഞാൻ മത്സരിച്ചപ്പോൾ എനിക്കിത്രയും ഭൂരിപക്ഷം കിട്ടാൻ കാരണം സ്വതന്ത്ര ചിന്താഗതിയുള്ള യുവാക്കളാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആരാണോ നല്ലത് ചെയ്യുന്നത് അവർക്ക് വോട്ട് ചെയ്യുക അപ്പോൾ മാത്രമേ തെരെഞ്ഞെടുക്കപ്പെട്ടവർക്ക് ജനങ്ങളെ പേടിയുണ്ടാവുകയുള്ളൂ. അത് കൊണ്ട് തന്നെ ചിന്തിച്ച് വോട്ട് ചെയ്യുക.

? ദ്വീപ് ഡയറിക്കൊപ്പം ഇത്രയും സമയം ചെലവഴിച്ചതിന് നന്ദി. അസ്സലാമു അലൈകും...
പി.പി മുഹമ്മദ് ഫൈസൽ: വ അലൈകുമ്മുസ്സലാം...

SHARE YOUR FEEDBACK

RECENT IN THIS CATEGORY