DweepDiary.com | ABOUT US | Thursday, 18 April 2024

ഉപ്പുവെള്ളം കുടിവെള്ളമാക്കുമ്പോള്‍ - കാവാലം ശശികുമാര്‍ (ജന്മഭൂമി ദിനപത്രം)

In interview Special Feature Article BY Admin On 18 June 2017
പണ്ടത്തെ കുട്ടനാടു പോലെയാണ് ഇപ്പോഴും ലക്ഷദ്വീപ്. നാളത്തെ ലക്ഷദ്വീപുകളെപ്പോലെയാവുകയാണ് നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളുമെന്നതാണ് ലക്ഷദ്വീപില്‍നിന്നുള്ള പാഠം. കുടിവെള്ള ക്ഷാമം, മാലിന്യ സംസ്‌കരണപ്രശ്‌നം, ഊര്‍ജ്ജക്ഷാമം, ഗതാഗത പ്രശ്‌നം… ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുമ്പോഴും അവയൊന്നും വേണ്ടത്ര സഹായിക്കാത്ത സാഹചര്യം. സ്വാശ്രയത്വം വേണമെന്നാഗ്രഹിക്കുകയും ഓരോ നിമിഷവും പരാശ്രയമില്ലാതെ പറ്റില്ലെന്നറിയുകയും ചെയ്യുന്ന അവസ്ഥാ വിശേഷം.

ലക്ഷദ്വീപ് 36 ദ്വീപസമൂഹങ്ങളാണ്. അവയില്‍ പതിനൊന്നെണ്ണം ഏറ്റവും പ്രധാനം. അതില്‍ പത്തില്‍ ആള്‍പ്പാര്‍പ്പുണ്ട്. വിനോദ സഞ്ചാരത്തിനു പേരുകേട്ട സ്ഥലം. പവിഴപ്പുറ്റും ഏറ്റവും ഗുണമൂല്യമുള്ള നാളികേരവും വിപുലമായ മത്സ്യ സമ്പത്തുമാണ് ദ്വീപിന്റെ സ്വത്ത്. ആകെ 32 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതാണ്.

അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്‌ലാത്, കട്മത്ത്, കവരത്തി, കല്‍പ്പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് ജനവാസമുള്ളത്. ദ്വീപു നിവാസികളുടെ ജീവിതമാര്‍ഗ്ഗം പ്രധാനമായും മത്സ്യബന്ധനമാണ്. ഡോക്ടര്‍മാരുള്‍പ്പെടെ, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഏറെയുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങള്‍ മുഴുവന്‍ മുസ്ലിം മതവിഭാഗത്തില്‍ പെടുന്നു. അവരെല്ലാം പട്ടികജാതി വിഭാഗത്തില്‍ പെടുന്നു. ഇത്രയുമായാല്‍ അവിടത്തെ സാമൂഹ്യ- സാമ്പത്തിക രേഖാ ചിത്രമായി.

ദ്വീപിന്റെ മുഖ്യപ്രശ്‌നങ്ങളിലൊന്ന് കുടിവെള്ള ലഭ്യതയാണ്. ഇന്നിപ്പോള്‍ ദ്വീപിന്റെയല്ല, ലോകത്തിന്റെയാകെ പ്രശ്‌നമായതിനാല്‍ ദ്വീപിലെ പരിഹാര ക്രിയയ്ക്ക് പ്രാധാന്യമേറെയുണ്ട്. ഭൂഗര്‍ഭജലമാണ് ആശ്രയം. അര മീറ്റര്‍ മുതല്‍ മൂന്നര മീറ്റര്‍വരെ ആഴമേയുള്ളു ഭൂഗര്‍ഭ ജല ലഭ്യതയ്ക്ക്. കിണറുകളിലെ ജലനിരപ്പ് വേലിയേറ്റത്തിനും ഇറക്കത്തിനും ആശ്രയിച്ച് ഏറിയും കുറഞ്ഞുമിരിക്കും. മഴ വെള്ളം സംഭരിക്കുന്നുണ്ടെങ്കിലും പോരാ. ദ്വീപില്‍ കടലിലെ ഉപ്പുവെള്ളം സംസ്‌കരിച്ച് ശുദ്ധജലമാക്കി വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് പരീക്ഷിക്കാന്‍ സ്ഥാപിച്ച പ്ലാന്റാണ് ഇന്ന് തലസ്ഥാന ദ്വീപായ കവരത്തിയിലെ ശുദ്ധജല വിതരണ സംവിധാനം. ദിനംപ്രതി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തനം. ഇതുകൊണ്ട് ആവശ്യം പൂര്‍ണ്ണമായും തികയുന്നില്ല. മറ്റ് ആറ് ദ്വീപുകളില്‍കൂടി ഈ സംവിധാനം നടപ്പാകുകയാണ്. ഇതോടെ കുടിവെള്ള പ്രശ്‌നത്തിനു ചില ദ്വീപിലെങ്കിലും പരിഹാരമാകും. ഇത് പല ദ്വീപുകളിലും പ്രാവര്‍ത്തികമാക്കാവുന്നതാണെന്ന് 12 വര്‍ഷം കാര്യമായ പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന കവരത്തിയിലെ പ്ലാന്റ് തെളിയിക്കുന്നു. യഥാര്‍ത്ഥത്തില്‍ കടല്‍വെള്ളം കൊണ്ട് പെയ്യിക്കുന്ന കൃത്രിമ മഴയിലൂടെയാണ് ഈ ശുദ്ധജലം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കടല്‍ജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രധാന ഭാഗം രണ്ട് വാട്ടര്‍ പമ്പുകളും ഒരു വാക്വം സംവിധാനവും ഫ്‌ളാഷ് ചേംബറുമാണ്. 27 എംബാര്‍ മര്‍ദ്ദം (കടലിനടിയിലെ മര്‍ദ്ദത്തിന്റെ യൂണിറ്റാണ് എംബാര്‍) കൊണ്ട് കടല്‍ വെള്ളം 22 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ച് ആ ചൂടുകൊണ്ട് നീരാവിയുണ്ടാക്കി പെട്ടെന്ന് 12 ഡിഗ്രിയിലേക്ക് തണുപ്പിച്ച് വെള്ളമാക്കി മാറ്റുന്നതാണ് പ്രക്രിയ. കടലിലനടിയിലാണ് ഈ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗം. 400 മീറ്റര്‍ ആഴത്തില്‍ 900 മുതല്‍ 1200 മീറ്റര്‍വരെ നീളമുള്ള പ്രത്യേകം നിര്‍മ്മിച്ച പൈപ്പിലാണ് പ്രവര്‍ത്തനം. വെള്ളം ചൂടാക്കാന്‍ പ്രത്യേകം ഊര്‍ജ്ജം ആവശ്യമില്ല. ഈ സാങ്കേതിക വിദ്യ ഇന്ത്യയുടെ സ്വന്തം കണ്ടെത്തലാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി നടത്തിയ ഗവേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2005ലാണ് കവരത്തിയില്‍ ആദ്യ പ്ലാന്റ് സ്ഥാപിച്ചത്. ലോ ടെമ്പറേച്ചര്‍ തെര്‍മല്‍ ഡീസാലിനേഷന്‍ എന്നാണ് സംവിധാനത്തിന്റെ പേര്. തിരമാലയും കാറ്റും വെള്ളച്ചാട്ടവും പ്രകൃതി വാതകവും സൗരോര്‍ജ്ജവുമല്ലാത്ത ഊര്‍ജ്ജോല്‍പ്പാദന പദ്ധതികൂടിയാണിത്. അത് ഇന്നും പ്രവര്‍ത്തിക്കുന്നു. പിന്നീട് രണ്ടു പ്ലാന്റുകള്‍കൂടി സ്ഥാപിച്ചു, 2011 -ല്‍. അഗത്തി, മിനിക്കോയ് എന്നീ ദ്വീപുകളില്‍. മറ്റു ദ്വീപുകളില്‍ പദ്ധതി നടപ്പാക്കാനാലോചിച്ച് തുടങ്ങിവെച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ല. ലക്ഷദ്വീപാണ് ഇത് നടപ്പാക്കാന്‍ ഏറ്റവും യുക്തമായ സ്ഥലം. കടലിന്റെ പ്രത്യേകതതന്നെ കാരണം. ഇത്രയേറെ ദൂരത്തില്‍ ആഴക്കുറവില്‍ പൈപ്പ് വിന്യസിക്കാന്‍ മറ്റു തീരങ്ങളില്‍ സാധിക്കില്ല. ചെന്നൈയില്‍ രണ്ട് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കവരത്തിയില്‍ ഒരു ലിറ്റര്‍ ശുദ്ധജലം 19 പൈസയ്ക്ക് ഉല്‍പ്പാദിപ്പിക്കാനാവുമ്പോള്‍ മറ്റിടങ്ങളില്‍ ചെലവേറും. ഗള്‍ഫ് രാജ്യങ്ങളിലാണ് കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റുകളും പദ്ധതികളും ഏറെ. അവിടങ്ങളില്‍ 50 രൂപയോളം ചെലവു വരുന്നുണ്ട് ഒരു ലിറ്റര്‍ ശുദ്ധജലം ഉല്‍പ്പാദിപ്പിക്കാന്‍. മഴവെള്ളംപോലെ ശുദ്ധമാണീ വെള്ളം. ഈ സാങ്കേതിക വിദ്യ മറ്റിടങ്ങളില്‍ അത്ര എളുപ്പമല്ല. പക്ഷേ നാളെ ഇതായിരിക്കാം വെള്ളംകുടി മുട്ടാതിരിക്കാനുള്ള മാര്‍ഗ്ഗം.

ദ്വീപ് പഠിപ്പിക്കുന്ന മറ്റൊന്നാണ് മാലിന്യ സംസ്‌കരണം. കുറച്ചു മാത്രം ആള്‍പ്പാര്‍പ്പുള്ള ദ്വീപിനും ഇന്ന് മാലിന്യ സംസ്‌കരണം പ്രശ്‌നമാണ്. പല കുടിവെള്ള സ്രോതസുകളും ഉപയോഗ ശൂന്യമായിട്ടുണ്ട്, മാലിന്യ പ്രശ്‌നം കൊണ്ട്. കരയുടെ അതേ പ്രശ്‌നങ്ങള്‍. ദ്വീപിലെ ഊര്‍ജ്ജ പ്രതിസന്ധിയാണ് മറ്റൊരു വിഷയം. ഡീസല്‍ സെറ്റുകളുപയോഗിച്ചാണ് ഊര്‍ജ്ജോല്‍പ്പാദനം ഇപ്പോള്‍. 8120 കിലോ വാട്ട് വൈദ്യുതി ഇങ്ങനെ ഉല്‍പ്പാദിപ്പിച്ച് കവരത്തിയില്‍ വിതരണം ചെയ്യുന്നു. മറ്റു ദ്വീപുകളിലും സമാനമായ സംവിധാനം. എന്നാല്‍, ഡീസല്‍ സംഭരണത്തിന് ദ്വീപില്‍ സൗകര്യമില്ല. ബാര്‍ജില്‍ അപ്പപ്പോള്‍ കൊണ്ടുവരണം.

ഒരു പെട്രോള്‍ ബങ്ക് സജ്ജമായെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ തടസവാദങ്ങളും മറ്റുമായി ബങ്ക് തുറക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ, ഒരു ഓട്ടോറിക്ഷയ്ക്ക് മാസം 20 ലിറ്റര്‍ പെട്രോളേ കിട്ടൂ. അതു തീര്‍ന്നാല്‍ വണ്ടി അടുത്ത മാസം വരെ ഒതുക്കിയിട്ടോളുക. അല്ലെങ്കില്‍ ലിറ്ററിന് 200 രൂപ മുതല്‍ മുകളിലേക്ക് കൊടുത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് രഹസ്യമായി വാങ്ങുക!! ഊര്‍ജ്ജോല്‍പ്പാദനത്തിന് സോളാര്‍ പ്ലാന്റും കാറ്റാടി യന്ത്രവും സ്ഥാപിച്ചു നോക്കി. വേണ്ടത്ര വിജയിച്ചില്ല. ചിരട്ടയില്‍നിന്ന് അത് കരിച്ച്, ഊര്‍ജ്ജമുണ്ടാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. വേണ്ടത്ര വിജയമായില്ല. ദ്വീപിന്റെ പ്രശ്‌നങ്ങളില്‍ ചിലതാണിവ. സ്വാശ്രയമാകുക ദ്വീപിന്റെ സ്വപ്‌നമാണ്. സാധ്യമാകുക എളുപ്പമല്ല. പക്ഷേ , കേരളത്തിനൊപ്പം രൂപം കൊണ്ട ഈ പ്രദേശത്ത് അവിടത്തെ സ്വന്തം ഉല്‍പ്പന്നമായ നാളികേരം സംസ്‌കരിച്ച് വിവിധോല്‍പ്പന്നങ്ങളുടെ വിതരണം നടത്തുന്ന സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് അത്ഭുതകരമാണ്. തേങ്ങയാണ് ദ്വീപുകളിലെ പ്രധാന കാര്‍ഷികോല്‍പന്നം. 2,598 ഹെക്ടര്‍ നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറില്‍ നിന്നും 22,310 തേങ്ങ ലഭിക്കുന്നു. പക്ഷേ, ദ്വീപില്‍ വിപുലമായ നാളികേര സംസ്‌കരണ സംവിധാനമില്ല, ഉണ്ടെങ്കില്‍ അത് തൊഴിലില്ലായ്മയ്ക്ക് പരിഹാരമായേനെ, പുതിയ തൊഴില്‍ സംവിധാനത്തിന് വഴി തുറന്നേനെ.
കുടിവെള്ളത്തിന്റെ കാര്യത്തിലെ സ്വന്തം കണ്ടെത്തലിന്റെ വഴിയില്‍ ദ്വീപിന് ഒരു സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളു- സ്വാശ്രയത്വത്തിലേക്കുള്ള വഴി. ലക്ഷദ്വീപിന് മറ്റു സംസ്ഥാനങ്ങള്‍ക്കും അങ്ങനെ അന്യരാജ്യങ്ങള്‍ക്കും മാതൃകയാകാവുന്നതേയുള്ളു, ലോക മാതൃക.


കടപ്പാട്: ജന്മഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY