DweepDiary.com | ABOUT US | Thursday, 18 April 2024

ആരാണ് ശ്രീമാന്‍ കടല്‍ ചൊറി? നിങ്ങൾ കേട്ടിട്ടുണ്ടോ ഇദ്ദേഹത്തെ?

In environment BY Admin On 09 April 2021
കടല്‍ ചൊറി (ജെല്ലി ഫിഷ്) കടലില്‍ ഒഴുകി നടക്കുന്നത് ബറ്ക്കത്താണെന്നും (ഐശ്വര്യം) ആ കാലഘട്ടത്തില്‍ മീന്‍ ധാരാളം കിട്ടുമെന്നും, മല്‍സ്യ ബന്ധനത്തിന്‍റെ തലസ്ഥാനം എന്ന്‍ വിശേഷിപ്പിക്കുന്ന അഗത്തി ദ്വീപുകാര്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ശരിയാണോ തെറ്റാണെന്നോ എന്ന്‍ വിശകലനം ചെയ്യുന്നത് അവിടെ നില്‍ക്കട്ടെ നമുക്ക് കടല്‍ ചൊറിയെക്കുറിച്ച് അല്‍പം മനസിലാക്കാം. പലരും കടല്‍ ചൊറി എന്ന ജെല്ലി ഫിഷിനെ അത്ര കാര്യമാക്കാറില്ല. സംഭവം ശരിയാണ് ആളൊരു പാവമാണ്. മിസ്കീന്‍!

ശ്വസനം, വിസര്‍ജ്ജനം എന്നിവയ്ക്കു പ്രത്യേകം അവയവം പോലും ഇല്ലാത്ത വിദ്വാന് തലച്ചോറ് പോലും ഇല്ല കേട്ടോ. ഒന്ന്‍ പറയാന്‍ വിട്ടു, പേരില്‍ ഒരു ഫിഷ് ഉണ്ടെങ്കിലും ആള്‍ മീന്‍ വര്‍ഗത്തില്‍ തന്നെയില്ല! ശരീര ഭാരത്തിന്‍റെ ഏതാണ്ട് 90% വും ജലമാണ്. ജെല്ലി ഫിഷുകള്‍ (കടല്‍ ചൊറി) നമ്മുടെ പവിഴപ്പുറ്റുകളുടെ കുടുംബത്തിലാണ്ഉള്ളത്. 2.9 മീറ്ററുള്ള സിംഹ ജടയന്‍ ജെല്ലി ഫിഷാണ് (lion mane jelly fish) ഇവരുടെ കൂട്ടത്തിലെ വമ്പന്‍റെ വലിപ്പം. ഇവയുടെ വാലുകള്‍ പോലെയുള്ള ഭാഗം ടെന്‍റക്കിളുകള്‍ എന്നാണ് അറിയപ്പെടുക. ഇതിലാണ് ഇവയുടെ വിഷം അല്ലെങ്കില്‍ പ്രതിരോധ ആയുധം ഉള്ളത്. ഏതാണ്ട് 37 മീറ്ററോളം പരമാവധി ടെന്‍റക്കിളുകള്‍ക്ക് ഉണ്ടാവാറുണ്ട്. ഇന്നോളം ഇരുന്നൂറോളം ജെല്ലി മല്‍സ്യ സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. കാണാന്‍ നല്ല ഭംഗിയുള്ള സുതാര്യ ശരീരം പക്ഷെ കടല്‍ ശാസ്ത്രജ്ഞരും കടല്‍ അറിവുള്ളവരും അടുത്ത് ചെന്ന്‍ ആസ്വദിക്കാറില്ല. അടുത്ത് ചെന്നാല്‍ 'ശില്ലാണം' പണി കിട്ടും അതിനാലാണ് ഈ ഒഴിഞ്ഞു മാറ്റം. അപ്പലിന്റെ (നീരാളി) വായ പോലെ ടെന്‍റക്കിളുകള്‍ക്കിടയില്‍ ശരീരത്തിന്‍റെ അടിഭാഗത്ത് നടുവിലായാണ് വായയുടെ സ്ഥാനം. ഭക്ഷണം വലിച്ചെടുക്കാനും ദഹിപ്പിക്കാനുമുള്ള ഭാഗങ്ങളാണ് ശരീരത്തിലെ ഏറ്റവും വികാസം പ്രാപിച്ചവ.

ടെന്‍റക്കിളുകളില്‍ ഉള്ള സൂചിപോലുള്ള ഭാഗമാണ് വിഷം പ്രവഹിക്കാനും ശത്രുവില്‍ നിന്ന്‍ രക്ഷപ്പെടാനും സഹായിക്കുന്നത്. ഇവ ചത്തടിഞ്ഞാലും അവയിലെ ടെന്‍റക്കിളുകളിലെ വിഷം ദീര്‍ഘസമയം കേടാവാതെഉണ്ടാകും. അത് കൊണ്ടാണ് നമ്മള്‍ വലയിടുമ്പോയും കടലില്‍ നീന്തുമ്പോയും പണികിട്ടുന്നത്. ജെല്ലി മല്‍സ്യങ്ങളില്‍ ഏറ്റവും അപകടകാരിയാണ് കടല്‍ കടന്നല്‍ എന്നറിയപ്പെടുന്നവ (Sea Wasp). നമ്മുടെ ഭാഗ്യത്തിന് അവ ലക്ഷദ്വീപ് കടലില്‍ കാണപ്പെടാറില്ല. ആസ്ട്രേലിയന്‍ കടല്‍ പരിസരങ്ങളിലാണ് ഇവയുടെ ആവാസം. വേണ്ടത്ര അളവില്‍ വിഷം മനുഷ്യനിലെത്തിയാല്‍ ഏതാണ്ട് നാല് മിനിട്ട് കൊണ്ട് ആള്‍ മരണമടയും. അതായത് നീന്തുന്ന ആള്‍ക്ക് വിഷമേറ്റാല്‍ പിന്നെ കരയെത്തില്ല എന്നര്‍ത്ഥം. മാത്രമല്ല ഒരു കടല്‍ കടന്നാലിന് ഏതാണ്ട് അറുപത് പേരെ കൊല്ലാനുള്ള വിഷം വരെ കസ്റ്റഡിയില്‍ വെക്കാം.

ഇനി കടല്‍ച്ചൊറിക്ക് ഒരു ഡൂപ് കൂടിയുണ്ട്. തികച്ചും വ്യാജന്‍! വ്യാജനെങ്കിലും വിഷത്തിന്‍റെ കാര്യത്തില്‍ ഇവര്‍ "ഇളിയോനും മൂത്തോനുമാണ്" (ചേട്ടനും അനിയനും). കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ജെല്ലി ഫിഷാണെന്ന് തോന്നുമെങ്കിലും ജെല്ലിഫിഷ് അല്ല ഈ വിരുതന്‍. കടലിന്‍റെ ഉപരിതലത്തില്‍ മാത്രം പൊങ്ങിക്കിടക്കുന്ന ഇവ കടലില്‍ അപകടകാരികളുടെ ലിസ്റ്റില്‍പ്പെട്ടവരാണ്. ഇവ മനുഷ്യ ശരീരത്തില്‍ സ്പര്‍ശിക്കുകയും അവയുടെ ടെന്‍റക്കുകളുടെ വിഷം ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വേദനയും അസ്വസ്ഥതയും ഉണ്ടാകും. ഇവറ്റകള്‍ പേര് പോലെ തന്നെ അപകടകാരികളാണ്. പേര് എന്താന്നല്ലേ "കടല്‍ പറങ്കികള്‍" (Portuguese man of war).

ശാസ്ത്ര മാഗസിനുകള്‍ അവലംബിച്ച് തയ്യാറാക്കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY