DweepDiary.com | ABOUT US | Saturday, 20 April 2024

ഇനി ദ്വീപുകള്‍ 35, ഒരു ദ്വീപ് കാണാനില്ല

In environment BY Admin On 02 September 2017
തേഞ്ഞിപ്പലം: ലക്ഷദ്വീപ് സമൂഹത്തിലെ 36 ദ്വീപുകളിലൊന്ന് ഇരുപതുവര്‍ഷംമുമ്പ് പൂര്‍ണമായും കടലില്‍ മുങ്ങിയതായി ഗവേഷണറിപ്പോര്‍ട്ട്. ജനവാസമില്ലാത്ത ദ്വീപുകളില്‍ ഉള്‍പ്പെട്ട പരളി-ഒന്ന് ആണ് മുങ്ങിപ്പോയത്. പക്ഷേ, സര്‍ക്കാറിന്റെ ഔദ്യോഗികരേഖകളില്‍ ഇപ്പോഴും പര്‍ളി-ഒന്ന് ദ്വീപായി നിലനില്‍ക്കുന്നു.


കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പരിസ്ഥിതിശാസ്ത്രത്തില്‍ പി.എച്ച്.ഡി. നേടിയ ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശി ആര്‍.എം. ഹിദായത്തുള്ളയാണ് ഇക്കാര്യം ശാസ്ത്രീയമായി പഠിച്ചത്. ജനവാസമുള്ള പത്ത് ദ്വീപുകള്‍, ജനവാസമില്ലാത്ത 17 ദ്വീപുകള്‍, മൂന്ന് പവിഴ ദ്വീപുകള്‍, ആറു മണല്‍ത്തിട്ടകള്‍ എന്നിവയടക്കം 36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. ആള്‍ത്താമസമില്ലാത്ത ഗണത്തില്‍പ്പെട്ട പരളി ദ്വീപുകള്‍ (ഒന്ന്, രണ്ട്, മൂന്ന്) അഗത്തിയില്‍നിന്ന് 11 കിലോമീറ്റര്‍ കിഴക്കുമാറിയാണ്. ഇരുപതിനായിരം ചതുരശ്രമീറ്ററായിരുന്നു പരളി ഒന്നിന്റെ വിസ്തീര്‍ണം.


ലക്ഷദ്വീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും 36 ദ്വീപുകളുണ്ട്. സര്‍വേ ഓഫ് ഇന്ത്യയുടെ രേഖകളിലും പരളി-ഒന്ന് നീക്കിയിട്ടില്ല. 2009-ല്‍ പുറത്തിറക്കിയ ഭൂപടത്തിലും ഇതുണ്ട്. 2011-ല്‍ പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ടിലും സ്ഥലസൂചികാ കോഡും ഭൂവിസ്തൃതിയുമൊക്കെ ഉള്‍പ്പെടുത്തി പരളി-ഒന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, 2003-ല്‍ ഗൂഗിള്‍ എര്‍ത്ത് തയ്യാറാക്കിയ ഭൂപടത്തില്‍ പരളി-ഒന്ന് ഇല്ല.


കാലിക്കറ്റിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസറായ ഡോ. സി.സി. ഹരിലാലിന്റെകീഴില്‍ ലക്ഷദ്വീപ് കേന്ദ്രമാക്കി തീരപ്രദേശത്തെ മണ്ണൊലിപ്പിനെക്കുറിച്ചായിരുന്നു ഹിദായത്തുള്ളയുടെ ഗവേഷണം. 2011 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തോളം ദ്വീപുകളില്‍ പഠനം നടത്തി. മണ്ണൊലിപ്പില്‍ പല ദ്വീപുകളുടെയും വിസ്തീര്‍ണം കുറയുന്നതായും ചിലതിന്റെ വിസ്തീര്‍ണം കൂടുന്നതായും കണ്ടെത്തി. ദ്വീപിലെ ജൈവവൈവിധ്യത്തിന് ഇത് കാര്യമായ നഷ്ടമുണ്ടാക്കുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY