DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക (കത്ത്)

In editorial BY Admin On 14 March 2015
ഒരു കാലത്ത് ആത്മീയ മുന്നേറ്റത്തിന്റെ പതാകവാഹകരായിരുന്ന ദ്വീപുകാർക്ക് അതിവേഗതയിലുള്ള ആത്മീയ ശോഷണമാണിന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു മുഖ്യചർച്ചാവിഷയമായിട്ടു കാലം കുറെയായിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു മാറ്റവും ഇതുവരെ ദൃശ്യമായിട്ടില്ല. ദ്വീപിന്റെ തനതായ പ്രശ്നങ്ങള പഠിക്കുവാനോ ശാശ്വത പരിഹാരം കാണുവാനോ ആരും തന്നെ തുനിഞ്ഞിറങ്ങിയതുമില്ല. നമ്മളെക്കുറിച്ചുതന്നെ നാം കടുത്ത അജ്ഞതയിലാണ്. ലക്ഷദ്വീപിന്റെ സാംസ്കാരികവും ചരിത്രപരവുമായ മേഖലകളിലേക്ക് ആവേശത്തോടെ എത്തിനോക്കുവാൻ നമുക്കെന്തുകൊണ്ടോ സാധിക്കാതെ പോയി.
അനന്തരഫലമെന്നോണം സ്വത്വബോധം നഷ്ടപെട്ട ഒരു തലമുറ പിറവിയെടുത്തു. തിങ്ങിനിറയാറുണ്ടായിരുന്ന ആത്മീയവേയവേദികൾ വിജനമായി. ലോകത്തെ ഒന്നാം കിടയിലുള്ള ദ്വീപൻകൊപ്ര അതിന്റെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ കിടക്കുന്നു. ശുദ്ധമായ കടലിലെ ശുദ്ധമായ ഉപ്പിനുപകരം വൻകരയിൽ നിന്നും ഉപ്പ് ഇറക്കുമതി ചെയ്യാനാണ് നമുക്ക് താല്പര്യം. ജീവവായുപോലെ ആശ്രയിക്കുന്ന വൻകരയിലേക്ക് കപ്പലിൽ നിന്ന് കാലെടുത്ത് വെക്കുന്നതോടെ അവൻ വിദേശിയെപ്പോലെയായിത്തീരുന്നു. കീശ ചോർന്നൊലിച്ച് ലോഡ്ജുസംസ്കാരത്തിന്റെ ഇടവഴികളിൽ തപ്പിതിരിഞ്ഞ് അവസാനം തടികിട്ടിയാൽ മതിയെന്ന് പറഞ്ഞു ദ്വീപിലേക്ക് തിരിച്ചോടി വരുന്നു. താൻ തരണം ചെയ്ത പരുക്കൻ യാഥാർഥ്യങ്ങളെ അവൻ സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും പോതുവേ മോഡേണ്‍ ജീവിതത്തിന്റെ മോശം സ്വാധീനങ്ങൽ നമ്മെ തീണ്ടിയിട്ടില്ല. ടെൻഷനും പൊല്യൂഷനും നിറഞ്ഞ ലോകത്തിന് ഒരു റെഫ്യൂജ് ആയി ദ്വീപുകൾ ഇന്നും നിലകൊള്ളുന്നു. തങ്ങൾ ചെന്നു ചാടിയ ഗുരുതരാവസ്ഥയെക്കുറിച്ച് വലിയതോതിലുള്ള അവബോധം ഇന്ന് ജനങ്ങൾക്കുണ്ട് വിദ്യാഭ്യാസത്തിലൂടെയേ മോക്ഷമുള്ളൂ എന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദ്വീപൻസംസ്കാരത്തിനും ദ്വീപിലെ പ്രകൃതിക്കും യോജിച്ച പുരോഗമന പ്രവർത്തങ്ങൾ മാത്രമേ പാടുള്ളൂ എന്ന ഡോ. സക്കീർ ഹുസൈന്റെ ഉണർത്തലിനെ നാം മുഖവിലയ്ക്കെടുക്കണം. ദ്വീപുകളെ ഒരു ഹോളിഡേ അടിച്ചുപൊളിക്കാനുള്ള സ്ഥലം മാത്രമാക്കാതെ പ്രബുദ്ധമായ ഒരു സമുദായം പുലരണമെങ്കിൽ നിദാന്ദജാഗ്രത ആവശ്യമാണ്. അറബിക്കടലിൽ പണ്ടെന്നോ രൂപപ്പെട്ട പാരുകൾ ജനവാസ യോഗ്യമാക്കാൻ പൂർവികർ അത്യധ്വാനം ചെയ്തിരുന്നു. ഈ അധ്വാനം നൈരന്തര്യത്തോടെ തുടർന്നെങ്കിൽ മാത്രമേ സമൂഹം അധികകാലം ഇവിടെ അതിജീവിക്കൂൂ. -- Mohammed Irfan P.P. E-mail: ppmirfan@gmail.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY