DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപുകാരും ഇന്ത്യക്കാര്‍ തന്നെയാണ് (ഭാഗം 1) ഹാജാ ഹുസൈന്‍, കില്‍ത്താന്‍ ദ്വീപ്

In editorial BY Admin On 02 February 2015
ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഇന്ത്യയില്‍ എവിടേക്കും യാത്ര ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം മതിയാകും. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ തന്നെ ഭാഗമായ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. കേരളാ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉദ്യോഗസ്ഥവൃന്ദം നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവുമാണ് ലക്ഷദ്വീപ് യാത്ര ഇത്ര വിഷമകരമാകാന്‍ കാരണം. യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കടമത്ത് ദ്വീപിലെ രണ്ട് പേര്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ദ്വീപിലേക്ക് യാത്രാക്ലേശമൊന്നുമില്ലെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍ കോടതിയോ ഉത്തരവാദിത്തപ്പെട്ട അധികാരികളോ കപ്പല്‍ പുറപ്പെടുന്ന ദിവസം സ്‌കാനിങ് സെന്ററില്‍ വന്നിരുന്നുവെങ്കില്‍ കാണാമായിരുന്നു യാത്രാദുരിതത്തിന്റെ ചില യാഥാര്‍ഥ്യങ്ങള്‍. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സകലസാധനങ്ങള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും ദ്വീപുകാര്‍ കരയെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതുമായി മക്കളെ കോളജില്‍ ചേര്‍ക്കാനോ ചികിത്സക്കായോ കരയിലേക്ക് കപ്പല്‍ കയറുന്ന ദ്വീപുകാരന് കരയുന്ന മനസുമായല്ലാതെ തിരിച്ചുപോകാനാവില്ല. ആവശ്യങ്ങള്‍ കഴിഞ്ഞ് തിരിച്ചു പോകാന്‍ ദിവസങ്ങളോളം ടിക്കറ്റ് കൗണ്ടറിന്റെ മുന്നില്‍ ഉറക്കമൊഴിഞ്ഞിരിക്കണം. അങ്ങനെ കാത്തിരുന്നാല്‍ പോലും ടിക്കറ്റ് കൊടുക്കുന്ന ദിവസം എത്തുമ്പോള്‍ നാലോ അഞ്ചോ പേരുടെ സ്‌ലിപ്പ് വാങ്ങി ടിക്കറ്റ് തീര്‍ന്നു എന്നു പറയുന്ന കാഴ്ചയാണ് പതിവ്. നീണ്ട ക്യൂവില്‍ ഉറക്കമൊഴിഞ്ഞവര്‍ പിച്ചും പേയും പറഞ്ഞ് അടുത്ത കപ്പലും കാത്ത് ഹോട്ടല്‍ മുറികളില്‍ കഴിയണം. ഈ ദുരവസ്ഥ കാലങ്ങളായി തുടരുന്നു. ഓരോ പ്രാവശ്യവും കരയിലേക്ക് പോയി വരുന്ന സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാവും. കോളജുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ക്രിസ്മസിനും ഓണത്തിനും മറ്റും ലീവ് കിട്ടുമ്പോള്‍ നാട്ടിലേക്ക് വരാന്‍ പറ്റിയെന്ന് വരില്ല. അപ്പോഴൊക്കെ രക്ഷിതാക്കള്‍ കരയിലേക്കൊഴുകണം. പഠിക്കുന്നത് പെണ്‍കുട്ടികളാണെങ്കില്‍ രക്ഷിതാവിന്റെ ഉള്ളിലെന്നും ആതിയാണ്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലുംപല കൊമ്പന്‍മാരും യാത്രാക്ലേശമൊന്നുമറിയാതെ ആകാശത്തിലൂടെ പറന്നിറങ്ങുന്നുണ്ട്. (കടപ്പാട് സുപ്രഭാദം ദിനപത്രം)

SHARE YOUR FEEDBACK

RECENT IN THIS CATEGORY