DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപ് ഡയറിക്ക് സേവനത്തിന്‍റെ രണ്ട് വയസ്

In editorial BY Admin On 23 January 2015
ലക്ഷദ്വീപിന്‍റെ മാധ്യമ ചരിത്രം വളരെ ശുഷ്കമാണ്. നാടിന്‍റെ സ്വന്തം ചരിത്രം പോലും രേഖപ്പെടുത്താത്തവര്‍ക്ക് എന്ത് മാധ്യമ ചരിത്രം എന്നത് പ്രസക്തമായ ഒരു മറു ചോദ്യം തന്നെ. വരുന്ന ജനുവരി 29നു രാജ്യം ദേശീയ പത്ര ദിനം കൊണ്ടാടുമ്പോള്‍ നാം നമ്മുടെ നാടിന്‍റെ ആ നേര്‍ത്ത ചരിത്രത്തെക്കുറിച്ച് അന്വേഷിക്കാനെങ്കിലും തുനിയുമോ?

പണ്ടുകാലത്ത് നമ്മുടെ വിശാലമായ കടപ്പുറം വാര്‍ത്താ അവലോകന കേന്ദ്രങ്ങളായിരുന്നു. വാര്‍ത്തകളും, ചര്‍ച്ചകളും, അവയെ ചുറ്റിപ്പറ്റിയുള്ള വാക് യുദ്ധങ്ങളും ഉണ്ടായിരുന്നു. മുതിര്‍ന്ന ഒരു 'കാക്ക' ഈ ചര്‍ച്ചകളുടെ മോഡറേറ്ററും. സായന്തനത്തിലെ തണുത്ത കാറ്റിന് പോലും ആറ്റാന്‍ പറ്റാത്ത നല്ല 'ചൂടന്‍' വാര്‍ത്തകള്‍ ഇവിടെ വിതരണം ചെയ്തിരുന്നു. പക്ഷെ ആ വാര്‍ത്തകള്‍ക്ക് അച്ചുകളോ മഷിക്കറുപ്പോ ഉണ്ടായിരുന്നില്ല എന്ന്‍ മാത്രം. ഇന്ത്യ സ്വാതന്ത്രമായെന്ന വാര്‍ത്ത നമ്മള്‍ അറിഞ്ഞത് മൂന്നു മാസങ്ങള്‍ കഴിഞ്ഞാണത്രെ! അങ്ങനെയെങ്കില്‍ ആ ഓടം വന്ന സായന്തനത്തില്‍ നമ്മുടെ കടപ്പുറം ആഘോഷിച്ച വാര്‍ത്ത അതായിരിക്കുമെല്ലോ, അല്ലെ?


ലക്ഷദ്വീപിന്‍റെ മാധ്യമ ചരിത്രം ആരംഭിച്ചത് വളരെ അടുത്ത കാലത്താണ്. ബടകര മുസ്യാരുടെ അല്‍-ഖലം മുതലുള്ള ലക്ഷദ്വീപിന്‍റെ മാധ്യമ ചരിത്രം വരും തലമുറയ്ക്കെങ്കിലും സൂക്ഷിക്കേണ്ടിരിക്കുന്നു. ദ്വീപ് ഡയറി അതിന്‍റെ പ്രയാണം ആരംഭിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു. കിതച്ചും കുതറിയും ഓടുമ്പോയും പ്രിയങ്കരായ വായനക്കാര്‍ അതിന് പ്രചോദനം നല്‍കുന്നു. എല്ലാവരും മാധ്യമം കൊണ്ട് നടക്കുന്നത് അല്‍പ സ്വല്‍പം ലാഭം പ്രതീക്ഷിച്ച് തന്നെയാണ്. എന്നാല്‍ ദ്വീപ് ഡയറി മുതല്‍ മുടക്കി നഷ്ടത്തില്‍ ഓടുന്നു. വെബ്സൈറ്റിന്‍റെ വാര്‍ഷിക സ്ഥല മൂല്യവും .comമിന്‍റെ വാര്‍ഷിക തുകയും മുടങ്ങാതെ ഞങ്ങളില്‍ ആരെങ്കിലും കൊടുക്കുന്നു. വളരെ അപൂര്‍വ്വമായി വരുന്ന പരസ്യങ്ങളില്‍ നിന്നും കിട്ടുന്ന 500 രൂപ വല്ല ക്വിസ് പരിപാടിക്കും സംഭാവന ചെയ്യുമ്പോള്‍ ഞങ്ങള്‍ അതിശയിക്കുന്നു ഇത് രണ്ടു വര്‍ഷം വരുമാനമില്ലാതെ പ്രയാണം തുടരുന്നതിലാണ്. കൂടാതെ ദ്വീപ്ഡയറി പ്രിന്‍റഡ് എഡിഷന്‍ അതിന്‍റെ ഇരുപത്തി രണ്ടാം ലക്കത്തിലാണ്. ത്രൈ മാസ മാസികയായ കണ്ണാടിപ്പാത്തയുടെ നടത്തിപ്പ് എന്ന ഭാരിച്ച ചുമതല കൂടി ഞങ്ങളുടെ മാതൃസംഘടനയായ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഏല്‍പ്പിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങളും പ്രോല്‍സാഹനങ്ങളും തന്നെയാണ് ഞങ്ങളുടെ വിജയം. വീണ്ടും നിങ്ങളുടെ സുമനസുകളില്‍ നിന്നും സഹകരണം പ്രതീക്ഷിച്ച് പ്രയാണം തുടരട്ടെ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY