DweepDiary.com | ABOUT US | Tuesday, 16 April 2024

വേണം നമുക്ക് മാത്രമായൊരു വിദ്യാഭ്യാസ നയം!

In editorial BY Admin On 18 December 2014
വിദ്യാഭ്യാസം പ്രാദേശിക പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയാവണമെന്ന്‍ നാം മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാലാം ക്ലാസുവരെ നമുക്കുണ്ടായിരുന്ന പാഠ്യപദ്ധതി വെറും മീന്‍ കഥകളാണെന്ന് ആക്ഷേപിച്ച് നിര്‍ത്തലാക്കി. ആന കാണാത്ത കുട്ടിയെ നാം 'ആന' എന്ന്‍ ചൊല്ലി പഠിപ്പിക്കുന്നു. അവന്‍ എന്നും കാണുന്ന 'ആമ'ക്ക് പാഠപുസ്തകത്തില്‍ സ്ഥാനമില്ല. ചരിത്ര പുസ്തകത്തിന് അവന്‍ പിറന്ന്‍ വീണ കടല്‍ കരയുടെ ചരിത്രം അന്യമായി. ബീകുഞ്ഞിയും പുതിയ ഇല്ലക്കാരും പാമ്പിന്‍ പള്ളിയും പ്രിംറോസും ആശിയലിക്കഥയും കുപ്പായ സംഭവവും വസൂരിക്കഥകളും പിന്നെ നാം വിസ്മരിച്ചുപോയ പലകഥകളും ചരിത്രമായി തന്നെ കിടന്നു. ആരുടേയോ സാഹിത്യവും കലയും പഠിക്കുന്ന നമ്മുടെ പുതുതലമുറയ്ക്ക് 'കാറ്റുവിളിയും' പൂവോടക്കേഴിയുടെ സാഹസിക കഥകളും അറിഞ്ഞുകൂടാ. എളികല്‍പേനിയുടേയും ആന്ത്രോ കുന്നുകളുടെയും ഐതിഹ്യങ്ങള്‍ പഴമക്കാരോടൊപ്പം മണ്ണിലലിയാന്‍ പോകുന്നു. ലാവാ ഡാന്‍സും ബാണ്ടിയായും കലോല്‍സവ സ്റ്റേജില്‍ മാത്രമായി ഒതുങ്ങി. പാഠ പുസ്തകത്തിന് നാം കാണാത്ത മലയുടേയും കാടിന്‍റെയും മണം മാത്രം.
നമ്മുടെ സംസ്കാരവും പൈത്യകവും പഠിക്കാതെയുള്ള പഠനം അപൂര്‍ണമാണ്. വിശിഷ്ടവും നിഷ്കളങ്കവുമായ സ്വഭാവ വൈശേഷ്യമുള്ള നാമും നമ്മുടെ ചരിത്രവും പൈത്യകവും രേഖപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസ നയം രൂപപ്പെടാന്‍ ഇനിയും കാലതാമസം വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ ചിന്താബിന്ദുക്കള്‍ക്ക് വിരാമം കുറിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY