DweepDiary.com | ABOUT US | Thursday, 28 March 2024

സ്വാതന്ത്ര്യ ദിന ചിന്തകൾ

In editorial BY Admin On 15 August 2014
ഇന്ന് ഭാരതത്തിന്റെ 68 ആം സ്വാതന്ത്ര്യ ദിനം.
പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട ചില യാതാർത്ഥ്യങ്ങൾ ഇവിടെ പങ്ക് വെക്കാം. 1947 ആഗസ്ത് മാസം 15 ന് അർദ്ധ രാത്രി പ്രഖ്യാപിക്കപ്പെട്ട രാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷദ്വീപുകാർ അറിയുന്നത് 6 മാസത്തിനു ശേഷമാണ്. വൻക്കരയിലേക്ക് പോയ ഓടക്കാരാണ് ആഘോഷത്തിന്റെ വാർത്തയുമായി കൽക്കടന്നെത്തിയത്‌. ഏറെ ആവേശത്തോടെയാണ് ദ്വീപുകാർ സ്വാതന്ത്ര്യ വിശേഷം സ്വീകരിച്ചത്.അറബിക്കടലിനു നടുവിൽ ഒറ്റപ്പെട്ടുപോയവർക്ക് സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കനലെരിവുകൾ കടൽക്കാറ്റിൽ തട്ടി ഞങ്ങളും നെഞ്ചിലേറ്റിയിരുന്നു. തൃശൂരിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ അഗത്തിദ്വീപിൽ നിന്നും പായകെട്ടിയ ഓടിയിൽ യാത്ര പുറപ്പെട്ട പൂർവ്വിക ചരിത്രം വാമൊഴിയായി ഇന്നും ലക്ഷദ്വീപു കടലിൽ പാറി നടക്കുന്നുണ്ട്.സായിപ്പിന്റെ ക്രൂരതക്ക് ഇരുളിൽ സായിപ്പിന്റെ ഓല ഷെഡ്ഡിനു തീയിട്ടു നാടുവിട്ട ദ്വീപുകാരന്റെ കഥയും വിസ്മൃതിയിലാണ്ടു. രേഖപ്പെടുത്തിയ ചരിത്രങ്ങൾ നാടുകലക്കങ്ങളിൽ നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ വേരില്ലാത്തവരായി. കേരളവും പോളിനേഷ്യയും ഞങ്ങളുടെ വേരുകൾ തേടുന്നവർക്ക് മിന്നാമിനുങ്ങുകളായി. കടൽ യാത്രാ മാർഗ്ഗത്തിൽ കിടക്കുന്ന ഈ ദ്വീപുകൾക്ക് സാഹസിക ജനങ്ങളുടെ ഒട്ടേറെ കുടിയേറ്റ ചരിതങ്ങൾ പറയാനുണ്ട്. പറങ്കികളെ തുരത്തിയ ഖാളി അബൂബക്കറും കൊള്ള നികുതി പിരിവിന് അറക്കൽ രാജ കുടുംബമയച്ച കാര്യക്കാരനേയും കൂട്ടരേയും കൈയ്യുംക്കാലും കെട്ടി ഓടത്തിന്റെ കള്ളിയിലിട്ടു മംഗലാപുരത്ത് ടിപ്പു സുൽത്താന്റെ കൊണ്ടിട്ട അമിനിദ്വീപിലെ ധൈര്യ ശാലികളും ദ്വീപു വീര പുരുഷന്മാർ തന്നെ. അഗത്തിയിലെ ബലിയ ഇല്ലത്താവള ഒഴുക്കിയ ചാലും കുട്ടിയമ്മതെന്ന കടൽക്കള്ളന്റെ കൂർഫാടിനെ കൂർഫാട്കൊണ്ട് നേരിട്ട പൂർവ്വിക പെരുമയും ചരിത്രത്തിൽ മറക്കാനാവാത്ത മുഹൂർത്ഥങ്ങളാണ്.
ഇത് വരെ ദ്വീപിന്റെ യതാർത്ഥ ചരിത്രം എഴുതപ്പെട്ടിട്ടില്ല. ഐതീഹ്യങ്ങളും സാംസ്ക്കാരിക മൂല്യങ്ങളും ക്രോഡീകരിക്കപ്പട്ടിട്ടില്ല. കലകൾ കണ്ടെത്തി രൂപപ്പെടുത്തിയില്ല. കടലറിവുകൾ ക്രോഡീകരിക്കപ്പെട്ടില്ല. സാഹിത്യം സംരക്ഷിക്കപ്പെട്ടില്ല.എത്രയോ ജീവിതാനുഭവങ്ങളും ശാസ്ത്റാനുഭവങ്ങളും അശ്രദ്ധമാത്രം കൊണ്ട് നശിച്ച് കൊണ്ടിരിക്കുകയാണ്‌. ചിന്തക്കും അഭിപ്രായങ്ങൾക്കും ഒരു വിലയുമില്ലാത്തവിധം IAS ഏകാതിപത്യത്തിലാണ് ഇന്നും ദ്വീപു ജനത ജീവിക്കുന്നത്. ഇതിൽ നിന്നും നാം ഉണർന്നേ മതിയാവൂ...
1. നമ്മുടെ മക്കൾ IAS കാരനും IPS കാരനുമാകാനുള്ള നിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ദ്വീപുകളിൽ സ്ഥാപിച്ചേ തീരൂ... 2. നമ്മുടെ വ്യക്തിത്ത്വമായിമാറേണ്ട സാഹിത്യം,കല,സംസ്ക്കാരം സംരക്ഷിക്കപ്പെടാനുള്ള കൂട്ടായ ചർച്ചയും പുനരുദ്ധാരണവും.. 3. ചരിത്ര നിർമ്മിതിക്കായുള്ള പരിശ്രമങ്ങൾ. 4. നമുക്ക് ഒരു മിനി നിയമ സഭാ സംവീധാനം. 5. നമ്മുടെ പ്രശ്നങ്ങൾ നിഷ്പക്ഷമായി ചർച്ചചെയ്യുന്ന മുടങ്ങാത്ത ഒരു മാധ്യ മം. ഇത് ചില അടിയന്തിര വിശയങ്ങൾ മാത്രം. ഈ ചരിത്ര മുഹൂർത്ഥത്തിൽ നമുക്ക് രാഷ്ട്ര നന്മക്കും നാടിന്റെ നന്മക്കും വേണ്ടി അണിനിരക്കാം. ഈ നിമിഷം നന്നായാൽ അടുത്ത നിമിഷവും കഴിഞ്ഞ നിമിഷവും നല്ലതായിരിക്കും. ചിന്തിക്കുക. വീണ്ടും വീണ്ടും ചിന്തിക്കുക.ആകാശങ്ങളെ നോക്കി ചിന്തിക്കുക.അപ്പോൾ നാം സ്വപ്നത്തിൽ കണ്ട നക്ഷത്രങ്ങളെല്ലാം നമ്മുടെതാവും. ഏവർക്കും സ്നേഹോശ്മളമായ സ്വാതന്ത്റിയ ദിനാശംസകൾ......

SHARE YOUR FEEDBACK

RECENT IN THIS CATEGORY