DweepDiary.com | ABOUT US | Saturday, 01 April 2023

ഇനിയെങ്കിലും നമ്മള്‍ ചോദിക്കേണ്ടത് ജനാധിപത്യമാണ് | എഡിറ്റോറിയല്‍

In editorial BY P Faseena On 11 March 2022
ലക്ഷദ്വീപില്‍ പേരിനാണെങ്കിലും സമരങ്ങള്‍ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണകളും നടത്തിക്കഴിഞ്ഞു. മാര്‍ച്ച് 21ന്, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ ഉണ്ടായിരിക്കെ, സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് ലക്ഷദ്വീപ് എം.പിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും.
ഇവിടെ ഉയരുന്ന പ്രധാനചോദ്യം എന്താണ് സമരക്കാരുടെ ആവശ്യം എന്നതാണ്.
ഭരണകൂടം നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ച്വിട്ടു, നാട്ടുകാരുടെ ഭൂമി കയ്യേറാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു, കപ്പലുകളില്‍ പലതിന്റെയും സര്‍വ്വീസ് നിര്‍ത്തിവച്ചു. ഇങ്ങനെ പല മേഖലകളിലും നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ സമരം നയിക്കുമ്പോള്‍ എന്തായിരിക്കണം സമരക്കാരുടെ ആവശ്യമെന്നുള്ളത് ഉത്തരം പറയാന്‍ വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിക്കാം. പണ്ടാരം ഭൂമി ജനങ്ങളുടെതാണ് എന്ന മുദ്രാവാക്യമുയര്‍ത്തി സമരം ചെയ്യാം. ഒന്നുകൂടി മുന്നോട്ട് പോയാല്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ സ്ഥാനത്ത് നിന്ന് മാറണം എന്ന ആവശ്യമുന്നയിച്ചുകൊണ്ടും സമരം ചെയ്യാം. എന്നാല്‍ ഇതൊക്കെയും വലിയ ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ രോഗലക്ഷണങ്ങള്‍ക്ക് പകരം രോഗത്തെയാണ് ചികിത്സിക്കേണ്ടത്.
എന്താണ് രോഗം? ഒരു തെരഞ്ഞെടുപ്പിന്റെയും കടമ്പകളില്ലാതെ കേവലം ഒരു വ്യക്തിക്ക് ലക്ഷദ്വീപ് ജനതയുടെ മേല്‍ പൂര്‍ണമായ നിയന്ത്രണവും അധികാരവും ലഭിക്കുന്ന ഇന്നത്തെ ഭരണസംവിധാനമാണ് ചികിത്സക്ക് വിധേയമാക്കപ്പെടേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ഇന്നും, കേന്ദ്രഭരണപ്രദേശങ്ങളിലെ ഏകദേശം ഒന്നര കോടി ജനങ്ങള്‍ ജീവിക്കുന്നത് അതാതുകാലത്ത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അയക്കുന്ന ഏകാധിപതികളുടെ കീഴിലാണ്. ഇതെന്തുകൊണ്ടാണ്? അവര്‍ പൗരന്മാരല്ലേ? അവര്‍ക്ക് ജനാധിപത്യത്തിന് യോഗ്യതയില്ലേ?
കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണസംവിധാനത്തെക്കുറിച്ചുള്ള വകുപ്പുകളാണ് ഇവിടത്തെ പ്രശ്നം. ഇന്ത്യന്‍ ഭരണഘടനയിലെ എടുത്തുമാറ്റപ്പെടേണ്ട അനുച്ഛേദങ്ങളില്‍ ഒന്നാണ് 239(2). ഒരു പ്രദേശത്തെ മുഴുവന്‍ ഭരണസംവിധാനങ്ങളും ഒരു വ്യക്തിയുടെ കാല്‍കീഴില്‍ പ്രതിഷ്ഠിക്കുന്ന അനുച്ഛേദം 239(2)ന് സാമ്യമുള്ള നിയമം നിലവിലുണ്ടായിരുന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. അതേ കൊളോണിയല്‍ മാനസികനിലയിലാണ് ഇന്നും ഇവിടെ ഭരണം നടക്കുന്നത്. ഗവര്‍ണര്‍ ജനറല്‍ നേരിട്ട് ഭരിച്ചിരുന്ന ഒരു സംവിധാനത്തിന്റെ ഈച്ചക്കോപ്പിയാണ് ലക്ഷദ്വീപില്‍ നിലവിലുള്ളത്. ഗവര്‍ണ്ണര്‍ ജനറലിന് ഒരു ഉപദേശക സമിതിയുണ്ടായിരുന്നു, ഉപദേശം സ്വീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമുണ്ടായിരുന്നില്ലെങ്കിലും. അതുപോലെ പേരിന് അഡ്മിനിസ്ട്രേറ്റര്‍ക്കുമുണ്ടായിരുന്നു ഒരു ഉപദേശകസമിതി (Administrator Advisory commitee). ഇപ്പോള്‍ അതും പ്രവര്‍ത്തനരഹിതമാണ്.
തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മെമ്പര്‍ക്ക് അപ്പോള്‍ എന്താണ് ജോലി എന്ന ചോദ്യമാണ് ഇതുകേള്‍ക്കുമ്പോള്‍ ലക്ഷദ്വീപുകാരന്റെ മനസ്സില്‍ ഓടിയെത്തുക. സത്യത്തില്‍ ലക്ഷദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നിയമപരമായി യാതൊരു റോളും എം.പിക്ക് ഇല്ല എന്നുള്ളതാണ് വാസ്തവം. എം.പി സ്ഥാനത്തേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പുകള്‍ ജനങ്ങളില്‍ വലിയ തെറ്റിദ്ധാരണകല്‍ വരുത്തിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ലക്ഷദ്വീപ് രാഷ്ട്രീയം ഏതെങ്കിലും ഒരാളെ എം.പി ആക്കുന്നതിലും അയാളെ തോല്‍പ്പിക്കുന്നതിലും വ്യാപൃതമായിക്കുന്നത് കൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ കയ്യാളിയിരുന്ന അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തനങ്ങല്‍ വിമര്‍ശനവിധേയമാക്കപ്പെട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.
ലക്ഷദ്വീപിലെ രണ്ട് മുഖ്യധാര രാഷ്ട്രീയപാര്‍ട്ടിക്കാര്‍ എന്നത് ഉപരിപ്ലവമായി നോക്കുമ്പോള്‍ രാഷ്ടീയപരമായി വിഘടിച്ച് നില്‍ക്കുന്ന രണ്ട് വിഭാഗങ്ങളായി തോന്നുമെങ്കിലും ജാതിയുടെയും ആത്മീയഗുരുക്കളുടെയൊക്കെ അടിസ്ഥാനത്തിലുള്ള വളരെ ശക്തമായ ഒരു ചേരിതിരിവാണ് ഈ വിഭാഗങ്ങള്‍ക്കിടയിലുളളത്. അക്കാരണങ്ങളാല്‍ തന്നെ തെരഞ്ഞെടുപ്പ് എന്നത് പലപ്പോഴും വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നപോലെ ഒരു ജനവിഭാഗത്തിന്റെ അഭിമാനപ്രശ്നമായി മാറുകയാണുണ്ടായത്.
യശഃശരീരനായ ഡോ. കെ.കെ. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള പി.എം. സയീദ് വിരുദ്ധ ഗ്രൂപ്പ് ലക്ഷദ്വീപില്‍ ജനാധിപത്യ സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പൊതുജന മധ്യത്തില്‍ ദീര്‍ഘകാലം ചര്‍ച്ചയാക്കുന്നതില്‍ പരാജയപ്പെട്ടു പോവുകയാണുണ്ടായത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയാവട്ടെ ദീര്‍ഘകാലം എം.പിയും കേന്ദ്രമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ഒക്കെയായിരുന്ന മര്‍ഹൂം പി.എം സയീദിന്റെ നേത്യത്വത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതുമില്ല.
സാധാരണഗതിയില്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍ എംപിയുടെ പാര്‍ട്ടിക്കാരെ പിന്തുണക്കുന്നു എന്ന വ്യാജേന പ്രവര്‍ത്തിക്കുന്നതിലൂടെ ഒരു വിഭാഗത്തിന്റെ പിന്തുണ കൈപറ്റുകയും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയുമാണ് പതിവ്. അതുകൊണ്ട് തന്നെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെയുള്ള എല്ലാ ജനകീയ മുന്നേറ്റങ്ങളേയും അതത് കാലഘട്ടങ്ങളില്‍ ലക്ഷദ്വീപിലെ ഒരു വിഭാഗം അഡ്മിനിസ്ട്രേറ്റര്‍ക്കൊപ്പം നിന്ന് എതിര്‍ത്തില്ലാതാക്കിയ രാഷ്ട്രീയചരിത്രമാണ് നമുക്കുള്ളത്. ദ്വീപില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വേരൂപിടിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ അവര്‍ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ നയിച്ച സമരങ്ങളെ എതിര്‍ത്തത് രണ്ട് മുഖ്യധാരാ രാഷ്ടീയപാര്‍ട്ടികള്‍ ഒന്നിച്ചായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.
കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞുപറഞ്ഞയച്ച ഗുജറാത്തി രാഷ്ട്രീയക്കാരന്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ ഇന്ന് പൊതുശത്രുവായി മാറിയിരിക്കുകയാണെങ്കിലും രാഷ്ട്രീയ ചേരിതിരിവ് ലക്ഷദ്വീപുകാര്‍ മറന്നിട്ടില്ല. സേവ് ലക്ഷദ്വീപ് ഫോറം ജനകീയസമരങ്ങള്‍ നടത്താന്‍ സാധിക്കാതെ നാമമാത്രമായി ഒതുങ്ങിയപ്പോള്‍ പൊതുജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം നിലക്ക് സമരത്തിനിറങ്ങാന്‍ തീരുമാനിക്കുന്നത്.
കോണ്‍ഗ്രസ്സ് അവസാനമായി നടത്തിയ സമരം ലക്ഷദ്വീപ് തുറമുഖ വകുപ്പ് ഓഫീസിലേക്കാണ്. എന്‍.സി.പി മാര്‍ച്ച് 21ാം തീയ്യതി നടത്താന്‍ പോകുന്ന സമരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണെന്നാണ് അറിയാന്‍ സാധിച്ചത്. ലക്ഷദ്വീപ് ജനതയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ജനകീയമുന്നേറ്റങ്ങള്‍ നടക്കേണ്ടത് സ്വേച്ഛാധിപതിയായ അഡ്മിനിസ്ട്രേറ്റര്‍മാര്‍ നടപ്പിലാക്കിയ ഏതെങ്കിലും ഒന്നോരണ്ടോ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെട്ടു കൊണ്ടല്ല. പകരം സര്‍വ്വാധികാരങ്ങളും ഒരുവ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഭരണമവസാനിപ്പിച്ച് നമ്മുടെ ജന്മാവകാശമായ ജനാധിപത്യം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരിക്കണം സമരങ്ങള്‍ നടക്കേണ്ടത്.
ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ശരാശരി ലക്ഷദ്വീപുകാരന്‍ ആലോചിക്കുന്നത് നമുക്ക് സ്വന്തം ചെലവില്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നതാണ്. ഒന്നാമത്തെ കാര്യം സര്‍ക്കാര്‍ എന്നത് ജനങ്ങളാണ്. ഖജനാവ് എന്നത് ജനങ്ങളുടെ ഫണ്ടാണ്. സര്‍ക്കാര്‍ ആവശ്യത്തിന് ഫണ്ട് നല്‍കുന്നു എന്നത് ജനാധിപത്യം നിഷേധിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ല. എത്രയോ കാലത്തോളം മാറിമാറി വന്ന ഭരണാധികാരികള്‍ക്ക് കരമടച്ച് നിലനിന്ന ചരിത്രമാണ് നമുക്കുള്ളത്. ഒരു ജനത എന്നനിലയില്‍ നമുക്ക് സ്വയം നിലനില്‍ക്കാന്‍ സാധിക്കും എന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്.
ലക്ഷദ്വീപില്‍ ജനാധിപത്യത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം പറയുന്ന പ്രധാനന്യായം നികുതി കൂട്ടും എന്നുള്ളതാണ്. റോഡ് ടാക്സ് ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാ തീരുവകളും നമ്മള്‍ വന്‍കരയിലെ അതേ നിരക്കില്‍ തന്നെ അടക്കുന്നുണ്ട്. കൂടാതെ പുറമെനിന്നുള്ള ഒരു വ്യക്തി വന്നുഭരിക്കുന്ന ഇന്നത്തെ ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജീവിതചെലവുള്ള ഒരു പ്രദേശമാണ്. വന്‍കരയില്‍ തക്കാളിക്ക് 20 രൂപയാണെങ്കില്‍ ഇവിടെ കുറഞ്ഞത് 45 രൂപയെങ്കിലും കൊടുക്കേണ്ടിവരും. വന്‍കരയില്‍ 6 ലക്ഷത്തിന് നിര്‍മിക്കുന്ന വീട് ഇവിടെ നിര്‍മിക്കാന്‍ 15 മുതല്‍ 21 ലക്ഷം വരെ വേണം. ജി.എസ്.ടി വന്നതിന് ശേഷം ടാക്സില്ലാത്ത പ്രദേശങ്ങള്‍ രാജ്യത്തില്ലാതായി. പിന്നെ ലഭിച്ചേക്കാവുന്ന ഗുണം ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താത്ത മദ്യം, പെട്രോളിയം, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവക്ക് വില കുറയുമെന്നുള്ളതാണ്. ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള പ്രദേശമാണ് ലക്ഷദ്വീപ്: 130 രൂപയാണ് ഒരു ലിറ്ററിന് വില. ലക്ഷദ്വീപ് ഒരു മദ്യനിരോധിത മേഖലയാണ്. പിന്നെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില നേരത്തെ സൂചിപ്പിച്ചല്ലോ. ജനാധിപത്യം വേണ്ടെന്ന് പറയുന്നവര്‍ ഇതിനൊക്കെ പുറമെ ഉയര്‍ത്തുന്ന ഒരു വാദം ദ്വീപുകളില്‍ ജനസംഖ്യ വളരെകുറവാണ് എന്നതാണ്. 2011ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപിലെ ജനസംഖ്യ 64,673 ആണ്. ലോകത്തെ ഏറ്റവും ജനസംഖ്യ കുറഞ്ഞ 10 രാജ്യങ്ങളുടെ ജനസംഖ്യ 80,000 ത്തില്‍ കുറവാണ് എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ ഒരു സംസ്ഥാനമായി മാറാന്‍ ജനസംഖ്യ ഒരു തടസ്സമാകാന്‍ പാടില്ല. ജനസംഖ്യാനിയന്ത്രണത്തിന് കോടികള്‍ ചെലവാക്കുന്ന ഒരു രാജ്യത്ത് ജനസംഖ്യ കുറവാണെന്ന പേരില്‍ ഒരു ജനതയെ ഏകാധിപത്യ ഭരണസംവിധാനത്തിന്റെ കീഴില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നത് കടുത്ത വൈരുധ്യമാണ്.
ഒരു അഡ്മിനിസ്ട്രേറ്റര്‍ മാറി മറ്റൊരു അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ ഇവിടെ മാറ്റങ്ങളുണ്ടാവില്ല. ഇനിയൊരു പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ തുഗ്ലക്കിയന്‍ ഭരണവും സംഭവിക്കാതിരിക്കാന്‍ അഡ്മിനിസ്ട്രേറ്ററെയല്ല മാറ്റേണ്ടത്. പകരം കൊളോണിയല്‍ പാരമ്പര്യം മാത്രം അവകാശപ്പെടാനുള്ള അഡ്മിനിസ്ട്രേറ്റീവ് സംവിധാനത്തെ അറബിക്കടലിലേക്ക് വലിച്ചെറിയുകയാണ് വേണ്ടത്. ഇതാണ് ലക്ഷദ്വീപിലെ രാഷ്ട്രീയനേതൃത്വവും ജനങ്ങളും മനസ്സിലാക്കേണ്ടത്. അതിനുവേണ്ടിയാണ് സമരങ്ങളും ആഹ്വാനങ്ങളും പ്രചാരണങ്ങളും നിയമനിര്‍മാണവും നടക്കേണ്ടത്.
ജനാധിപത്യത്തില്‍ കുറഞ്ഞ ഏതൊരാവശ്യവും നമ്മുടെ അടിമച്ചങ്ങലകള്‍ മുറുക്കികെട്ടുകയേ ഉള്ളൂ. ഇനിയെങ്കിലും ഇവിടെ നടക്കുന്ന എല്ലാ സമരങ്ങളും - അത് ആര് നയിച്ചാലും - ലക്ഷദ്വീപിന്റെ ഭരണം ലക്ഷദ്വീപുകാരെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരിക്കണം. ജനാധിപത്യം നമ്മുടെ അവകാശമാണ് ആരുടെയും ഔദാര്യമല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY