DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് വൈദ്യുതിമേഖല സ്വകാര്യവൽക്കരണം സർക്കാരിനും പൊതുജനത്തിനും ബാധ്യതയാകും: തീരുമാനത്തിൽ നിന്നും പിന്മാറണം. ദ്വീപ് ഡയറി എഡിറ്റോറിയൽ.

In editorial BY Mubeenfras On 23 February 2022
ഇന്ത്യാരാജ്യത്തെ വിദൂരപ്രദേശങ്ങളെ പരിഗണിക്കുമ്പോൾ ലക്ഷദ്വീപിൽ വളരെ നേരത്തെതന്നെ ദിവസത്തിൽ മുഴുവൻ സമയവും വൈദ്യുതി ലഭിച്ചുതുടങ്ങിയിരുന്നു. 1962ൽ മിനിക്കോയിലാണ് ആദ്യത്തെ ഡീസൽ പവർ സ്റ്റേഷൻ സ്ഥാപിക്കപ്പെടുന്നത്. 1964ൽ കവരത്തിയിലും 1982ൽ ബിത്രയിലും വന്നതോട്കൂടി ലക്ഷദ്വീപിൽ മുഴുവനും വൈദ്യുതി ലഭിച്ചുതുടങ്ങി. പുതിയ തലമുറക്ക് പവർകട്ടുകൾ അത്ര പരിചയമില്ലെങ്കിലും തുടക്കത്തിൽ കവരത്തിയിൽ മാത്രമായിരുന്നു ദിവസം മുഴുവൻ വൈദ്യുതി ലഭിച്ചിരുന്നത്.
1962ൽ 51.6 കിലോവാട്ടിൽ തുടങ്ങി 2022 ആകുമ്പോഴെക്ക് 30ൽ കൂടുതൽ മെഗാവാട്ടിലെത്തിയിരിക്കുന്ന ലക്ഷദ്വീപിലെ വൈദ്യുതിമേഖല സ്വകാര്യവത്കരിക്കാൻ ഒരുങ്ങുകയാണ് പുതിയ ഭരണകൂടം. ലക്ഷദ്വീപുകാർ എല്ലാ ആനുകൂല്യങ്ങളെക്കുറിച്ചും കരുതുന്ന പോലെത്തന്നെ ഒരിക്കലും നഷ്ടപ്പെടില്ല എന്ന് കരുതിയിരുന്ന കുറഞ്ഞനിരക്കിലുള്ള മുഴുവൻ സമയ വൈദ്യുതി ഒരോർമ മാത്രമാക്കി മാറ്റിയേക്കാവുന്നതാണ് വിവാദ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഈ സ്വകാര്യവൽക്കരണ പദ്ധതി. ലക്ഷദ്വീപുകാർക്ക് മുഴുവൻ സമയ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും വളരെ ഉയർന്ന നിരക്കിലുള്ള സബ്സിഡിയാണ് നമുക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ വൈദ്യുതി വീടുകളിൽ ലഭിക്കുന്നതിന് കാരണമാകുന്നത്.
ഇപ്പോൾ നിലവിലുള്ള ഡീസൽ പവർ സ്റ്റേഷനിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഏകദേശം 36 രൂപയാണ് ചെലവ് വരുന്നത്. ഗാര്‍ഹിക കണക്ഷനിൽ 1.35 രൂപയാണ് ഒരു യൂണിറ്റിന് ചാർജ് വരുക. ഇത്രയും ഭീമമായ തുക സബ്സിഡി ഇനത്തിൽ ചെലവാക്കുന്നത് കൊണ്ട് വൈദ്യുതിയുടെ വിലകൂട്ടി നഷ്ടം നികത്തിക്കളയാം എന്നുള്ളത് പ്രയോഗികമായിട്ടുള്ള നടപടിയല്ല. ഡീസൽ പവർ സ്റ്റേഷനുകളെ പൂർണമായും ആശ്രയിക്കുന്നത് നിർത്തിവെക്കുക എന്നുള്ളതാണ് ഏകപരിഹാരം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ലക്ഷദ്വീപ് ഭരണകൂടം നടത്തിവരുന്നതിന്റെ ഭാഗമായി ഇപ്പോൾ ചെറിയൊരു ശതമാനം വൈദ്യുതി സോളാർ പവർപ്ലാന്റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂട്ടുന്നതിന്റെ ഭാഗമായി പ്രധാനമായും കേന്ദ്രസർക്കാരിന്റെ രണ്ട് പദ്ധതികളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടത്താൻ ഉദ്ദേശിച്ചത്. സോളാർ റൂഫ് ടോപ് സ്കീം ആണ് ഒന്നാമത്തേത്. അതായത് നമ്മുടെ ടെറസ്സുകൾ സോളാർ പാനല്‍ സെറ്റ് ചെയ്യാൻ വാടകക്ക് കൊടുക്കുകയും അതിൽ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുക.
രണ്ടാമത്തേത് കേന്ദ്രസർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നുള്ളതാണ്. ഇപ്പോൾ ഉപയോഗിക്കുന്നതിന്റെ നാല്പത് ശതമാനം വൈദ്യുതി യൂണിറ്റിന് 10 രൂപ നിരക്കിൽ നൽകാമെന്നുറപ്പു നൽകുന്ന പദ്ധതി സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്താൻ ധാരണയായതാണ്. കവരത്തിയിലെയും അഗത്തിയിലെയും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അതായത് ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നൽകിയാൽ പോലും ഇപ്പോൾ ഉണ്ടാകുന്നതിന്റെ പകുതി നഷ്ടം പോലും ഈ പദ്ധതിയിൽ വൈദ്യുതിവകുപ്പിനുണ്ടാവില്ല. ഇത്തരം സംരംഭങ്ങൾ വൈദ്യുതിവകുപ്പിനെ നഷ്ടങ്ങളിൽ നിന്നും കരകയറ്റും എന്ന് ഏതാണ്ടുറപ്പായ സമയത്താണ് വിവാദപുരുഷനായ ശ്രീ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ആയി എത്തുന്നത്. അദ്ദേഹം ആദ്യം പറഞ്ഞത് സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്തുന്ന സ്കീം നിർത്തിവെക്കാനാണ്. കൂടാതെ 100 ശതമാനം സ്വകാര്യവത്കരണം നടത്താനുള്ള നടപടികൾ ആരംഭിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. രാജ്യം മൊത്തം വൈദ്യുതിമേഖല സ്വകാര്യവത്കരിക്കുകയാണെന്നും അതുകൊണ്ട് എതിർത്തിട്ട് കാര്യമില്ലെന്നുമൊക്കെയുള്ള സ്ഥിരം ന്യായങ്ങളാണ് നമ്മൾ പറഞ്ഞുകേട്ടത്.
ഇന്ത്യാരാജ്യത്ത് വൈദ്യുതിമേഖല നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒരുമിച്ചാണ്. വൈദ്യുതിമേഖല പൂർണമായും സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് രാജ്യത്തെവിടെയും ചർച്ചയില്ല. പകരം വൈദ്യുതി ഉൽപ്പാദനം മുതൽ വിതരണം വരെയുള്ള ഘടകങ്ങളിൽ നിന്നും വിതരണം മാത്രമാണ് സ്വകാര്യവത്കരിക്കുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ലക്ഷദ്വീപിന്റെ കാര്യത്തിൽ മേഖല പൂർണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. യൂണിറ്റിന് 36 രൂപ ഉല്പാദന ചെലവ് വരുന്ന ഒരു സ്ഥലത്ത് വൈദ്യുതിമേഖല സ്വകാര്യവത്കരിച്ചാൽ ഒരു സ്വകാര്യകമ്പനിക്ക് എങ്ങനെ പിടിച്ചു നില്ക്കാൻ പറ്റും എന്ന വലിയൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരമായി കാണുന്നത് ഗ്യാപ് ഫണ്ടിംഗ് ആണ്. അതായത് പറ്റാവുന്നത്ര ഉയർന്ന നിരക്കിൽ സ്വകാര്യകമ്പനികൾ വൈദ്യുതി നൽകിയാലും അവർക്ക് നഷ്ടമുണ്ടാകും. അങ്ങനെ അവർക്കുണ്ടാകുന്ന നഷ്ടം ഭരണകൂടം നികത്തിനൽകും. അപ്പോൾ അവർക്ക് സുഗമമായി പ്രവർത്തിക്കാനാകും എന്നതാണ്. എന്നാൽ ഇതുകൊണ്ട് സർക്കാരിനും പൊതുജനങ്ങൾക്കും ഒരു ലാഭവുമുണ്ടാകില്ല എന്ന് മാത്രമല്ല വൈദ്യുതിനിരക്കുകൾ ക്രമാതീതമായി വർധിക്കുകയും ചെയ്യും. കൂടാതെ ഒരുപാട് ഒളിഞ്ഞു കിടക്കുന്ന ചാർജുകൾ നല്കേണ്ടതായിട്ടും വരും. ഒരു ചെറിയ ഫ്യൂസ് വയർ മാറ്റിയിടുന്നത് മുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വരെ നമ്മൾ കണക്കുകൂട്ടുന്നതിനെക്കാളും വലിയ ചാർജുകൾ നൽകേണ്ടിവരും.
പിന്നെ പറയുന്നത് ഡീസൽ പവർ സ്റ്റേഷനുകൾ നിർത്തി രണ്ടു വർഷത്തിനുള്ളിൽ സോളാർ പവർ പോലുള്ള വഴികളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സ്വകാര്യകമ്പനികളെ നിർബന്ധിക്കുന്ന നിബന്ധനകൾ വെച്ചുകൊണ്ട് ചെലവ് ചുരുക്കും എന്നൊക്കെയാണ്. ഇതൊക്കെ എത്രത്തോളം പ്രയോഗികമാണെന്നുള്ളത് നടപ്പിലാക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കു. ഇന്ത്യയിൽ ആദ്യമായി വൈദ്യുതിമേഖലയിൽ സ്വാകാര്യവൽക്കരണം നടത്തിയ ഒറീസയിൽ അതിനെ നഖശിഖാന്തം എതിർത്ത ബിജെപി എന്ന പാർട്ടി അയച്ച അഡ്മിനിസ്‌ട്രേറ്റർ വളരെ തിടുക്കത്തിൽ നടത്താൻ ശ്രമിക്കുന്ന ഈ സ്വകാര്യവൽക്കരണം സംശയത്തിന്റെ നിഴലില്ലലാതെ നോക്കിക്കാണാൻ കഴിയില്ല. ആദ്യമായി ഇതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സന്ദർശിക്കാൻ പോകുന്ന കമ്പനി ഗുജറാത്ത് ആസ്ഥാനമായിട്ടുള്ള ടോറന്റ് പവർ ആണ് എന്നതും ശ്രദ്ധേയമാണ്. ലക്ഷദ്വീപിലെ പൊതുജനം ഉണർന്നു പ്രവർത്തിക്കേണ്ട ഒരു ഘട്ടമാണിത്. കേവലം വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന പ്രശ്നമായിട്ടാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. ഏകദേശം നാനൂറോളം തസ്തികകളുള്ള വകുപ്പിൽ വെറും മുന്നൂറ് പേരാണ് ഇപ്പോൾ ജോലിചെയ്യുന്നത്. ഏത് കമ്പനി വന്നാലും ജോലിക്കാരുടെ എണ്ണം കുറയാനുള്ള സാധ്യത കുറവാണ്. പക്ഷെ കുത്തക കമ്പനികൾ അവരുടെ ഇഷ്ടത്തിനൊത്ത്‌ തീരുമാനങ്ങൾ മാറ്റിയാൽ ജനങ്ങൾ നോക്കുകുത്തിയായിപ്പോകും എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ശരാശരി വൈദ്യുതി ലഭ്യത ദിവസം 24 മണിക്കൂറല്ല. പകരം അത് 15ഓ 20ഓ ആകാം. മാറ്റം ഏറ്റെടുത്ത കമ്പനി അത്തരം ഒരു നിലപാട് എടുത്താൽ ഇന്ന് ചെയ്യാൻ പറ്റാത്തതൊന്നും അന്നും ചെയ്യാൻ സാധിക്കില്ലെന്നുറപ്പാണ്.
ഒറീസയിൽ ഒരു പ്രകൃതിക്ഷോഭമുണ്ടായപ്പോൾ സംഭവിച്ച നാശനഷ്ടങ്ങൾ സർക്കാർ നികത്തണോ അതോ കമ്പനി നികത്തണോ എന്ന ചർച്ച ചില്ലറ ബുദ്ധിമുട്ടല്ല ജനങ്ങൾക്ക് വരുത്തിയത്. ഒരു ദേശിയ വൈദ്യുത ഗ്രിഡിനോടും ബന്ധിപ്പിക്കപ്പെട്ടിട്ടില്ലാത്ത ലക്ഷദ്വീപ് സമൂഹത്തിൽ സ്വകാര്യവത്കരണത്തിന് ശേഷം നടക്കുന്ന പ്രകൃതിക്ഷോഭങ്ങൾ ലക്ഷദ്വീപിനെ കാലങ്ങളോളം ഇരുട്ടിലാക്കും എന്ന കാര്യം ഉറപ്പാണ്.
എല്ലാ പ്രശ്‌നങ്ങൾക്കും സ്വകാര്യവൽക്കരണം ഒരു പരിഹാരമല്ല എന്നത് ഒരു ചരിത്രവസ്തുതയാണ്. തെറ്റാവർത്തിക്കപ്പെടുന്നതിന് മുൻപ് പൊതുജനങ്ങളുടെ ശക്തമായ ഇടപെടൽ അത്യാവശ്യമാണ്. ഭരണകൂടം ജനഹിതം മാനിച്ചു ഇത്തരമൊരു തീരുമാനത്തിൽ നിന്നും പിന്മാറണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY