DweepDiary.com | ABOUT US | Sunday, 10 December 2023

ഡോ.ഹനീഫാക്കോയ എന്ന സൂഫിയും ഗവേഷകനും: വിസ്മയം കൊള്ളിച്ച ജീവിതം,ഇസ്മത്ത് ഹുസൈൻ

In editorial BY Salahudheen KLP On 24 November 2021
എനിക്ക് കുറേ നാളായി എഴുതാൻ കഴിയുന്നില്ല. ഒരു ഖണ്ഡിക എഴുതി കഴിയുമ്പോഴേക്കും മനസ് ശൂന്യമാവും. കിൽത്താൻ ദ്വീപിലെ സ്വകാര്യ വാഡ്സാപ്പ് ഗ്രൂപ്പായ കോക്ക ഫുളുക്കിയാറിൽ എഴുതിക്കൊണ്ടിരുന്ന നോവൽ 'മുളക് കുരുവ്' എഴുതാൻ കഴിയാതെ നിന്നുപോയി. ദ്വീപുമുക്കുവന്മാരും ചരിത്രവുമൊക്കെ കോർത്തിണക്കി എഴുതിക്കൊണ്ടിരുന്ന 'കടലോനപ്പുര' എന്ന നോവലും നിശ്ചലമായി. ഇങ്ങനെയുണ്ടാവുന്ന അവസരങ്ങളിൽ പുതിയ എഴുത്ത് ട്രിക്കുകളുമായി കടന്നുവരുന്ന സുഹൃത്ത് ഡോ.ഹനീഫാക്കോയയുമായി ഇരിക്കാൻ കഴിയാത്തത് മനസിനെ അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആ ദുഃഖവാർത്ത എന്നെ തേടി എത്തുന്നത്. മരണം വന്ന് എന്റെ സുഹൃത്തിന്റെ കരം പിടിച്ചുകൊണ്ടുപോയി.
എറണാകുളത്ത് ഞാൻ അദ്ദേഹത്തെ കാണാൻ പോയിരുന്നു. അസുഖവിവരമൊക്കെ പറഞ്ഞു. കിടന്ന് ആരേയും ബുദ്ധിമുട്ടിക്കുന്നതിന് മുമ്പ് പോവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ കുറേനേരം തനിച്ചിരുന്ന് സംസാരിച്ചു. വാക്കുകൾ ഒഴിവാക്കി കണ്ണിൽകണ്ണിൽ നോക്കി മൗനമായിരുന്നു. ഞാൻ എന്റെ പുസ്തകം 'തിന്നിണ്ട മലയാളം' അദ്ദേഹത്തിന് സമ്മാനിച്ചു. യാത്ര പറഞ്ഞിറങ്ങാൻ നേരം പേഴ്സ് തുറന്ന് ഏതോ മഹാൻ കൊടുത്ത ബർക്കത്തിന്റെ ഒരു രൂപാ കറൻസി എനിക്ക് സമ്മാനമായി തന്നു. അതും വാങ്ങി പുറത്തിറങ്ങിയപ്പോൾ പറഞ്ഞു: 'കോലോടം പോലെ ഇനിയും നോവലുകൾ എഴുതണം!' ഹനീഫകോയാ മോട്ടിവേഷന്റെയാളാണ്. എപ്പോഴും പോസിറ്റീവായിട്ടേ സംസാരിക്കൂ. എന്റെ 'കോലോട'ത്തിന്റെ ആദ്യ വായനക്കാരൻ ഇയ്യയായിരുന്നു. അതിന് ചെറിയൊരു കുറിപ്പെഴുതി തന്നത് ആദ്യപതിപ്പിൽ കൊടുത്തിരുന്നു. 'കോലോട'ത്തിന്റെ കുറേ പതിപ്പുകൾ വാങ്ങി പലർക്കും ദ്വീപിന്റെ ഉപഹാരമായി കൊടുക്കാറുണ്ടായിരുന്നു. ലക്ഷദ്വീപ് സാഹിത്യം ഗ്രൂപ്പിൽ ഇയ്യാ പോസ്റ്റിയ എന്റെ 'തിന്നിണ്ട മലയാള'ത്തിനുള്ള ആസ്വാദനക്കുറിപ്പാവാം അവസാന രചന. ഒരു കവിതയും അദ്ദേഹം തന്നെ പാടി പോസ്റ്റ് ചെയ്തിരുന്നു. പിന്നെ ഗ്രൂപ്പിൽ നിന്നും ലഫ്റ്റായി പോവുകയായിരുന്നു. ഒരു മുന്നൊരുക്കം പോലെ.
അദ്ദേഹത്തെ ഡോ. ഹനീഫാകോയാ എന്നും ഇയ്യാ എന്നും സാറെന്നു മൊക്കെ പലരും വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഒരു പേര് ചൊല്ലിയും ഞാനദ്ദേഹത്തെ വിളിച്ചിട്ടില്ല. എപ്പോഴും ഞങ്ങളൊന്നിച്ച് ഉണ്ടാവാറുണ്ട്. കടൽതീരങ്ങളിൽ മുഖത്തോട് മുഖം നോക്കി പാതിരാവോളം വെറുതെ മൗനമായിരുന്നിട്ടുണ്ട്. സംസാരിച്ച് സംസാരിച്ച് ഊർജ്ജം പകർന്നിട്ടുണ്ട്. എക്കാർട്ട് ഡോളെയുടെ "പവർ ഓഫ് നൗ" എന്ന പുസ്തകത്തെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞത് അദ്ദേഹമായിരുന്നു. ഇംഗ്ലീഷ് വശമില്ലാതിരുന്ന എനിക്ക് അത് വായിച്ച് ആശയം വിശദീകരിച്ചു തരുമായിരുന്നു. മുതിർന്ന ഒരാളോട് സംസാരിക്കുന്നത് പോലെ തന്നെ അത്രക്കും പ്രാധാന്യത്തോടെ കുട്ടികളോടും ഇടപെടുമായിരുന്നു. വലിയ വലിയ സ്വപ്നങ്ങൾ കൊണ്ടു നടന്നിരുന്നു. ആ സ്വപ്നങ്ങളിലെല്ലാം ദ്വീപിന്റെ പരിസ്ഥിതിയും ദ്വീപുകാരും നിറഞ്ഞുനിന്നു.
മിനിക്കോയിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഇയ്യാ അവിടേക്ക് വന്നു. ഞാൻ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. ഇയ്യാ ഭക്ഷണത്തിനായി എന്റെ ക്വാട്ടേസിലെത്തിയപ്പോൾ അദ്ദേഹത്തിന് അറുക്കാൻ കൊണ്ടുവന്ന കോഴി അദ്ദേഹത്തിന്റെ മുന്നിലേക്ക് ഇറങ്ങിയോടി. ഞങ്ങൾ രണ്ടുപേരും ചേർന്ന് ശരിയാക്കി ഭക്ഷണം കഴിച്ചാണ് അദ്ദേഹം അവിടെ നിന്നും പോയത്.
ഈയടുത്തിടെ കിൽത്താൻ ദ്വീപിലെ ആയിവാ ആലിക്കോയാന്റെ പക്കൽ മാൽമി കണക്ക് (നാവിക ശാസ്ത്രം) പഠിക്കാൻ പോയത് ഞങ്ങൾ മൂന്ന് പേരാണ്. ഹാഫിസ് നവാസ് മുസ്ലിയാരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആയിവാന്റെ അടുത്ത് നിന്നും ഒരു കൊച്ചു വിദ്യാർത്ഥി ചോദ്യം ചോദിക്കുന്നത് പോലെയാണ് ഇയ്യാ കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത്. വലിയ ഗവേഷകൻ ആണല്ലൊ അദ്ദേഹം. വിദേശ രാജ്യങ്ങളിൽ വരെ തന്റെ പ്രതിഭയും പാണ്ഡിത്യവും കൊണ്ട് യശസ്സ് തീര്ത്ത വ്യക്തിത്വമാണ്. ഫിഷറീസ് ഡെപ്യുടി ഡയറക്ടർ ആയിരുന്ന ശാസ്ത്രജ്ഞൻ. എന്നിട്ടും എപ്പോഴും ഒരു വിദ്യാർത്ഥിയായിരിക്കാൻ ശ്രമിച്ചയാളായിരുന്നു അദ്ദേഹം.
ഒരു സൂഫിയായിരിക്കാൻ വേണ്ടി ഏറേ കഠിനദ്ധ്വാനം ചെയ്തിട്ടുണ്ട്. അദ്ധ്യാത്മിക ഗുരുവിനെ മക്കത്ത് വെച്ചാണ് സ്വീകരിച്ചത്. റൂഹിന്റെ പിതാവ് തുർക്കിക്കാരനായിരുന്നു. കുറേ തവണ അവിടെ പോയി ഗുരുവുമായി സഹവസിച്ചിട്ടുണ്ട്. ഞാൻ വീടു വെക്കുമ്പോൾ എന്റെ കൈയ്യിൽ കുറച്ച് കാശ് കൊണ്ടുവന്ന് തന്നു. തിരിച്ച് കൊടുക്കാൻ എത്ര ശ്രമിച്ചിട്ടും അത് വാങ്ങാൻ കൂട്ടാക്കിയില്ല. ഞങ്ങൾ തമ്മിൽ എന്നാണ് പരിചയപ്പെട്ടതെന്ന് ഓർക്കാൻ കഴിയുന്നില്ല. ഞാനൊരിക്കൽ ചോദിച്ചപ്പോൾ ഇയ്യാ പറഞ്ഞു. "നമ്മൾ കാലാകാലങ്ങളായി സുഹൃത്തുക്കളാണ് " എന്ന്.
എഴുത്ത് അദ്ദേഹത്തിന് ഒരലങ്കാര മായിരുന്നു. ഗൃഹാതുരത്വത്തിൽ ചാലിച്ച ദ്വീപോർമ്മ കളാണ് ആദ്യ പുസ്തകം "സാഗര സ്പന്ദന ങ്ങൾ." അതിന്റെ രചന നടക്കുമ്പോൾ അദ്ദേഹം കിൽതാൻ ദ്വീപിൽ ജോലി ചെയ്യുകയും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ പ്രസിഡന്റുമായിരുന്നു. അപ്പോൾ ഞാനായിരുന്നു അദ്ദേഹത്തിന്റെ സെക്രട്ടറി. എഴുതിയത് കടപ്പുറത്തിരുന്ന് വായിച്ച് തിരുത്തി, മിനുക്കി എഴുതീട്ടുണ്ട്. എപ്പോഴും ഏതുകാര്യത്തേയും ഒരു ഗവേഷണ സ്വഭാവത്തോടെ സമീപിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു നോവൽ രചിക്കാനുള്ള ആലോചനയുണ്ടായിരുന്നു. ലക്ഷദ്വീപിന്റെ പ്രാദേശിക ചരിത്രം എഴുതാനുള്ള അന്വേഷണങ്ങൾ തുടങ്ങിയിരുന്നു. കുറേയാളുകളെ ഇന്റർവ്യൂ ചെയ്തത് ഞങ്ങൾ ചർച്ചചെയ്തിരുന്നു. അതു നഷ്ടപ്പെട്ടു പോവാതെ നോക്കേണ്ടതുണ്ട്.
കൽപ്പേനിയിലേ കൂമേലിൽ അദ്ദേഹ ത്തിന്റെ സ്ഥലത്ത് ഒരു ആശ്രമം കെട്ടി കുട്ടികൾക്ക് അറിവ് പകർന്ന് കുറേക്കാലം ജീവിക്കണമെന്നായിരുന്നു അവസാനമായി പങ്കുവെച്ച ആഗ്രഹം. പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരായ ഒരു സമൂഹം വാർത്തെടുക്കാനുള്ള പരിശ്രമമായിരുന്നു അതിനുള്ള പ്രേരണ.
പ്രായം കൊണ്ട് എനിക്ക് എത്രയോ മുകളിലാണ് ഇയ്യാ. പക്ഷെ സൗഹൃദം കൊണ്ട് കൂടപ്പിറപ്പുകളെ പോലെയാണ് അദ്ദേഹം ഇടപ്പെട്ടത്. അദ്ദേഹത്തിന്റെ കോഴിക്കോടുള്ള വീടിന്റെ അതിർത്തി അളക്കാൻ എന്നെയാണ് പറഞ്ഞയച്ചത്. അത് തീർപ്പാക്കാൻ എന്തു തീരുമാനമെടുക്കാനും എന്നെ അധികാരപ്പെടുത്തിയിരുന്നു. അദ്ദേഹം ജീവിതത്തിൽ നമ്മൾക്ക് തന്ന സ്വാതന്ത്ര്യങ്ങൾ ഓർക്കുമ്പോൾ മനസ് വല്ലാതെ വൈകാരികത മാവുന്നു. ഇന്നലെ രാത്രി ഒരു പച്ച ഷാള് പുതച്ച് അദ്ദേഹം എന്റെ സ്വപ്നത്തിൽ വന്ന് ചിരിച്ചു. സുമുഖനായ ഹനീഫാക്കോയാന്റെ മുഖത്തേക്ക് നോക്കി ഞാനും ചിരിച്ചു. "എഴുതണം. നിങ്ങൾ നിങ്ങളെക്കുറിച്ച് തന്നെ എഴുതിതുടങ്ങൂ. അപ്പോൾ എഴുതാൻ പറ്റും..." എന്റെയും ഇയ്യായുടേയും സുഹൃത്തായ എം. നൗഷാദ് മരണമറിഞ്ഞ ദിവസം ദ്വീപ് ഡയറിക്ക് വേണ്ടി എന്നോട് എഴുതാൻ പറഞ്ഞതാണ് ഈ കുറിപ്പ്. എഴുത്ത് നിന്ന് പോയത് കാരണം അതിങ്ങനെ നീണ്ടു നീണ്ടുപോയി. അവസാനം ഡോ. ഹനീഫക്കോയ തന്നെ നേരിട്ടെത്തി എന്നെക്കൊണ്ട് എഴുതിക്കുകയായിരുന്നു. എനിക്ക് എഴുതാൻ കഴിയുമെന്ന് ബോധ്യമായി. ഇയ്യാക്ക് പരലോക ജീവിതം ആസ്വാദ്യകരമായി തീരാൻ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ഈ വരികൾ ഇവിടെ നിർത്തുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY