DweepDiary.com | ABOUT US | Sunday, 04 June 2023

അഡ്മിനിസ്‌ട്രേറ്ററുടെ യാത്രാ ധൂർത്ത് ചട്ടവിരുദ്ധം; ഫണ്ട് തിരിമറി നടത്താതെ ബിൽ അടക്കാനാവില്ല

In editorial BY Raihan Rashid On 19 June 2021
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്റെ അമിതമായ യാത്രാ ചെലവുകണക്കുകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നുവല്ലോ. 'ദി വയർ' പോലുള്ള ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ പലരും ഇതിലെ നിയമവിരുദ്ധതയെയും ഫണ്ട് തിരിമറിയെയും കുറിച്ച് വിശദമായി എഴുതിക്കഴിഞ്ഞു. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ട് എന്ന പൊതുബോധമാവാം ഈ യാത്രാധൂർത്തിനെ ദ്വീപിലെ പൊതുസമൂഹം ലാഘവത്തോടെ കാണാൻ കാരണം. ചെലവുചുരുക്കലിന്റെ പേരിൽ രണ്ടായിരത്തോളം ജീവനക്കാരെ ഒരു ദാക്ഷിണ്യവുമില്ലാതെ പിരിച്ചുവിട്ട അതേ അഡ്മിനിസ്ട്രേറ്ററാണ് സ്വന്തം സുഖലോലുപ യാത്രക്കുവേണ്ടി ലക്ഷക്കണക്കിന് രൂപ ഖജനാവിൽ നിന്നും എല്ലാ വ്യവസ്ഥകളും തെറ്റിച്ച് തോന്നുംപോലെ ചെലവഴിക്കുന്നത് എന്നോർക്കണം.

ജൂൺ 14 ന് കോസ്റ്റ് ഗാർഡിന്റെ സി ജി 789 ചാർട്ടേർഡ് വിമാനത്തിലാണ് പട്ടേൽ ദമനിൽ നിന്നും അഗത്തിയിലെത്തിയത്. 'ദി വയർ' റിപ്പോർട്ട് പ്രകാരം അടിയന്തിര ഘട്ടത്തിലെ ടിക്കറ്റാണെങ്കിൽ പോലും പരമാവധി 30,000 രൂപയാണ് ദാമൻ - ലക്ഷദ്വീപ് യാത്രക്ക് മടക്കയാത്രയുൾപ്പെടെ ചെലവ് വരിക എന്നിരിക്കെയാണ് 23 ലക്ഷം രൂപ പട്ടേൽ ചെലവഴിക്കുന്നത്. ലക്ഷദ്വീപിന്റെ വാർഷിക സാമ്പത്തിക ബജറ്റിനെ കൃത്യമായി അപഗ്രഥനം നടത്തുമ്പോൾ പട്ടേലിന്റെ ധൂർത്തുകൾ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണെന്ന് മാത്രമല്ല വലിയൊരു സാമ്പത്തിക ക്രമക്കേട് കൂടിയാണെന്ന് മനസ്സിലാകും.

ഒരു വർഷത്തെ കേന്ദ്ര ബജറ്റിൽ ലക്ഷദ്വീപിനു വേണ്ടി നീക്കിവയ്ക്കുന്നത് ഏകദേശം 1300 ഓളം കോടി രൂപയാണ്. 2020- 21 സാമ്പത്തിക വർഷത്തിൽ അഡ്മിനിസ്‌ട്രേറ്റർക്ക് മാത്രമായി ലക്ഷദ്വീപിന്റെ ആകെ ബജറ്റിൽ നിന്നും വകയിരുത്തിയിരിക്കുന്നത് 53 ലക്ഷം രൂപയാണ്. അതിൽ യാത്രാബത്ത വെറും 20 ലക്ഷം രൂപ മാത്രം. ഇത്രയും തുക മാത്രമേ ഒരു വർഷത്തിൽ യാത്രാ ഇനത്തിൽ ചെലവഴിക്കാൻ അസ്മിനിസ്‌ട്രേറ്റർക്ക് അധികാരമുള്ളൂ. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്ററുടെ ഒരു യാത്രക്ക് തന്നെ 20 ലക്ഷത്തിന് മുകളിൽ ചെലവുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം ഇപ്പോൾ തന്നെ ഏകദേശം ഒരു കോടി രൂപയോളം തുക ഏറ്റവും പുതിയ സന്ദർശനം കൂടി കഴിയുമ്പോൾ ആയിട്ടുണ്ടാകും.
അഡ്മിനിസ്ട്രേറ്ററുടെ യാത്രാചെലവിന് ഒരു വർഷത്തേക്ക് 20 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയതെങ്കിൽ വേറെ എവിടുന്നാണ് ഇത്രയും വലിയ തുക അഡ്മിനിസ്ട്രേഷൻ ചെലവഴിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് വളരെ അപകടകരമായ ഫണ്ട് തിരിമറികളിലേക്ക് വെളിച്ചം വീശുന്നത്. Other Administrative Expenses എന്ന തലക്കെട്ടിൽ വകയിരുതിയിരിക്കുന്ന 50 ലക്ഷം രൂപയാണ് ഇതുവരെയുള്ള തുകയടക്കാൻ അഡ്മിനിസ്ട്രേഷൻ ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്ര സാമ്പത്തിക മന്ത്രാലയം ചെലവ് ചുരുക്കൽ നടപ്പാക്കുന്നതിന് വേണ്ടി പുറത്തിറക്കിയ സർക്കുലറിൽ ചെലവ് ചുരുക്കൽ സാധ്യമായ ഒരു തലക്കെട്ടായി കണക്കാക്കുന്ന ഒന്നാണ് Other Administrative Expenses (OAE) എന്ന കാര്യം കൂടി കണക്കിലെടുത്താൽ എത്ര നിരുത്തരവാദപരമായ വകമാറ്റലാണ് ലക്ഷദ്വീപ് ഭരണകൂടം നടതിയിരിക്കുന്നതെന്ന് വ്യക്തമാകും.

ഇങ്ങനെ പോയാൽ പലതരം ആവശ്യങ്ങൾ കാണിച്ച് കേന്ദ്രസർക്കാരിനോട് അഡ്മിനിസ്ട്രേഷൻ വാങ്ങി വെച്ചിരിക്കുന്ന ഫണ്ടുകളിൽ വലിയൊരു വിഹിതം വക മാറ്റി അഡ്മിനിസ്‌ട്രേറ്ററുടെ യാത്രാചെലവിനായി ഉപയോഗിക്കേണ്ടി വരും. അഡ്മിനിസ്ട്രേറ്റർ രാജാവല്ല എന്നും നിയമങ്ങൾ അനുസരിച്ച് ദ്വീപിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട വ്യക്തിയാണ് എന്നും ഒരു ജനാധിപത്യരാജ്യത്തിനകത്തെ നിയമങ്ങൾ ഭരിക്കുന്നവർക്കും ബാധകമാണെന്നും നമ്മൾ ഇടയ്ക്കിടെ ഉറക്കെപ്പറയേണ്ടി വരികയാണ്. നിയമങ്ങൾ തെറ്റിച്ചാൽ, അഴിമതി നടത്തിയാൽ ആരായാലും ശിക്ഷിക്കപ്പെട്ടേ തീരൂ; അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും അഡ്മിനിസ്‌ട്രേറ്ററായാലും ശരി. എങ്കിലേ അവിടെ ജനാധിപത്യമുണ്ടാവുകയുള്ളൂ.

ചെലവുചുരുക്കലിന്റെ പേരിൽ ദ്വീപിലെ രണ്ടായിരത്തോളം സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുത്തുകയും ജനങ്ങൾക്ക് ഉപജീവനമാർഗ്ഗങ്ങൾ നിഷേധിക്കുകയും ക്ഷേമപദ്ധതികൾ നടപ്പിലാക്കാതിരിക്കുകയും മെഡിക്കൽ ഇവക്കുവേഷൻ വരെ അപ്രാപ്യ സങ്കീർണമാക്കുകയും ചെയ്ത, കൂടുതൽ പിരിച്ചുവിടലുകൾ തുടർന്നുകൊണ്ടേയിരിക്കുന്ന അതേ അഡ്മിനിസ്ട്രേറ്ററാണ് ഇത്തരം ധൂർത്തുകൾ നിയമവിരുദ്ധമായി സ്വന്തം സൗകര്യം നോക്കി നടപ്പിലാക്കുന്നത് എന്നത് തികച്ചും പ്രതിഷേധാർഹമാണ്. കിരാതമായ ജനദ്രോഹ നയങ്ങൾ ആവർത്തിക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യ മര്യാദകളെല്ലാം ലക്ഷദ്വീപ് ഭരണകൂടം കാറ്റിൽ പറത്തുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു പ്രവർത്തിക്കുന്ന മാധ്യമം എന്ന നിലയിൽ ദ്വീപ് ഡയറിക്ക് ജനങ്ങളോട് ഒന്നേ പറയാനുള്ളൂ.' ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണ്'. ജനാധിപത്യം എന്നാൽ പ്രതികരണബോധവും ഭരണകർത്താക്കളുടെ അക്കൗണ്ടബിലിറ്റിയുമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY