DweepDiary.com | ABOUT US | Tuesday, 24 May 2022

അഡ്മിനിസ്റ്ററോട് ലക്ഷദ്വീപുകാർക്ക് പറയാനുള്ളത് (Editorial)

In editorial BY AMG On 16 June 2021
വിവാദ നിയമങ്ങളുടെയും ജനാധിപത്യരഹിതമായ പരിഷ്‌കരണങ്ങളുടെയും പശ്ചാത്തലത്തിൽ ലക്ഷദ്വീപ് അഡ്‌മിനിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ഒരാഴ്ച്ചത്തേക്ക് ലക്ഷദ്വീപിൽ എത്തിയിരിക്കുകയാണല്ലോ. ലഭ്യമായ വിവരങ്ങള്‍ പ്രകാരം തൻ്റെ മുൻകാല നയങ്ങളുടെയും സമീപനങ്ങളുടെയും തുടർച്ചയായുള്ള പരിപാടികൾ തന്നെയാണ് അദ്ദേഹത്തിനുള്ളതെന്ന് മനസിലാകുന്നു. അതിൽ വൈദ്യതി സ്വകാര്യവൽക്കരണം മുതൽ ടൂറിസം പ്രോജക്ടുകൾ വരെ ഉൾപ്പെടും. ഈയിടെ മാധ്യമങ്ങൾക്ക് കൊടുത്ത ചില അഭിമുഖങ്ങളിൽ പട്ടേൽ തൻ്റെ മനസ്സിലെ ചില കാര്യങ്ങൾ വെളിപ്പെടുത്തുക കൂടി ചെയ്‌ത പശ്ചാത്തലത്തിലാണ് ദ്വീപുകാർക്ക് പറയാനുള്ള ചില കാര്യങ്ങൾ പത്രധർമമെന്ന രീതിയിൽ ഇവിടെ പങ്കുവെക്കുന്നത്.

ഒന്നാമത്തെ കാര്യം ലക്ഷദ്വീപിലെ സമരം കേരളത്തിലെ തൽപരകക്ഷികൾ ഉണ്ടാക്കിയെടുത്തതാണെന്നും ദ്വീപിൽ ആർക്കും താങ്കളുടെ പരിഷ്‌കാരണങ്ങളോട് എതിർപ്പില്ലെന്നും താങ്കൾ പറഞ്ഞത് പച്ചക്കള്ളമാണെള്ളുതാണ്. നുണയാണ് ഏകാധിപധ്യത്തിന്റെ പ്രചാരണായുധം എന്ന് അറിയാതെയല്ല. ദ്വീപിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മുതൽ ഓരോ ദ്വീപുകാരനും താങ്കൾക്കെതിരെ ദിവസവും ഉറക്കെയുറക്കെ ശബ്ദിക്കുന്നതും താങ്കൾക്കെതിരെ കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വൻകരയിലിരുന്ന് കാണുന്ന നിഷ്പക്ഷരായ ജനങ്ങള്‍ക്ക് മുന്‍പില്‍ മുഖം രക്ഷിക്കാൻ താങ്കളും കളക്ടറും ചേര്‍ന്ന് നടത്തുന്ന പ്രസ്‌താവനകളിലെ പരിഹാസ്യത തിരിച്ചറിയാനാവും.. ഒരു കാര്യം ഓർമിപ്പിക്കുന്നു. ഈ നാട്ടിലങ്ങോളമിങ്ങോളമുള്ള കുഞ്ഞുമക്കൾ മുതൽ പ്രായമായ ഉമ്മമാർ വരെയുള്ള ആബാലവൃദ്ധം ജനങ്ങൾ താങ്കളുടെ പ്രത്യക്ഷ ദ്രോഹനടപടികൾക്കെതിരെ സന്ധിയില്ലാ സമരത്തിലാണ്. തൊറ്റു പിൻവാങ്ങാൻ ഉദ്ദേശിച്ചുള്ള പോരാട്ടമല്ല യിത്. കാരണം ഇത് ദ്വീപുകാരുടെ മണ്ണാണ്. ഞങ്ങൾ ഇവിടത്തെ പൗരന്മാരാണ്. ഞങ്ങളുടെ ഭരണഘടനാപരമായ അവകാശസംരക്ഷണത്തിനായി ഒറ്റക്കെട്ടായി വിജയം വരെ പൊരുതാൻ തന്നെയാണ് ഈ ജനതയുടെ തീരുമാനം.

ഒരു നാട്ടിലെ വികസനത്തിൽ അവിടത്തുകാർക്ക് - പ്രത്യേകിച്ചും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കാലങ്ങളായി സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും - യാതൊരു അഭിപ്രായവും പങ്കാളിത്തവും അനുവദിക്കുന്നില്ല എങ്കിൽ അത് അന്നാട്ടുകാർക്ക് വേണ്ടിയല്ല എന്നുറപ്പാണ്. ഈ നാടിൻറെ ചരിത്രമോ സംസ്‌കാരമോ അറിയാത്ത താങ്കളുടെ അസാധാരണമായ നിയമങ്ങളും പരിഷ്‌കാരങ്ങളും ചങ്ങാത്തമുതലാളിത്തത്തിന്റെ നിയോ ലിബറൽ പദ്ധതികളാണെന്ന് ലക്ഷദ്വീപിലെ രാഷ്ട്രീയ നേതൃത്വവും ഉൽബുദ്ധ ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഗുണ്ടാ നിയമം ഉൾപ്പെടെ ഓരോ നിയമത്തിന്റെയും ഉദ്ദേശ്യവും തന്ത്രവും എന്തെന്നും ജനങ്ങൾക്കറിയാവുന്നതാണ്.

ലക്ഷദ്വീപിൽ ഇതിന് മുമ്പു് എത്രയോ അഡ്മിനിസ്ട്രേറ്റർമാർ ഉണ്ടായിട്ടുണ്ട്. അവരിൽ പലരും രാഷ്ട്രീയമുള്ളവർ ആയിരുന്നെങ്കിലും അവരാരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരായിരുന്നില്ല. നിഗൂഢ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചവരാരും ഇവിടെ ജയിച്ചിട്ടില്ല. പഴയ അഡ്മിനിസ്ട്രേറ്റർമാരിൽ പലരും താങ്കൾക്കെതിരെ അധികാരികൾക്ക് തുറന്ന കത്തെഴുതിക്കഴിഞ്ഞു. മികച്ച ഭരണപാടവവും വൈജ്ഞാനികഗുണവുമുണ്ടായിരുന്ന വലിയ മനുഷ്യരായിരുന്ന അവരെയൊക്കെ കടത്തിവെട്ടി "പുതിയ ലക്ഷദ്വീപിന്റെ വാസ്തുശിൽപി" എന്നൊക്കെ താങ്കളെ വാഴ്ത്തുന്ന വലതുപക്ഷ മാധ്യമങ്ങൾ അങ്ങ് ഉത്തരേന്ത്യയിൽ ഉണ്ടായിരിക്കാം. പക്ഷെ ഏറാൻ മൂളികളായ ഏതാനും അടിമ ഉഗ്യോഗസ്ഥരല്ലാതെ ഈ മണ്ണിൽ ആരും താങ്കളെപ്പറ്റി അങ്ങനെ കരുതുന്നില്ല. ദ്വീപുജനത ഒറ്റക്കെട്ടായി താങ്കൾക്കെതിരാണ്. സ്വന്തക്കാർക്കുവേണ്ടി താങ്കൾ ഇറക്കുമതി ചെയ്യുന്ന തട്ടിപ്പു വികസനമല്ല ഞങ്ങൾക്ക് വേണ്ടത്.

താങ്കളുടെ സ്വന്തം പാർട്ടിയായ ബി ജെ പി താങ്കളുടെ നയങ്ങളുടെ ഒരൊറ്റക്കരണത്താൽ ഇന്നീ മണ്ണിൽ മുഖവും മണ്ണും നഷ്ടപ്പെട്ടിരിക്കയാണ്. ഓരോ ദിവസവും ഓരോ ദ്വീപിൽ നിന്നും പാർട്ടി ഭാരവാഹികളും അംഗങ്ങളും രാജി വെച്ചൊഴിയുകയാണ്. ഈ മണ്ണിനെ സ്വന്തക്കാർക്ക് കച്ചവടത്തിന് വെക്കുന്ന തികച്ചും ഏകാധിപത്യപരമായ ഭരണനടപടികളുമായി മുന്നോട്ടുപോകുന്നത് ദ്വീപുജനതയുടെ വികാരം ഉൾക്കൊണ്ട് നിർത്തിവെക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.

ദ്വീപുജനത ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് എന്ന് താങ്കളും താങ്കളുടെ മുതലാളിച്ചങ്ങാതിമാരും മനസ്സിലാക്കുക. ജനാധിപത്യവും സ്വാതന്ത്ര്യവും എന്തെന്നറിയാവുന്ന, അതിനുവേണ്ടി മരിക്കാൻ വരെ തയാറായ അന്തസ്സുള്ള ഒരു തലമുറ ഇവിടെ വളർന്നുവന്നിട്ടുണ്ട്. നിങ്ങളുടെ ധാർഷ്ട്യങ്ങൾ ഏതാനും കച്ചവടക്കാരുടെ കൊള്ളലാഭത്തിനു വേണ്ടിയാണെങ്കിൽ ഞങ്ങളുടെ സമരം തലമുറകളായി ഞങ്ങൾ സമാധാനത്തോടെ കഴിഞ്ഞുപോരുന്ന ഈ മണ്ണിന്റെ നിലനിൽപ്പിനും ജീവിതത്തിനും വേണ്ടിയാണ്. ഈ സമരത്തിൽ നിന്ന് ഒരു പ്രലോഭനം കൊണ്ടും ദ്വീപുജനത പിന്മാറാൻ പോകുന്നില്ല. എന്തൊക്കെ കുത്തിത്തിത്തരിപ്പുകൾക്ക് ആരൊക്കെ കിണഞ്ഞുപരിശ്രമിച്ചാലും വിജയം വരെ മുന്നോട്ടുതന്നെയാണീ സമരം. ഞങ്ങളുടെ ഒരു സഹോദരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി താങ്കളുടെ പാർട്ടിക്കാർ നിശ്ശബ്ദയാക്കാൻ ശ്രമിച്ചിട്ട് എന്തുണ്ടായി? കൂടുതൽ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഈ പ്രശ്നം ശ്രദ്ധിക്കാനും കൂടുതൽ പൊതുജന പിന്തുണ ദ്വീപുകാർക്ക്‌ കിട്ടാനുമാണത് സഹായിച്ചത്.

എന്ത് വികസനമാണ് വേണ്ടതെന്ന് തീരുമാനിക്കാൻ ഇവിടത്തെ ജനതക്കാണ് അവകാശം. പാവപ്പെട്ട മനുഷ്യരെ കുടിയൊഴിപ്പിച്ച് നേപ്പാളി കോടീശ്വരന് ടൂറിസം പദ്ധതി ഒരുക്കി ദാമൻ ദിയുവിൽ താങ്കൾക്ക് സാധിച്ചത് ലക്ഷദ്വീപിലും ആവാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. ഞങ്ങളുടെ ഭരണത്തിൽ ഞങ്ങൾക്ക് പങ്കാളിത്തമുണ്ടായേ തീരൂ എന്നും ഞങ്ങളുടെ മണ്ണും വിഭവങ്ങളും കുത്തകമുതലായിമാർക്ക് വിറ്റുതുലക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും പ്രതിജ്ഞാബദ്ധരായ ഒരു ജനത ഒറ്റക്കെട്ടായാണ് താങ്കൾക്കെതിര് നിൽക്കുന്നത്. അതിനാൽ മനുഷ്വത്വപരവും ജനാധിപത്യപരവുമായ നയനിലപാടുകളിലേക്ക് പിന്മാറണമെന്ന് ഞങ്ങൾ ദ്വീപുജനതയുടെ പേരിൽ ആവശ്യപ്പെടുന്നു. കേന്ദ്ര ഭരണകൂടം പട്ടേലിനെ തിരിച്ചുവിളിക്കാൻ ആവശ്യമായ നടപടികൾ ഉടനെ കൈക്കൊള്ളുക.

റമളാനാണ് ദ്വീപിൽ കൊറോണ വരാൻ കാരണമെന്നാണ് താങ്കൾ ദി വീക്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഒരു വർഷക്കാലം ഗ്രീൻ സോണായി നിന്ന കാലത്തും ലക്ഷദ്വീപിൽ റമളാൻ കടന്നു പോയിട്ടുണ്ടല്ലോ. ഞങ്ങൾ ഞങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എല്ലാ ആരാധനാ കാര്യങ്ങളും വീടുകളിൽ നിർവ്വഹിക്കുകയും പൂർണ്ണ സുരക്ഷിതത്ത്വം ഉറപ്പ് വരുത്തുകയും ചെയ്തവരാണ്. എന്നിട്ടും താങ്കളുടെ വീഴ്ച മറച്ചുവെക്കാൽ ഒരു മടിയും കൂടാതെ റമളാനാണ് കോറോണയുണ്ടാവാൻ കാരണമെന്ന് വിളിച്ച് പറയുന്നു. ജനാധിപത്യങ്ങളെ മുഖവിലക്കെടുക്കാതെ, പൗരാവകാശങ്ങൾക്ക് പുല്ല് വില കൽപ്പിക്കാത്ത, ഏകാധിപത്യ പ്രവണതകൾ ക്രൂരമായി പ്രകടിപ്പിക്കുന്ന, ഞങ്ങളെ തീരെ കേൾക്കാൻ തയ്യാറാവാത്ത അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ച് വിളിക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY