DweepDiary.com | ABOUT US | Saturday, 20 April 2024

ആൺകുട്ടികളും അറിയണം ആരും പറയാത്ത ഈ പെൺ കാര്യങ്ങൾ...

In editorial BY Mubeenfras On 31 January 2021
എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ചോദ്യമാണ് ഈ ഒരു എഴുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് അവളുടെ പന്ത്രണ്ട് വയസ്സുള്ള അനിയനോട് അവൾക്ക് പറയാൻ പറ്റാത്ത ഒരു കാര്യം ഞാൻ പറയണം. നിനക്ക് കുട്ടികളോട് നല്ല അടുപ്പമല്ലേ, നിനക്കാവുമ്പോൾ കാര്യം വ്യക്തമായി പറയാം എന്നൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു. നീ കാര്യം പറ എന്നാലല്ലേ എന്റെ റോൾ എനിക്ക് പിടി കിട്ടൂ എന്ന് ഞാനും. അവൾക്ക് ആർത്തവ സമയമായാൽ അതി കഠിനമായ വയറു വേദനയും അമിത രക്തസ്രാവവും, ചർദ്ദിയും ഈ സമയത്ത് അവൾക്ക് ആരെയും കാണുന്നത് പോലും ഇഷ്ടമില്ലത്രേ. പക്ഷേ അനിയന് അവളെന്ന് വെച്ചാൽ ജിവനാണ്, ആ ദിവസങ്ങളിൽ അവൾ വയ്യാ എന്ന് പറഞ്ഞ് കിടന്നാലും അവൻ വന്ന് ദേഷ്യം പിടിപ്പിക്കും, അടി കൂടും. ഇടയ്ക്കിടയ്ക്ക് അവൾ വയറു വേദനയാ എന്ന് പറയുന്നത് കൊണ്ട് അവന് വിശ്വാസമില്ലാ ചേച്ചി പറയുന്നത് സത്യമാണോ അല്ലയോ എന്ന്. അവളുടെ അച്ഛനോട് പോലും സാനിറ്ററിപാഡ് വാങ്ങിപ്പിക്കാൻ പോലും ചമ്മൽ ആണത്രേ.
ടാ നമ്മുടെ കാര്യങ്ങൾ ഏറ്റവും നന്നായി നമുക്ക് അവരോട് പറഞ്ഞ് മനസ്സിലാക്കാമല്ലോ, അവനും അറിയട്ടെ പുറത്ത് ആരും അറിയാത്ത അല്ലെങ്കിൽ പറയാത്ത ഈ പെൺ കാര്യങ്ങൾ അത് പറഞ്ഞ് കൊടുക്കാൻ ഏറ്റവും യോഗ്യത നമുക്ക് തന്നെയാ പീരിയഡ്‌സിനെക്കുറിച്ച് ധൈര്യപൂര്‍വം പറയാന്‍ കഴിയണം. കാരണം അത് ഒളിച്ചിരുന്ന് ചെയ്യേണ്ട ഒരു കാര്യമല്ലല്ലോ എന്ന് ഞാനും.
അവൾക്ക് എന്തായാലും ഇക്കാര്യം അവനോട് പറയാൻ പറ്റാത്തത് കൊണ്ട് എനിക്കായി അതിന്റെ ചുമതല. ഫോണിൽ സംസാരിക്കുന്നതിനെക്കാൾ നേരിട്ട് കണ്ട് സംസാരിക്കാം എന്ന വാക്കും കൊടുത്തു. അവൾ ഫോൺ വച്ചപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നുപോയി, മദ്രസ്സയിലെ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു പഠിക്കാൻ. ക്ലാസിൽ എല്ലാം ആൺകുട്ടികൾ പ്രായം കൊണ്ട് എല്ലാരും മുതിർന്നവർ ഞാൻ മാത്രം ഒറ്റയ്ക്കൊരു പെണ്ണ് അതും ഒരു പത്തു വയസ്സുകാരി. ഉസ്താദ് ഇതിനെക്കുറിച്ച് പറയുമ്പോൾ ഒന്നും അറിയാതെ ഇരിക്കുന്ന ഞാനും എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്ന കുറേപ്പേരും. വീട്ടിൽ വന്ന് എല്ലാം പറയുന്ന ശീലമുള്ള ഞാൻ അന്ന് കരഞ്ഞു കൊണ്ടാ എല്ലാം പറഞ്ഞത് ഉമ്മയോടും ഉപ്പയോടും. എല്ലാരും എന്നെ നോക്കി കളിയാക്കി ചിരിക്കുവാ ഇനി മദ്രസയിൽ പോവില്ലാ എന്ന് ഞാനും. ഉപ്പച്ചിയും ഉമ്മച്ചിയും ചേർത്തിരുത്തി പറഞ്ഞു തന്നു എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ, ആര്‍ത്തവത്തെക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന തെറ്റിധാരണകളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും ഒക്കെ.
ഒരു ദിവസം പീരിയഡ്‌സ് ആയ ദിവസം അവൾ വിളിച്ചു, ആ ദിവസങ്ങളിൽ അവൾ ഫുൾ കിടപ്പായിരിക്കും അങ്ങിനെ ഞാൻ അവളുടെ വീട്ടിൽ പോയി , ഒരു ചേച്ചി എന്ന സ്വാതന്ത്ര്യം എന്നോടും ഉള്ളത് കൊണ്ട് തന്നെ അവൻ അത്യാവശ്യം നന്നായി അടിയുണ്ടാക്കി. അവന്റെ കുഞ്ഞു പരിഭവങ്ങളും പറഞ്ഞു. എന്റെ ചേച്ചിക്ക് വയറു വേദനയാ എന്നും പറഞ്ഞ് കിടക്കുവാ. പെണ്ണുങ്ങൾക്കാണത്രേ വയറു വേദന വരിക, അപ്പൊ ആണുങ്ങൾക്ക് എന്താ വയർ ഇല്ലേ ? അബി ചേച്ചി പെണ്ണല്ലേ അപ്പൊ ചേച്ചിക്ക് വയറു വേദന ഒന്നും ഇല്ലല്ലോ? അവന്റെ പരിഭവങ്ങൾ നീണ്ടു നീണ്ടു പോയി...
മോൻ അടുത്തിരിക്ക് ചേച്ചി കുറച്ച് കാര്യങ്ങൾ പറഞ്ഞു തരാം എന്ന് പറഞ്ഞ് പന്ത്രണ്ടു വയസ്സുകാരനെ മുമ്പിൽ ഇരുത്തി നിന്റെ ചേച്ചി അഭിനയിക്കുന്നതല്ലാ ട്ടോ, നിന്റെ ചേച്ചിക്ക് മാത്രമല്ല മിക്ക സ്ത്രീകൾക്കും വരാറുള്ള ഒരു കാര്യമാണിത് ഇതിനെ ആർത്തവം, മാസമുറ, പിരിയഡ്സ് എന്നൊക്കെ പറയും.
ഒരു പെണ്‍കുട്ടിക്ക് പത്ത് പതിനഞ്ച് വയസൊക്കെയാകുമ്പോള്‍ പ്രകൃതി ഒരു സൂചന നൽകും 'നീയൊരു സ്ത്രീയായെന്ന്'. അപ്പോള്‍ അവളുടെ ശരീരത്തില്‍ ചില മാറ്റങ്ങളൊക്കെ സംഭവിക്കും, മോന്റെ അമ്മയും മുത്തശ്ശിയും ഒക്കെ ഈ ഒരു ഘട്ടത്തിലൂടെ കടന്ന് വന്നവരാണ്. ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ പ്രക്രിയ എന്നത് അമ്മയാകുക എന്നതാണ്. അതൊരു വേദന നിറഞ്ഞതും മനോഹരമായതുമായ പ്രക്രിയയാണ്. മോനെ, പത്ത് മാസം ശ്രദ്ധിച്ച് ശരീരം പരിപാലിച്ച് കൊണ്ടുനടന്നത് ആരാ അമ്മയല്ലേ, അത് പോലെ പെണ്‍കുട്ടിയെ അമ്മയാകുന്നതിന് വേണ്ടി പ്രകൃതി ഒരുക്കുന്നതിനെയാണ് ഈ ആര്‍ത്തവം എന്നൊക്കെ പറയുന്നത്. സ്ത്രീകളുടെ ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്ത് പോകുന്ന പ്രകിയയാണ് ഇത് എന്നൊക്കെ പറയുന്നതിനെക്കാൾ അവന് മനസിലാവുന്ന ഭാഷയിൽ പറഞ്ഞ് കൊടുത്തു. ആർത്തവ കാലത്ത് അടിവയറ്റിൽ ചെറിയ വേദനയും അസ്വസ്ഥതയും അനുഭവിച്ചിട്ടില്ലാത്ത സ്ത്രീകൾ കുറവായിരിക്കും. ചിലരിൽ ശക്തിയായ വയറു വേദന, നടു വേദന, തലവേദന, ചർദ്ദി, തല ചുറ്റൽ, അമിതക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും. ചിലർക്ക് മോന്റെ ചേച്ചിയെപ്പോലെ ശബ്ദം, പ്രത്യേക വാസന എന്നിവ പോലും അസഹ്യമായി വരും. അതൊന്നും മോൻ കരുതുന്ന പോലെ അഭിനയമല്ലാട്ടോ?
ക്ലാസിലെ ചില പെൺ കുട്ടികൾ വയറു വേദനയാ എന്നും പറഞ്ഞ് പോവാറുള്ളതും അവൻ ശ്രദ്ധിച്ചിരുന്നു, ഇടയ്ക്ക് ഒരിക്കൽ ക്ലാസിലെ ഒരു കുട്ടിയുടെ യൂണിഫോമിന്റെ പുറകിൽ ചോര കണ്ടപ്പോൾ എല്ലാരും കളിയാക്കി ചിരിച്ചപ്പോൾ അവനും ചിരിച്ചതും വീട്ടിൽ വന്ന് അവൻ അക്കാര്യം പറഞ്ഞപ്പോൾ അമ്മയും ചേച്ചിയും ദേഷ്യപ്പെട്ടു എന്നും ചെറിയ വായിൽ വലിയ വർത്താനം പറയണ്ടാ എന്നു പറഞ്ഞെന്നും ഒക്കെ പറഞ്ഞു കൊണ്ടിരുന്നു.
ആദ്യ ദിവസങ്ങളിൽ മൂന്നോ നാലോ മണിക്കൂർ വരെ വേദന നീണ്ടു നിൽക്കും, ചിലരിൽ ആർത്തവ രക്തം പുറപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് തന്നെ വേദന അനുഭവപ്പെട്ട് തുടങ്ങും, ഒന്നോ രണ്ടോ ദിവസം വേദന നീണ്ടു നിൽക്കുന്നവരാണ് ചിലർ. ആർത്തവ ദിനങ്ങളിലൊക്കെയും വേദന പേറുന്നവരുമുണ്ട്. എന്താണ് ഈ വേദനയ്ക്ക് കാരണമെന്ന് അവന്റെ അടുത്ത സംശയം, ആർത്തവ രക്തം പുറത്തേക്ക് തള്ളുന്നതിനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ഈ വേദനയ്ക്ക് പ്രധാന കാരണം. ആർത്തവ കാലത്തെ അസ്വസ്ഥതകളെക്കുറിച്ച് ചെറിയ ഒരു വിവരണം അവനെ അടുത്തിരുത്തി പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ കൈയും പിടിച്ച് അവന്റെ ചേച്ചിയുടെയും അമ്മയുടെയും അടുത്ത് പോയി എന്നിട്ട് അവൻ അവരോടായി പറഞ്ഞു സോറി ചേച്ചി, അബി ചേച്ചി ഇന്ന് ഇവിടെ വന്നത് നന്നായി ചേച്ചി ഒക്കെ പഠിച്ച ആളല്ലേ ചേച്ചിക്ക് പറഞ്ഞു തരാൻ അറിയില്ലായിരുന്നോ ഈ ആർത്തവ കാര്യങ്ങളെക്കുറിച്ച്. ഇനി ഞാൻ എന്റെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കില്ലാ സത്യം എന്ന് പറഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൻ കളിക്കാനുള്ള ബാറ്റും എടുത്ത് പുറത്തേക്ക്... ആ സമയത്ത് സുഹൃത്ത് എന്റെ കൈ മുറുകെ പിടിച്ചിരുന്നു അവൾ പറയാൻ ആഗ്രഹിച്ചത് എല്ലാം ഞാൻ പറഞ്ഞ് കൊടുത്തതിന്.... ഇന്ന് അവൾക്ക് സാനിറ്ററി പാഡ് വാങ്ങാൻ പോലും പ്രാപ്തനായി അവൻ ..
ആർത്തവ നാളുകളിൽ ഒട്ടും വയ്യാ എങ്കിൽ, ഒന്ന് ലീവ് എടുക്കേണ്ടി വന്നാൽ ഹെഡ്മാസ്റ്റർ സാറ് പുരുഷനായതിന്റെ പേരിൽ പനിയാണ് എന്ന് കള്ളം പറഞ്ഞ് ലീവ് ലെറ്റർ എഴുതുന്ന ടീച്ചർമാർ പോലും ഇപ്പോഴുമുണ്ട് എന്നത് മറ്റൊരു വിരോധാഭാസം. നീറുന്ന അസ്വസ്ഥതകളിലും ആകുലതയിലും കഴിച്ച് കൂട്ടുന്ന പെൺ ജന്മങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന പുരുഷന്മാരും ഉണ്ട്. നീ അധികം ദേഷ്യം പിടിപ്പിക്കരുത് , എനിക്ക് പീരിയഡ്‌ ആണ്. ഭയങ്കര വേദനയാണ്' എന്നൊക്കെ ഓപ്പൺ ആയിട്ട് പറയാൻ പറ്റിയ പുരുഷ സുഹൃത്തുക്കൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇത് ഇത്രയൊക്കെയേ ഉള്ളൂ നീ റെസ്റ്റ് എടുക്ക് ഫുഡ് കഴിക്കണം, വെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞ് നമ്മുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കുന്നവർ. ഒരിക്കൽ പോലും അവരിൽ നിന്നും ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ പോലും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാ കാരണം ആ സുഹൃത്തുക്കൾക്ക് ഈ കാര്യങ്ങൾ കൃത്യമായി പറഞ്ഞ് കൊടുത്തത് അവരുടെ അമ്മമാരാണത്രേ..
ഒരിക്കൽ ഒരു കടയിൽ സാനിറ്ററി പാഡ് വാങ്ങാൻ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലാത്തത് കൊണ്ട് പാഡ് ഇല്ലാ എന്ന് കള്ളം പറഞ്ഞ ഒരാൾ, അയാൾ പറഞ്ഞത് കള്ളമായിരുന്നു എന്ന് അറിഞ്ഞത് പിന്നീട് ഒരിക്കൽ ആ ചേച്ചിയെ കണ്ടപ്പോൾ, ടീച്ചറേ ഇതൊക്കെ നമ്മൾ പെണ്ണുങ്ങൾ മാത്രം അറിയേണ്ട കാര്യമല്ലേ, പുരുഷന്മാർക്ക് ഇതൊക്കെ കേട്ടാൽ നാണക്കേടാ എന്ന്. ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിച്ചപ്പോൾ അവളുടെ അമ്മയും അച്ഛനും വ്യത്യസ്ത മുറിയിലായി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ സുഹൃത്തിനോട് കാര്യം തിരക്കി, അപ്പോൾ അവൾ പറഞ്ഞു ചെറുപ്പം മുതലേ കാണുന്നതാ ആർത്തവം ആയാൽ പാവം അമ്മ ഒറ്റയ്ക്ക് കിടക്കും ഞങ്ങളെപ്പോലും സമ്മതിക്കില്ലാ അമ്മയ്ക്ക് ഒപ്പം കിടക്കാൻ, പക്ഷേ ഇപ്പൊ ഞാൻ കിടക്കാറുണ്ട് എന്റെ അമ്മയ്ക്കൊപ്പം ഇതൊക്കെ അന്ധവിശ്വാസങ്ങളാണ് എന്ന് മനസ്സിലായപ്പോൾ, ചിലരുടെ മനസ്സ് എന്ന് മാറുമെന്ന് അറിയില്ലാ എന്നൊക്കെ അവൾ പറഞ്ഞു കൊണ്ടിരുന്നു.
വീട്ടിലുള്ള പുരുഷന്മാരും ഇതൊക്കെ അറിയണം. ആൺകുട്ടികളും അറിയണം. അവരുടെ ചേച്ചിമാർക്കും അനിയത്തിമാർക്കും ഭാവിയില്‍ അവര്‍ക്ക് ഉണ്ടാകുന്ന പങ്കാളിക്ക് ആര്‍ത്തവം ഉണ്ടാവുമെന്നും ആനാളുകളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ശ്രദ്ധിക്കണമെന്നും ആണ്‍മക്കളെ മാതാപിതാക്കള്‍ പഠിപ്പിക്കണം.ആര്‍ത്തവ കാലത്ത്‌ ചില സ്ത്രീകള്‍ ചില ദേഷ്യം കാട്ടുമെന്നും അത് അവരുടെ കുഴപ്പമല്ലെന്നും ഹോര്‍മോണ്‍ പ്രശ്നമാണെന്നും,അത് താല്ക്കാലികം മാത്രമാണെന്നും മറ്റും ആണ്‍ മക്കളെ പഠിപ്പിക്കാനും ഇത് നല്ല സമയമാണ്.നല്ല നാളേക്കായി ഇത്തരം ഒട്ടേറെ പാഠങ്ങള്‍ നമ്മുടെ കൗമാരക്കാരെ പഠിപ്പിക്കേണ്ടതുണ്ട്.എത്ര ആണ്‍കുട്ടികള്‍ക്ക് ഇതിനെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞ് കൊടുക്കാറുണ്ട്. വളരെ വിരളമായിരിക്കാം. ആണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം ആര്‍ത്തവം ഇപ്പോഴും വിലക്കപ്പെട്ട വിഷയമായി കാണുന്ന രക്ഷിതാക്കൾ ഇല്ലേ ? ആ വിഷയത്തെക്കുറിച്ച് കൂടുതലായി ഒന്നും അറിയാന്‍ തന്നെ അവര്‍ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ അവരോട് പറയാറില്ലാ.ആണ്‍കുട്ടികള്‍ പൊതുവെ അവരുടെ ആകാംക്ഷ അടക്കിവയ്ക്കുകയല്ലേ ചെയ്യുന്നത്. ഒരിക്കൽ സ്കൂളിലെ പെൺകുട്ടികൾക്ക് ആർത്തവ കാര്യത്തെക്കുറിച്ച് ഡോക്ടർ ക്ലാസ് എടുത്തു തുടങ്ങിയപ്പോഴെ ഇത് സ്ത്രീകൾ മാത്രം അറിയേണ്ട വിഷയം എന്ന് കരുതി എല്ലാ അദ്ധ്യാപകരും പുറത്ത് പോയി. ഈ ചിന്താഗതി ഇനി എന്ന് മാറും ആവോ ? വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നും ആര്‍ത്തവത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളില്‍ നിന്നും ആണ്‍കുട്ടികളെ ഒഴിവാക്കി നിര്‍ത്തുന്നു എന്നതാണ് വസ്തുത. കുട്ടികളുടെ മനസ്സറിഞ്ഞ് സ്നേഹത്തോടെ വേണം പറഞ്ഞു കൊടുക്കാൻ. അമ്മയല്ലേ കുഞ്ഞിന്റെ ഒന്നാമത്തെ വിദ്യാലയം ആ വിദ്യാലയത്തിൽ നിന്നു തന്നെ അവൻ പഠിച്ചിറങ്ങട്ടെ പുറത്തു പറയാൻ മടിക്കുന്ന ഈ പെൺകാര്യങ്ങളും...
✍🏻 Rabiya Abhi DEO, Professional Motivational Speaker , Civil Service Faculty & Blogger

SHARE YOUR FEEDBACK

RECENT IN THIS CATEGORY