DweepDiary.com | Wednesday, 20 January 2021

കൊറോണ തൊട്ടരികില്‍ - ദ്വീപുകാരെ, നിങ്ങളും ജാഗ്രത പാലിക്കുക.

In editorial / 10 March 2020
ലോകം നെടുങ്ങി വിറക്കുകയാണ് ചൈനയിൽ തുടങ്ങിയ കൊറോണ(COVID 19) വൈറസ് ലോകത്ത് ഇന്നുള്ള വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് മുന്നേറുകയാണ്. മിക്ക വമ്പൻ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുമടക്കം ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ലക്ഷദ്വീപിൽ വിദേശ സഞ്ചാരികൾ ഇന്നലെ ( 09.03.2020) വരെ വന്നു കൊണ്ടിരുന്നു. വൈകി ഉദിച്ച ബുദ്ധിയിൽ ടൂറിസം വകുപ്പ് മേധാവി ഇറക്കിയ ഉത്തരവിലുംവിദേശ ടൂറിസ്റ്റുകളെ മാത്രമേ നിരോധിക്കുന്നുള്ളൂ. പൊതുജനാരോഗ്യ രംഗത്ത് ലോക പ്രസിദ്ധി നേടിയ കേരളം സഞ്ചാരികളേയും പൊതു പരിപാടികളേയും നിരോധിക്കുമ്പോൾ അമ്പതിൽ കൂടുതൽ പേർക്ക് അസുഖം വന്നാൽ കിടക്കാൻ പോലും സ്ഥലമില്ലാത്ത ലക്ഷദ്വീപിൽ ഫോറിൻ ടൂറിസ്റ്റുകളെ മാത്രമല്ല കപ്പൽ സർവ്വീസ് വരെ നിർത്തിയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് രാവിലെ മലയാളം വാർത്താ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നത് മാസ്ക് ഇല്ലാത്ത വാർത്തകളാണ്. കെറോണയങ്ങാനും കടൽ കടന്നെത്തിയാൽ നമ്മുടെ കാര്യം ആലോചിക്കാൻ പോലുമാവില്ല.
നമ്മുടെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ മുൻകരുതലുകൾ എന്തൊക്കെയാണെന്ന ന്വേഷിച്ചവർക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും ഇന്നലെ വരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഒരു കൺട്രോൾ റൂമോ ടോൾ ഫ്രീ നമ്പറോ രോഗികളെ ഐസൊലൈറ്റ് ചെയ്യാനുള്ള വാർഡോ ഇതു വരെ ദ്വീപില്‍ തയ്യാറാക്കിയിട്ടില്ല ഇനി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ തന്നെ പൊതുജനങ്ങൾക്ക് അതിനെക്കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ ദ്വീപ് ഭരണകൂടം കൊച്ചിയിലും കോഴിക്കോട്ടും ദ്വീപുകാര്‍ക്കായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിരിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഏറെ പ്രശംസനീയമാണ്. ഭയപ്പാടില്ലാതെ കരുതലോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് നമുക്ക് കൊറോണയെ പ്രതിരോധിക്കണം.
ഇനി ഒട്ടും സമയമില്ല ആരെയും പഴിച്ചിട്ട് കാര്യവുമില്ല നമ്മുടെ നിലനില്പിനെ തന്നെ ബാധിച്ചേക്കാവുന്ന കൊറോണ ( COVID 19 ) യെ നേരിടാൻ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണം. 1. കണ്ട്രോൾ റൂമുകൾ തുറക്കണം. 2. ആർക്കെങ്കിലും കൊറോണയുണ്ടന്ന് സംശയം തോന്നിയാൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാനുള്ള ടോൾ ഫ്രീ നമ്പറുകൾ പ്രസിദ്ധപ്പെടുത്തുക. 3. കപ്പൽ, ഫ്ലൈറ്റ്, മൻജു സർവ്വീസുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കുക. (നമ്മൾ ഒരു കൊടുങ്കാറ്റടിക്കുമ്പോൾ യാത്രക്കാരുടെയും കപ്പലിൻ്റെയും സുരക്ഷയെക്കരുതി സർവ്വീസുകൾ നിർത്തി വെക്കുന്നു. ഈയൊരവസരത്തിൽ ലക്ഷദീപുകാരുടെ മൊത്തം സുരക്ഷയക്കരുതി കപ്പൽ സർവീസുകൾ താത്ക്കാലികമായി എന്തുകൊണ്ട് നിർത്തിവെക്കേണ്ടതല്ലേേ?) 4. ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുക. 5. സകൂളുകൾ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുക. 6. വാർഡുകൾ തോറും വീടുകളിൽ ചെന്ന് ജനങ്ങളെ ബോധ വൽക്കരിക്കുക. ( കൊറോണ പോലുള്ള വൈറസുകളെ നേരിടുന്നതിൽ ജന പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്).
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യപിച്ചതിനാൽ ലക്ഷദ്വീപ് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കൂടുതൽ കപ്പലുകൾ ഓടണം എന്ന ആവശ്യങ്ങളുന്നയിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നു അത്തരം തീരുമാനങ്ങൾ ആത്മഹത്യാ പരമായിരിക്കും. വിദ്യാർത്ഥികളോട് അവർ ഉള്ള സ്ഥലത്ത് സുരക്ഷിതരായിരിക്കാൻ അഭ്യർത്ഥിക്കുക അതാണ് അവർക്കും ലക്ഷ ദ്വീപിനും നല്ലത്. കാരണം മികച്ച ചികിത്സാ സൗകര്യം ലഭ്യമായ സ്ഥലത്തില്‍ നിന്ന് അതില്ലാത്ത സ്ഥലത്തേക്ക് യാത്രചെയ്യാതിരിക്കുന്നതല്ലേ അവര്‍ക്കും ഇവിയെയുള്ളവര്‍ക്കും നല്ലത്.
ദ്വീപു ഭരണകൂടത്തിന്റെ തീരുമാനങ്ങൾ ഒച്ചു വേഗതയിലാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ അതിനെ പഴിച്ച് വീട്ടിലിരിക്കാൻ നമുക്കാവില്ല. ജനങ്ങൾ പ്രതികരിക്കണം നമ്മുടെ സ്ഥലത്ത് കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടോ എന്നുറപ്പ് വരുത്തണം. ജാതി മത രാഷ്ട്രീയ ഭേദമന്യെ ലക്ഷദ്വീപുകാർ ഒന്നിക്കണം. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നമ്മുടെ കൊള്ളരുതായ്മ ചരിത്രമാകും ലക്ഷദ്വീപ് ഒരോർമയും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY