DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപിലെ പ്രശസ്ത മാപ്പിള കവിയും, ഗായകനുമായ എം.കെ കോയ(ആന്ത്രോത്ത്) മരണപ്പെട്ടു.

In editorial BY Admin On 04 September 2019
വർഷങ്ങൾക്ക് മുമ്പാണ് കോയയുമായി പരിചയപ്പെടുന്നത്. ശാന്തനും, സൽക്കാര പ്രിയനുമായിരുന്നു കോയ. "ഖുത്തുബീങ്ങൾക്ക് അഖ്ത്താ ബായി മിന്നിത്തിളങ്ങുന്ന" എന്ന് തുടങ്ങുന്ന ശൈഖ് ജീലാനിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗാനം ഒരു കാലത്ത് ദ്വീപു ജനതയുടെ ഹൃദയം കീഴടക്കിയിരുന്നു. അദ്ദേഹം അമീനി സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് വസൂരി/ചിക്കൻപോക്സ് രോഗം പിടിപെട്ട് നാട്ടിലേക്ക് പോകവേ കപ്പലിൽ വെച്ചായിരുന്നു ആ ഗാനം എഴുതുന്നത്. തനിക്ക് പിടിപെട്ട മഹാരോഗം ശൈഖ് ജീലാനിയെ തവസ്സുൽ ചെയത് പടച്ചവനോട് ദുആ ചെയ്യുന്നതാണ് പാട്ടിന്റെ ഉള്ളടക്കം. പിൽക്കാലത്ത് കേരളക്കരയിലെ പല വേദികളിലും ആ ഗാനം ആലപിക്കുന്നത് കേട്ടിട്ടുണ്ട്. ലക്ഷദ്വീപ് സാഹിത്യ കലാ അക്കാഡമി പുറത്തിറക്കിയ കാസറ്റുകളിൽ ധാരാളം പാട്ടുകൾ പാടുകയും, അക്കാഡമിക്ക് വേണ്ടി ഒരുപാട് പാട്ടുകൾ എഴുതുകയും ചെയതിട്ടുണ്ട് കോയ സാഹിബ്. മദ്രസ്സ ഗാനങ്ങൾ, നബി മദ്ഹ് ഗീതങ്ങൾ തുടങ്ങി കോയയുടെ തൂലികയിൽ പിറന്ന ഗാനങ്ങൾക്ക് കയ്യും, കണക്കുമില്ല. സാഗര കല മാസികയിൽ അദ്ദേഹത്തിന്റെ രചനകൾ വെളിച്ചം കണ്ടിട്ടുണ്ട്. അൽപ്പം പോലും തലക്കനമോ, ജാഡയോ ഇല്ലാത്ത വ്യക്തിത്വമായിരുന്നു കോയ. കോയയുടെ നിര്യാണത്തിലൂടെ ലക്ഷദ്വീപ് കലാ-സാഹിത്യ രംഗത്തിലെ വലിയൊരു നന്മയാണ് നഷ്ടപ്പെടുന്നത്. മാപ്പിളപ്പാട്ട് രചനയുടെ നിബന്ധനകൾ ഒത്ത വരികളായിരുന്നു കോയയുടെ ഒരോ ഗാനങ്ങളും. കലയെ കൊല ചെയ്യുന്ന ആധുനിക പാട്ടു രചയിതാക്കൾ കോയയുടെ വരികൾ മാതൃകയാക്കേണ്ടതുണ്ട്.


താജു റിസ്വി, കിൽത്താൻ

SHARE YOUR FEEDBACK

RECENT IN THIS CATEGORY