DweepDiary.com | ABOUT US | Friday, 26 April 2024

ലോകസഭ തെരഞ്ഞെടുപ്പ് - അഗത്തി മലക്കം മറിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ വീഴും!!

In editorial BY Admin On 28 March 2019
(ഏ ആര്‍ അഗത്തി)

ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എക്കാലത്തെയും പോലെ ഇത്തവണയും അഗത്തി ദ്വീപ് ശ്രദ്ധാകേന്ദ്രമായി മാറുന്നു. രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലൂടെയുള്ള കൂട് വിട്ട് കൂടുമാറ്റവും, കൂട് മാറിപ്പോയവരുടെ തിരിച്ചുവരവുമൊക്കെയായി അങ്കച്ചൂട് വേനൽച്ചൂടിനേക്കാൾ ദിനംപ്രതി കാഠിന്യമേറിക്കൊണ്ടിരിക്കുകയാണ്.

കൂട്ടലും കിഴിക്കലുകളുമായി രണ്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സജീവമായിരിക്കുകയാണ് അഗത്തിയിൽ. അരങ്ങത്ത് ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിക്കാൻ തയ്യാറെടുക്കുന്ന രംഗങ്ങൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. അണിയറ പ്രവർത്തനങ്ങളും സുശക്തമായിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗരൂകരായി എതിരാളികളുടെ ഓരോ ചലനവും നീരിക്ഷിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ.

സി.പി.ഐ.എമ്മിന്റെ സ്ഥാനാർത്ഥി അഗത്തി ദ്വീപുകാരനാണെന്നത് ഇത്തവണത്തെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ടാഴ്ച മാത്രം ബാക്കിനിൽക്കുമ്പോൾ വിട്ടുവീഴ്ചകളില്ലാത്ത പ്രചരണപരിപാടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ മുഖ്യപ്രചാരണ വിഷയമായി ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകുന്നതായാണ് കണ്ട് വരുന്നത്. അഗത്തിയിലെ സുന്നികലഹ വര്‍ഷത്തിലെ തെരെഞ്ഞെടുപ്പും 2014ലെ തെരെഞ്ഞെടുപ്പും അഗത്തിദ്വീപാണ് നിര്‍ണ്ണായകമായത്. ഇപ്രാവശ്യവും അഗത്തിയുടെ വോട്ട് സമവാക്യങ്ങള്‍ കണക്ക് കൂട്ടാനാവാതെ വിഷമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. അതുകൊണ്ട് തന്നെ അഗത്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങള്‍.

എന്തായാലും ഒരു കാര്യം ഉറപ്പാണ്, തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും അഗത്തിയിലെ വോട്ട് നിലവാരം നിർണായകമായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY