DweepDiary.com | ABOUT US | Friday, 29 March 2024

മൗനം !! അപകടകരമായ മൗനം......

In editorial BY Admin On 10 September 2018
കടലിൽ പോയി കാണാതായ നാല് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് അർഹതപ്പെട്ട ആശ്വാസം നൽകണം എന്നാവശ്യവുമായി സഖാവ് CT നജ്മുദ്ദീന്റെ നേതൃത്വത്തിൽ CPI നിരാഹാര സമരം തുടങ്ങിയിട്ട് ദിവസങ്ങളായി അഡ്മിനിസ്ട്രേഷൻ സമരപ്പന്തലിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. നമ്മുടെ രണ്ട് സഹോദരങ്ങൾ ലക്ഷദ്വീപുകാരന്റെ അവകാശങ്ങൾക്ക് വേണ്ടി ദിവസങ്ങളോളം പട്ടിണി കിടന്നിട്ടും അവരോട് ഒരാശ്വാസ വാക്ക് പോലും പറയാൻ അഡ്മിനിസ്ട്രേഷൻ തയ്യാറാകാതിരുന്നിട്ടും നമ്മൾ മൗനത്തിലാണ് ഇത് വളരെ അപകടകരമായ മൗനമാണ്.
ആരാണ് CPI യുടെ നേതാവ് CT നജ്മുദ്ദിൻ. സ്വന്തം ജീവിതത്തിൽ ഇത്രയധികം നഷ്ടങ്ങളുണ്ടായിട്ടും പൊതു പ്രവർത്തനം തുടരുന്ന വേറൊരു ലക്ഷദ്വീപുകാരൻ ഇന്ന് ലക്ഷദ്വീപിലില്ല. വിദ്യാസമ്പന്നനും സ്വന്തമായി കരാറടിസ്ഥാനത്തിലുള്ള ഗവൺമെന്റ് ജോലിയും ഉണ്ടായിരുന്ന സഖാവ് CT ക്ക് ഇന്ന് ആകെയുള്ള സമ്പാദ്യം തന്നെ സ്നേഹിക്കുന്ന കുറച്ചു നിഷ്കളങ്കരായ മനുഷ്യരും കുറേ ക്രിമിനൽ കേസുകളുമാണ്.ഒരു ബ്രയ്ൻ ട്യൂമർ ശസ്ത്ര ക്രിയ നടത്തിയ ശരീരവുമായാണ് ഇന്ന് അദ്ദേഹം നിരാഹാരം കിടക്കുന്നത്. ഈ സമരം വെറും നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വേണ്ടിയാണെന്ന് ധരിക്കരുത് ഫെയ്സ് ബുക്ക് പോസ്റ്റിൽ സഖാവ് CT ഉന്നയിച്ച ചോദ്യം അതിന്റെ ഉത്തരം തേടലാണ് ഈ സമരം അഡ്മിനിസ്ട്രേഷൻ ലക്ഷദ്വീപുകാരന്റെ ജീവന് എത്ര വില കൽപിക്കുന്നുണ്ട് ? എന്ന ചോദ്യത്തിന് ഉത്തരം സമരത്തിന്റെ അന്ത്യത്തിൽ നമുക്ക് ലഭിക്കും.
എല്ലാമറിഞ്ഞിട്ടും നമ്മൾ പാലിക്കുന്ന ഈ മൗനത്തിന് കാരണം ഭയമാണ് .. അഡ്മിനിസ്ട്രേഷനോടോ അഡ്മിനിസ്ട്രേറ്ററോടോ എതിർത്ത് നിൽക്കാനുള്ള ഭയം നമ്മുടെ നേതാക്കൾക്ക് (മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾക്ക് ) നമ്മൾ CPI യുടെ പോസ്റ്റുകൾ ഷെയർ ചെയ്താൽ എന്തു തോന്നുമെന്നുള്ള ഭയം ഇതൊക്കെയാണ് സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്. നിങ്ങൾ ആർക്ക് വേണമെങ്കിലും വോട്ട് ചെയ്തോളൂ പക്ഷേ ഈ സമരം അവകാശ സമരമാണ് ഇതിനെ പിന്തുണക്കണം.
ഭയം ഉണ്ടെന്ന് നമ്മുടെ ബോധ മനസ്സിന് അംഗീകരിക്കാൻ ഉള്ള മടിയാണ് സഖാക്കൾ ശരിയല്ല അവർ ലഹരി ഉപയോഗിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞ് ഒഴിയാൻ നമ്മളെ പ്രേരിപ്പിക്കുന്നത് യഥാർത്ഥത്തിൽ ഭയം തന്നെയാണ് നമ്മളെ പിന്തിരിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം ഇനിയെങ്കിലും സമരത്തെക്കുറിച്ചുള്ള ഫോട്ടോകൾ ഷെയർ ചെയ്യാനെങ്കിലും സമയം കണ്ടെത്തുക.
മർഹും ഡോ. കോയയും മർഹൂം പി എം സെയ്ദും നമുക്ക് കാണിച്ച് തന്ന വഴി മൗനമല്ല. നമ്മൾ അടിമകളല്ലന്നവർ ഉറക്കെ വിളിച്ച് പറഞ്ഞിരുന്നു പക്ഷേ അവർക്ക് ശേഷം അഡ്മിനിസ്ട്രേഷനു നേരെ ചങ്കുറപ്പോടെ നെഞ്ചും വിരിച്ച് നിന്ന് ലക്ഷദ്വീപുകാരുടെ അവകാശങ്ങൾ നൽകണമെന്നാവശ്യപ്പെടുന്ന സഖാവ് CT ക്കൊപ്പം നിൽക്കാൻ ഭയമോ പാർട്ടിയോ മതമോ തടസ്സമാവാൻ പാടില്ല നമുക്കൊരുമിച്ച് നിൽക്കണം.
കൂട്ടത്തിലൊരാൾ നിരാഹാരം കിടന്നാൽ കുറച്ച് ദിവസം പിന്നിട്ടാൽ മൃഗങ്ങൾ വരെ വന്ന് ചുറ്റും കൂടി നിൽക്കും എന്നാൽ നിരാഹാര സമരം തുടങ്ങി ദിവസങ്ങളായിട്ടും ദ്വീപുകാർ മൗനം തുടരുന്നു അപകടകരമായ മൗനം.
നിരാഹാരം കിടന്ന് സഖാക്കൾക്കെന്തെങ്കിലും സംഭവിച്ചാൽ CPI ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചേക്കാം പക്ഷേ സ്വന്തം കൂട പ്പിറപ്പുകൾ അവകാശ പോരാട്ടത്തിൽ മരിച്ച് കൊണ്ടിരിക്കുമ്പോൾ നഖവും കടിച്ച് നോക്കി നിന്ന ലക്ഷദ്വീപുകാരന്റെ നിഷ്ക്രിയത്വം ലോകം മുഴുവനറിയും. ലോകത്തിലെ തന്നെ ഏറ്റവും പ്രതികരണ ശേഷിയില്ലാത്ത വർഗ്ഗമായി മുദ്ര കുത്തപ്പെടുന്നതിന് മുമ്പ് അപകടകരമായ ഈ മൗനം ഭേദിക്കപ്പെടണം.
മൗനം പാലിക്കുന്ന പ്രമുഖരിൽ ആദ്യം ബഹു. പാർലിമെന്റ് മെംബർ പി.പി മുഹമ്മദ് ഫൈസൽ , പിന്നെ കോൺഗ്രസ് പാർട്ടി മറ്റുള്ള പാർട്ടികൾ മത സംഘടനകൾ നേതാക്കൾ എല്ലാവരും മൗനത്തിലാണ്. അഭിപ്രായ വ്യത്യാസങ്ങൾ മറക്കണം അവകാശ പോരാട്ടത്തിൽ സഖാവിന്റെ കൂടെ നിൽക്കണം അതാണ് ഇപ്പോൾ ലക്ഷദ്വീപ് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
പണ്ടപ്പഴോ വായിച്ച കവിതയുടെ കുറച്ച് വരികൾ ഇവിടെ കുറിച്ചവസാനിപ്പിക്കുന്നു.
"അപ്പുറത്തെ മുറിയിൽ ശവം കിടക്കുമ്പോൾ നിങ്ങൾ സമാധാന ത്തോടെ കിടന്നുറങ്ങുന്നുവെങ്കിൽ വീടിന്റെ ഒരു പുറം കത്തിയരിയുമ്പോൾ നിങ്ങൾ സമചിത്തതയോടെ കിടന്നുറങ്ങുന്നുവെങ്കിൽ നിങ്ങളോടെനിക്കൊന്നും പറയാനില്ല നിങ്ങൾ നിങ്ങളുടെ ഇരിപ്പിടങ്ങൾ വിട്ട് ശ്മശാനങ്ങളിലേക്ക് യാത്രയാവുക അവിടെയാണ് നിങ്ങളുടെ സ്ഥാനം "
The article is written by Prabhin Thachanadan, a left lenient political activist from Thrissur, Kerala. views expressed in this article are personal and not of dweep diary's.

SHARE YOUR FEEDBACK

RECENT IN THIS CATEGORY