DweepDiary.com | ABOUT US | Wednesday, 24 April 2024

കലോല്‍സവ ചിന്തകള്‍ (ദഫ്)

In editorial BY Admin On 11 November 2016
ആറാമത് ലക്ഷദ്വീപ് യു.ടി. ലെവല്‍ സ്കൂള്‍ കലോല്‍സവം കടമത്തില്‍ ഈമാസം 26 ന് തുടങ്ങുകയാണല്ലോ. ലക്ഷദ്വീപ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താനും പ്രകടമാക്കാനും സ്കൂള്‍ കലോല്‍സവത്തിന് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് തര്‍ക്കമറ്റ കാര്യമാണ്. കൂടാതെ ലക്ഷദ്വീപിലെ നാടന്‍ കലകളായ കോല്‍ക്കളി, പരിചക്കളി, ദോലിപ്പാട്ട് തുടങ്ങിയ കലകളുടെ പുനരുദ്ധാരണവും ഇതിലൂടെ സാധിച്ചെന്ന് എടുത്ത് പറയേണ്ട ഒന്നാണ്. ഈ വര്‍ഷം മുതല്‍ നാടന്‍ പാട്ട് ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്. ദ്വീപിന്റെ കലോല്‍സവമാകുന്നതിനുള്ള തുടക്കമായി ഇതിനെ നമുക്ക് കാണാം. ദ്വീപ് ഡയറി ഇക്കാര്യം മുന്‍വര്‍ഷങ്ങളില്‍ സൂചിപ്പിരിന്നു. കലോല്‍സവത്തിലെ പല മത്സരഇനങ്ങളും (ദഫ് മുട്ട്, വട്ടപ്പാട്ട്) കേരളാ കലോല്‍സവങ്ങളുടെ തനി പകര്‍പ്പിലേക്ക് മാറുന്ന കാഴ്ചയാണ് നമ്മള്‍ ഇതുവരെ കാണ്ടത്. ഇതില്‍ എടുത്ത് പറയേണ്ട ഒരു ഇനമാണ് ദഫ് മുട്ട്. ദഫ് മുട്ടിന്റെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാകുന്നു. ഈ കല ലക്ഷദ്വീപില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. അതായത് മുഹമ്മദ് ഖാസിം(റ) തങ്ങളാണ് ഇത് ഇന്ത്യയിലെത്തിക്കുന്നത്. അതായത് ഇതിന്റെ തനതായ രൂപമാണ് ദ്വീപുകളില്‍ കാണുന്നത്. എന്നാല്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇത് ഒഴിവാക്കുകയും കേരളത്തില്‍ നിലനില്‍ക്കുന്ന വകഭേദം വന്ന ദഫ് മുട്ട് അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ പൈതൃകം ചവിട്ടിത്താഴ്ത്തുകയാണ് ചെയ്യുന്നത്. ഇതിനെ വിലയിരുത്തുന്ന വിധികര്‍ത്താക്കള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമായി ദഫിന്റെ ചരിത്രം ഇവിടെ നല്‍കുന്നു. ഇനിയെങ്കിലും നമ്മുടെ സ്വന്തമായ കലാരൂപം അതിന്റെ തനതായ രീതിയില്‍ കാണുമെന്ന പ്രത്യാശയോടെ...
ദഫ് മുട്ട്- അറബി പാരമ്പര്യമുള്ള മാപ്പിള കലകളിലൊന്നാണ് ദഫ്മുട്ട്. ഇസ്‌ലാമിന്റെ കലാപാരമ്പര്യമായിട്ടാണ് ഇതറിയപ്പെടുന്നത്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് പരിശുദ്ധവും ഏറെ സ്വാധീനങ്ങള്‍ പ്രവേശിക്കാത്തതുമായ ഒരു ഇനമാണത്. ദഫ് ഉപയോഗിച്ചു കൊണ്ട് താളത്തിനൊത്തുള്ള കൊട്ടിക്കളിയാണ് ഇത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞ് ചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. ദഫിന്റെ ചരിത്രം കടലിനക്കരെയിലേക്ക് നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവും ഉണ്ട് അതിന്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലാണ് ഇതിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ചര്‍മ വാദ്യോപകരണമായ ദഫ് പല രൂപത്തില്‍ പലയിടത്തും കാണപ്പെട്ടിരുന്നു. വ്യത്യസ്ത നാമങ്ങളിലാണ് ഇതറിയപ്പെട്ടിരുന്നത്. മുസ്തദീറുല്‍ മറബ്ബഅ, മുസ്തദീറുല്‍ അദ്‌റാസ്, മുസ്തദീറുല്‍ ബസീത്ത്, മുസ്തദീറുല്‍ ജലാലീല്‍ തുടങ്ങിയവ അതിന്റെ ചില നാമങ്ങളാണ്. വ്യത്യസ്ത നാട്ടുകാര്‍ വ്യത്യസ്ത പേരുകളാണ് ഇതിനെ വിളിച്ചിരുന്നത്. കുര്‍ദുകള്‍ ദഫ് എന്നാണ് വിളിച്ചിരുന്നത്. സ്പാനിഷില്‍ ഉദുഫെന്നും സിറിയയില്‍ ദീറയെന്നും ഇന്ത്യയില്‍ ദഹ്‌റായെന്നും ദഫ്‌ലിയെന്നുമെല്ലാം വിളിക്കപ്പെട്ടിരുന്നു. അറബികള്‍ക്കിടയില്‍ വളരെ മുമ്പ് തന്നെ ദഫ് മുട്ട് സമ്പ്രദായമുണ്ടായിരുന്നു. കല്യാണം, സ്വീകരണം തുടങ്ങിയ മുഹൂര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും അവര്‍ ഇതിനെ അവലംബിച്ചിരുന്നത്. സ്വാഅ്, ഗിര്‍ബാല്‍ തുടങ്ങിയ രണ്ടുതരം ദഫുകളാണ് പൊതുവെ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഈ ദഫുകള്‍ മുട്ടിയായിരുന്നുവത്രെ മദീനക്കാര്‍ പ്രവാചകനെ സ്വീകരിച്ചിരുന്നത്. ദഫ് മുട്ടിലെ പവിത്രതയും ശുദ്ധതയും മനസ്സിലാക്കാന്‍ മദീനക്കാര്‍ അതിനൊന്നിച്ച് പാടിയ പാട്ടിന്റെ തനിമ ഓര്‍ത്താല്‍ മതി. പില്‍കാലത്ത് തന്റെ മദീന ജീവിതത്തില്‍ പ്രവാചകന്‍ അതിനെ പലതവണ കാണുകയും അപ്പോള്‍ അനുവാദമെന്നോണം സമ്മതം നല്‍കുകയും ചെയ്തു. പ്രവാചകന്റെ അംഗീകാരം ലഭിച്ച കലാ സൃഷ്ടിയാണ് ദഫ്മുട്ടെന്ന് ചുരുക്കം. മൃഗങ്ങളുടെ തോലുകള്‍ ഉപയോഗിച്ചാണ് ദഫുകള്‍ നിര്‍മിക്കുന്നത്. താളമാണ് ദഫ്മുട്ടിന്റെ സുപ്രധാനമായ മറ്റൊരു കാര്യം. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളും ഉണ്ട്. ഒറ്റമുട്ട്, രണ്ട്മുട്ട്, വാരിമുട്ട്, കോരിമുട്ട് എന്നിങ്ങനെയാണവ. ഈ ഈണങ്ങള്‍ക്കനുസരിച്ച് നിന്നും ഇരുന്നുമൊക്കെ ദഫ്മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ശ്രുതി, താളം, ലയം, സമയനിയന്ത്രണം എന്നിവയാണ് ദഫില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. കേരളത്തിലേക്ക് ലക്ഷദ്വീപില്‍ നിന്നോ മലായില്‍ നിന്നോ ആണ് ദഫ് കടന്നുവന്നത്. ലക്ഷദീപില്‍ മതാനുഷ്ഠാന കര്‍മങ്ങളായി ദഫിന് പ്രചാരമുണ്ടായിരുന്നു. ക്ഷേത്രകലകള്‍ ഇവിടെ പ്രചരിച്ചതോടെ ദഫ്മുട്ട് മുസ്‌ലിംകളുടെ ഒരു കലയായി മാറുകയാണുണ്ടായത്. അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരില്‍ ഹംദും സ്വലാത്തും ചൊല്ലിയാണ് ദഫ്മുട്ട് തുടങ്ങിയിരുന്നത്. പാട്ടിനൊപ്പം കത്തി, കുന്തം, സൂചി, വാള്‍ തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടുള്ള മെയ്യഭ്യാസവുമുണ്ടാകുന്നു. ചൊല്ല്‌റാതിബ്, കുത്ത്‌റാതിബ് എന്നിങ്ങനെ രണ്ട് തരം റാതിബുണ്ട്. ചൊല്ല്‌റാതിബില്‍ പേരു സൂചിപ്പിക്കുന്നത് പോലെ ചൊല്ലല്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. കുത്ത്‌റാതിബില്‍ കുത്തലും മുറിക്കലും ഉണ്ടാകുന്നു. പണ്ടൊക്കെ ഓരോ നാട്ടിലും പ്രത്യേകം ദഫ്മുട്ട് സംഘങ്ങള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഓരോ മതചടങ്ങുകളിലും അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. പരമ്പരാഗതമായിട്ടാണ് പലരും ഈ കല നിലനിര്‍ത്തിയിരുന്നത്. കാസര്‍കോട് പോലെയുള്ള ഭാഗങ്ങളില്‍ അല്‍പമായെങ്കിലും ഇന്നും ഇതുകാണാന്‍ സാധിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ദഫുകള്‍ (സ്വാഅ്-ഗിര്‍ബാല്‍) കേരളത്തില്‍ വളരെ കുറവാണെന്നാണ് വസ്തുത. ദഫിനോട് സാദൃശ്യമുള്ള തകരത്തില്‍ ഫൈബര്‍ കൊണ്ട് പൊതിഞ്ഞ് നെട്ടും ബോള്‍ട്ടും മുറുക്കിയ ഗഞ്ചിറകളാണ് ഇവിടെ പൊതുവെ ഉപയോഗിച്ചുവരുന്നത്.
അറബന (ഇത് നമ്മുടെ കലോല്‍സവത്തിലെ മത്സരത്തിലെ ഇനമല്ല) ദഫ്മുട്ട് പോലെ സാര്‍വത്രികമായിരുന്ന മറ്റൊരു മാപ്പിള കലാരൂപമാണ് അറബനമുട്ട്. അറവന എന്നും പറയാറുണ്ട്. ദഫില്‍നിന്നു ചെറിയൊരു വ്യത്യാസത്തില്‍ തോല്‍ കൊണ്ടുതന്നെ ഉണ്ടാക്കപ്പെടുന്ന വാദ്യോപകരണമാണ് അറബന. ദഫിനെക്കാള്‍ കൂടുതല്‍ വട്ടമുള്ളതാണിത്. ഇതില്‍ കിങ്ങിണി ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ഒന്നരച്ചാണ്‍ വട്ടമുള്ളതും അഞ്ചോ ആറോ ഇഞ്ച് ഉയരമുള്ളതും മരച്ചട്ടയില്‍ പിത്തളവാറുകൊണ്ട് ചുറ്റിക്കെട്ടി ഒരു വശം തോലുകൊണ്ട് പൊതിഞ്ഞതും ചിലമ്പ് ഘടിപ്പിച്ചിട്ടുള്ളതുമാണിത്. നിരന്തരമായി അഭ്യാസമുറകള്‍ പഠിച്ചവര്‍ക്ക് ഇത് എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നു. ഒരു അഭ്യാസിയുടെ ഭാവപ്രകടനങ്ങളും താളങ്ങളുമാണ് കളിക്കാര്‍ ഇതിലൂടെ അവതരിപ്പിക്കുന്നത്. ഏറെ ആകര്‍ഷകവും മനോഹരവുമായ കാഴ്ചയാണിത്. ശ്രുതിയും താളവും തന്നെയാണ് അറബനയുടെയും പ്രത്യേകത. പിത്തളവാറുകൊണ്ട് ചുറ്റിക്കെട്ടിയതിനാല്‍ അറബന ചൂടാക്കിയാണ് ശ്രുതിവരുത്തുന്നത്. അര്‍ത്ഥഗര്‍ഭവും മനോഹരവുമായ മാപ്പിളപ്പാട്ടുകളുടെയോ അറബിപ്പാട്ടുകളുടെയോ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും അറബന മുട്ടും നടക്കുന്നത്. മുട്ടിന്റെ ശബ്ദം ഉയര്‍ന്നുവരുന്നതിനനുസരിച്ച് അറബി ബൈത്തിന്റെ ഗതിയും വേഗതയും കൂടിവരുന്നു. നബി തങ്ങളുടെ മേല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. മതപരമായ കാര്യങ്ങളും വീരഗാഥകളും പ്രേമകഥകളും അടങ്ങുന്ന പാട്ടുകളും പടപ്പാട്ടുകളുമാണ് ഇതില്‍ സാധാരണയായി പാടാറുള്ളത്. കളിക്കുന്നവര്‍ രണ്ട് ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പരസ്പരം അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. ഉസ്താദ് പാട്ടുപാടാന്‍ തുടങ്ങിയാല്‍ മുറുകുകയും മുട്ടിന് വേഗം കൂടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക്, എന്നിവ കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ഭാവവ്യത്യാസങ്ങള്‍ കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത്. ദഫ്മുട്ടിനെപ്പോലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും അറബന മുട്ട് സംഘടിക്കപ്പെടുന്നത്. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യം കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന.
കടപ്പാട്- http://muslimheritage.in

SHARE YOUR FEEDBACK

RECENT IN THIS CATEGORY