DweepDiary.com | ABOUT US | Saturday, 23 October 2021

തൊഴിൽ സുരക്ഷിതത്വമില്ലായ്മ സാമൂഹികജീവിതത്തെ തകർക്കും | റോഷൻ ചെത്ലാത്ത് (ഞായർ സ്പെഷ്യൽ)

In culture, literature BY Raihan Rashid On 29 August 2021

നിലവിലെ വികസനനയങ്ങളുടെ അസ്വീകാര്യതയും പുതിയ ഭാവനയുടെ അനിവാര്യതയും ചൂണ്ടിക്കാണിക്കുകയാണ് ചലച്ചിത്രപ്രവർത്തകനായ റോഷൻ ചെത്ലാത്ത്. "ലക്ഷദ്വീപുകാർക്ക് വേണ്ട വികസനം എന്ത്" എന്ന അന്വേഷണത്തിന്റെ ഭാഗമായി ദ്വീപ് ഡയറിക്ക് വേണ്ടി ഈ അഭിമുഖം തയാറാക്കിയത് അബു ആന്ത്രോത്ത്.
നിലവിൽ ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഓർഡറുകളും, നടപ്പിൽ വരുത്താൻ പോകുന്ന നിയമങ്ങളുടെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനും ആശങ്കാജനകമാണ്. ഗുണ്ടാനിയമവും LDAR ആക്ടും പാരമ്പര്യ ഭൂസ്വത്തിനുമേലുള്ള വ്യക്തികളുടെ അവകാശത്തെയും ജീവിതശൈലിയേയും പ്രതികൂലമായി ബാധിക്കും.
ദ്വിപിൽ വികസനം അനിവാര്യമാണ് എന്നതിൽ തർക്കമേതുമില്ല. ഇന്നത്തെ സാഹചര്യത്തിൽ ഇൻ്റർനെറ്റ് സംവിധാനങ്ങൾ കാര്യക്ഷമവും കൂടുതൽ വേഗതയേറിയതുമാക്കി മാറ്റണം. ഓൺലെൻ ക്ലാസ്സുകൾ, ഗവേഷണം, വെബിനാറുകൾ, ബിസിനസ്സ് ആവശ്യങ്ങൾക്ക് എല്ലാം ഇതനിവാര്യമാണ്. നിലവിൽ ഇൻ്റർനെറ്റ് സംവിധാനം നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ ഭൂരിഭാഗം ദ്വീപുകളിലും സാധ്യമല്ല.
വികസനത്തിന്റെ പേരിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളോട് പലതിനോടും വിയോജിപ്പുണ്ട്. വികസനം ആണ് ലക്ഷ്യമെങ്കിൽ ജനങ്ങൾ അത് സ്വീകരിക്കുമല്ലോ. ഡയറി ഫാം അടച്ചു പൂട്ടുകയും അവിടെ താൽകാലിക ജോലി ചെയ്യുന്നവരെ പിരിച്ചുവിടുകയുമൊക്കെ ചെയ്യുന്നത് വികസനമല്ല. ടൂറിസം മേഖലയിൽ കോർപറേറ്റ് വൽക്കരണമാണ് നടക്കാൻ പോകുന്നത്.
ദ്വിപിൽ വികസനം അത്യാവശ്യമായിട്ടുള്ള മേഖലകൾ പലതുണ്ട്. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, കാർഷികം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ വികസനത്തെ അനുസരിച്ചാവും ദ്വീപിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികസനം സാധ്യമാവുക. നിലവിലെ ഗതാഗത സൗകര്യങ്ങൾ അപര്യാപ്തമാണ്. സമുദ്രഗതാഗതം കൂടുതൽ വികസിപ്പിക്കണം. നിലവിലത് പരിമിതമാണ്. കര ഗതാഗതം ഏറെക്കുറെ പര്യാപ്തമാണ്. മാത്രമല്ല ദ്വീപിൻ്റെ ഭൂമിശാസ്ത്രമനുസരിച്ച് കരമാർഗമുള്ള ഗതാഗതം അത്ര പ്രധാനപ്പെട്ടതല്ല. വലിയ ദ്വീപുകൾ കേന്ദ്രീകരിച്ച് എയർപോർട്ടുകൾ വരുകയാണെങ്കിൽ വ്യോമഗതാഗത മേഖലയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ സാധിക്കും. ഇത് സാധ്യമായാൽ ചെറിയ ദ്വീപുകളിലേക്ക് കപ്പലുകളുടെ ഷെഡ്യൂൾ വർദ്ധിപ്പിക്കാനും ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനും സാധിച്ചേക്കാം.
ആരോഗ്യമേഖലയിൽ നമുക്ക് ഒരു ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എങ്കിലും ആവശ്യമാണ്. കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം അനിവാര്യമാണ്. ആരോഗ്യമേഖലയിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കണം.
വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയുണ്ട്. എന്നാൽ അഭ്യസ്ഥവിദ്യരായവർക്ക് തൊഴിൽ അവസരങ്ങൾ കുറവാണ്. തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ദ്വിപിലെ വ്യവസായസാധ്യതകൾ പലതുണ്ട്. കടൽ വിഭവങ്ങൾ, കൊപ്ര ഉൽപന്നങ്ങൾ, ടൂറിസം എന്നിവയിൽ നല്ല ആസൂത്രണത്തോടെയും ജനപങ്കാളിത്തത്തോടെയും മികച്ച പദ്ധതികൾ കൊണ്ടുവരാനാവും. കടൽ ഉത്പന്നങ്ങളുടെയും തേങ്ങയുടെയും വിപണി ആവശ്യത്തിന് കിട്ടാറില്ല. ഈ മേഖലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിച്ചാൽ വിപണിമൂല്യം വർദ്ധിക്കും. അതിനുള്ള പദ്ധതികൾ ആവണം നടപ്പിലാക്കേണ്ടത്.
ദ്വീപിൽ ജനങ്ങളുടെ വിനോദങ്ങൾക്ക് സൗകര്യമുണ്ട്.പക്ഷെ അവയെ പരിപാലിച്ച് നിർത്തുന്നതിലെ വീഴ്ചകൾ പരിഹരിക്കണം. ഇൻഡോർ സ്റ്റേഡിയങ്ങളിൽ അറ്റകുറ്റപ്പണികൾ നല്ല രീതിയിൽ നടക്കണം. കായികതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിന് ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്കൂൾ തലത്തിൽ LSG ലക്ഷദ്വീപ് ഗെയിംസ് സംഘടിപ്പിച്ചു വരുന്നു. ഫുട്ബാൾ, ക്രിക്കറ്റ് താരങ്ങൾ ഉണ്ടെങ്കിലും ആ മേഖലയിൽ വളർന്നു വരാൻ സാധിക്കാത്തത് അവരുടെ കഴിവുകളെ പുറത്ത് അറിയാത്തതുകൊണ്ടാവാം.വേണ്ട അവസരങ്ങൾ സാധ്യമാക്കുകയും സ്പോൺസർമാരെ ക്ഷണിക്കുകയും ചെയ്യണം.
ലക്ഷദ്വീപിൽ പ്രകൃതി സൗഹൃദ ടൂറിസത്തിനാണ് സാധ്യതകളുള്ളത്. അതിനെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെ ബാധിക്കാത്ത തരത്തിൽ ഭരണകൂടം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കോർപറേറ്റുകൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ പാട്ടത്തിന് കൊടുത്താൽ അവരുടെ ലക്ഷ്യം കൂടുതൽ ലാഭമുണ്ടാക്കുക എന്നതായിരിക്കുമല്ലോ. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമോ എന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ അത്യാവശ്യമാണ്.
ലക്ഷ്വദീപിൽ നിലവിലുള്ള സേനകളും അവരുടെ സേവനങ്ങളും തൃപ്തികരമാണ്. എന്നാൽ നിരോധനമുള്ള ലഹരി കടത്തുന്നതിനെതിരെ കൂടുതൽ കാര്യക്ഷതയോടെ പ്രവൃത്തിക്കേണ്ടതുണ്ട്. ഒരു പൗരനെന്ന നിലയിൽ സുരക്ഷിതത്വത്തെ കുറിച്ച് ഇപ്പോൾ ആശങ്കയുണ്ട്. ഗുണ്ടാ ആക്ട്, LDAR റവന്യു ആക്ട് തുടങ്ങിയവയും മാംസഭക്ഷണ നിരോധനവും നടപ്പിൽ വരുന്നതിനെ ആശങ്കയോടെ കാണുന്നു. ദ്വീപിൽ വേണ്ടത്ര തൊഴിലവസരങ്ങൾ ഇല്ല. നിലവിലെ സാഹചര്യത്തിൽ ഉള്ള താൽകാലിക ജോലിപോലും നഷ്ടപ്പെടുന്നു. തൊഴിൽ സുരക്ഷിതത്വമില്ലായ്മ സാമൂഹിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
പുതിയ ഭരണപരിഷ്‌കാരങ്ങളിൽ ഏറ്റവും അപകടകരമായതാണ് LDAR 2021. പാരമ്പര്യമായ് ദ്വീപുകാർ കൈവശം വെച്ച പാരമ്പര്യ ഭൂസ്വത്തിനു മേലുള്ള സർക്കാരിൻ്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്. റവന്യൂ നിയമപ്രകാരം സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഒരു പെർമിറ്റിൻ്റെ പുറത്ത് അവിടെ തുടരാൻ സർക്കാർ അനുവദിക്കും. കൃത്യസമയത്ത് പെർമിറ്റ് പുതുക്കിയില്ലെങ്കിൽ രണ്ട് ലക്ഷം ആണ് പിഴ. ആദ്യ പിഴ.നിശ്ചിതകാലത്തിനകം പിഴ അടച്ചില്ലെങ്കിൽ തുടർന്നങ്ങോട്ട് പ്രതിദിനം ഇരുപതിനായിരം (20000) രൂപവീതം അഡ്മിനിസ്ട്രേഷന് നൽകിയിരിക്കണം. എന്തുമാത്രം വിചിത്രമാണിത്. സ്വന്തം നാട്ടിൽ അപരവൽക്കരിക്കപ്പെടുകയല്ലെ യഥാർത്ഥത്തിൽ സംഭവിക്കുന്നത്.
ഇതിനെല്ലാമെതിരെ പല പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ഡയറി ഫാം അടച്ചു പൂട്ടിയതിനും സ്കൂളുകളിൽ ബീഫും ചിക്കനും നിരോധിച്ചുകൊണ്ടുമുള്ള ഉത്തരവിനെതിരെയും കോടതിയെ സമീപിച്ചപ്പോൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അതിന് ഇടക്കാല സ്റ്റേ ഉത്തരവിടുകയുണ്ടായി. കവരത്തി ദ്വീപിൽ കടലിൽ നിന്നും 20 മീറ്റർ കരഭാഗത്തുള്ള നിർമ്മിതികൾ അഞ്ച് ദിവസത്തിനകം പൊളിച്ചുമാറ്റണം എന്ന തീരുമാനവും കോടതി സ്റ്റേ ചെയ്തു. നിയമപരമായ വഴിയിൽ ഇത് കൂടുതൽ വിശ്വാസവും പ്രത്യാശയും നൽകുന്നതാണ് എന്ന് മനസ്സിലാക്കാമല്ലോ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY