DweepDiary.com | Sunday, 09 August 2020

അഗത്തിയിലെ ബീകുഞ്ഞിപ്പാറയും ചില വാമൊഴി ചരിതങ്ങളും

In cultural and literature / 14 March 2019
(അബ്ദുല്‍ ഗഫൂര്‍ എഎം, അധ്യാപകന്‍, ഗവ.എസ്.ബി.എസ്, അഗത്തി)

ബീകുഞ്ഞിപ്പാറ എന്നത് അഗത്തി ദ്വീപിന്‍റെ തെക്കേഅറ്റത്തുള്ള കല്‍പ്പിട്ടി എന്ന ജനവാസമില്ലാത്ത ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു വലിയ പാറക്കൂട്ടമാണ്. പവിഴപ്പുറ്റുകള്‍ വളര്‍ന്ന് പന്തലിച്ച ഒരു കടല്‍ വേലി. കരയോട് ചേര്‍ന്ന് ദ്വീപിന് ചുറ്റും ഏതാണ്ട് ഏല്ലാഭാഗത്തും ഈ വേലിയുണ്ട്. ദ്വീപിന് ചുറ്റുമുള്ള റീഫ് കൂടാതെയാണിത്. ഇതില്‍ കിഴക്ക് ഏതാണ്ട് വടക്കുമാറി നില്‍ക്കുന്ന, നാല് മീറ്ററോളം ഉയരമുള്ള പാറകളാണ് ബീകുഞ്ഞിപ്പാറ. പണ്ട് ഇന്ന് കാണുന്ന രുപത്തിലല്ലായിരുന്നു ഈ പാറകള്‍. വലിയ പാറക്കുട്ടങ്ങളായിരുന്നു. പ്രകൃതിക്ഷോപം മൂലവും മനുഷ്യന്റെ കനത്ത ചൂഷണവും കാരണം ഇന്നവ ഏറെ നശിച്ചുപോയിരിക്കുന്നു. ചരിത്രം എഴുതി സൂക്ഷിക്കുന്ന ഏര്‍പ്പാട് ഇല്ലാതിരുന്ന ദ്വീപുവാസികള്‍ക്ക് ബീകുഞ്ഞിപ്പാറയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രം കേവലം ഐതിഹ്യ വിഭാഗത്തില്‍പ്പെടുത്തി വിശ്വസിക്കാനെ വഴിയുള്ളു. എങ്കിലും അഗത്തിക്കാരും ലക്ഷദ്വീപൊട്ടാകെയും ബീകുഞ്ഞിബിയോട് ചേര്‍ത്തേ അഗത്തി ദ്വീപിനെ കാണുകയുള്ളു. ഇന്നും ബീകുഞ്ഞിബിയുടെ റൂഹാനിയുമായി ഒരു ചരിത്ര പ്രതീകമായി ഇത് നിലകൊള്ളുന്നു.www.dweepdiary.com

ഇതിന് ഒരു സ്ത്രീയുടെ പേര് സിദ്ധിക്കാന്‍ കാരണമായ ഒരു കഥയുണ്ട്. അഗത്തി ദ്വീപിന്റെ സാംസ്കാരിക തനിമ പഠിക്കുന്നവര്‍ക്ക് ഇത് ഒഴിവാക്കാന്‍ സാധിക്കുകയില്ല. ദ്വീപുകള്‍ അറയ്ക്കല്‍ ബീവിയുടെ ഭരണത്തിന്‍ കീഴിലുള്ള കാലം. ദ്വീപിലെ പ്രധാന കുത്തക ഉത്പന്നങ്ങളായ കയര്‍ കൂടാതെ തേങ്ങ, ശര്‍ക്കര, മാസ്, കവിടികള്‍, കടലാമ തുടങ്ങിയവയില്‍ നിന്നും കരം (നികുതി) ബീവി പിരിപ്പിച്ചിരുന്നു. അതീവ ദരിദ്രരായ അഗത്തി ദ്വീപുകാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിരുന്നു. എന്നാല്‍ നിയമലംഘകരോട് ബീവി ഒട്ടും ദാക്ഷിണ്യം കാണിച്ചിരുന്നില്ല. ഈ ശിക്ഷ ഭയന്ന് നാട്ടുകാര്‍ കരം കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ബിവി ഇത് നടപ്പിലാക്കാനായി ഓരോ ദ്വീപിലും കാര്യക്കാരന്‍ എന്ന പദവിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. എല്ലാ ദ്വീപുകളിലും ഉയര്‍ന്ന തറവാട്ടുകാരണവര്‍ക്കാണ് ഈ പദവി അനുവദിച്ചു നല്‍കിയിരുന്നത്. അഗത്തി ദ്വീപില്‍ ബീവി കാര്യക്കാരനായി നിയമിച്ചത് ബലിയഇല്ലത്തുകാരേയാണ്. ഇവിടുത്തെ കാരണവര്‍ കുഞ്ഞിഅഹമ്മദ് എന്ന ജനകീയനാണ് കാര്യക്കാര പദവിയില്‍.

രക്ഷാപ്രവര്‍ത്തനമോ സഹായമോ സ്വപ്നം കാണാന്‍ പോലും പറ്റാത്ത ആ കാലഘട്ടങ്ങളില്‍ ഇടയ്ക്ക് എത്തുന്ന "ചാവും കിലശവും" പിന്നെ സംഹാര താണ്ടവമാടിയെത്തുന്ന കാലവര്‍ഷവും മറ്റ് "കുണാക്കേടുകളും" വറുതിയുടെ നാളുകള്‍ ദ്വീപുകാര്‍ക്ക് സമ്മാനിക്കാറുണ്ട്. അങ്ങനെ വറുതിയിലാണ്ട ഒരു കാലം ദ്വീപുകാര്‍ക്ക് ബീവി നിശ്ചയിച്ച കരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്ന ബീവിയാവട്ടെ കരം കിട്ടണമെന്നും ശഠിച്ചു. നാട്ടുകാരനായ കാര്യക്കാരന്‍ കുഞ്ഞിഅഹമ്മദ് ജനങ്ങള്‍ക്കൊപ്പം നിന്നു. കല്‍പന ധിക്കരിച്ചതായി കണക്കാക്കി ബീവിയുടെ പട്ടാളക്കാര്‍ അഗത്തി ദ്വീപിലെത്തി നാട്ടുകാരോട് അതിക്രമം പ്രവര്‍ത്തിച്ചു. വീടുകള്‍ പൊളിക്കുകയും സകല വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. കാര്യക്കാരന്‍ കുഞ്ഞിഅഹമ്മദടക്കം ബലിയഇല്ലക്കാരെ മുഴുവനും ബീവിടെ ഭടന്‍മാര്‍ കൊന്ന് കളഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവദിക്കാതെ കിഴക്ക് വശത്തിലെ റീഫിലെ ചാലുകളിലൂടെ പുറംകടലിലേക്ക് ഒഴുക്കിക്കളഞ്ഞു. ഇന്നും ഈ കടല്‍ ചാലുകള്‍ "ബലിയഇല്ലത്തുകാരെ വിട്ടശാല്‍"എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കടല്‍ തീരവും ഈ പേരിലാണ് അറിയപ്പടുന്നത്.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഈ വീട്ടിലെ ഒരു പെണ്‍തരിയായ ബീക്കു‍ഞ്ഞി ഇതൊന്നുമറിയാതെ അയല്‍ വീടായ "പൂവ്വാത്തിയോട" എന്ന വീട്ടില്‍ തന്റെ തോഴിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിക്കുകയായിരുന്നു. മരണം മണത്തറിഞ്ഞ ഈ വീട്ടുകാരനായ അടിയാന്‍ എന്നയാള്‍ ബീക്കുഞ്ഞിയെ തന്‍റെ വീടിനുള്ളില്‍ ഒളിപ്പിച്ചു. ബീവിയുടെ ഭടന്‍മാരെ ഭയന്ന് അന്ന് രാത്രി അടിയാന്‍ ബീക്കുഞ്ഞിയെ തെക്കേഅറ്റത്തുള്ള കല്‍പ്പിട്ടിയില്‍ കൊണ്ട്പോയി അവിടെ കണ്ട ഒരു വലിയ പാറയുടെ പൊത്തില്‍ ഇരുത്തി തിരിച്ച് വന്നു. അന്ന് ദ്വീപിന്റെ തെക്ക് ഭാഗം ജനവാസം കുറഞ്ഞതും പകല്‍പോലും ചെല്ലാന്‍ പേടിക്കുന്ന ഇടമായിരുന്നു. അങ്ങനെയുള്ള ഇടത്തില്‍ ബീകുഞ്ഞിക്ക് കൂട്ടായി ആരെങ്കിലും ഉണ്ടായിരുന്നതായി പറയുന്നില്ല. പട്ടാളക്കാര്‍ തിരിച്ച് പോകുന്നത് വരെ ഏതാണ്ട് മുന്ന് ദിവസം ബീക്കുഞ്ഞി വെള്ളവും ഭക്ഷണവുമില്ലാതെ ഈ പാറയില്‍ ഒളിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. പിന്നീട് നാട്ടുകാര്‍ ബീക്കുഞ്ഞിയെ അഗത്തിയിലേക്ക് തിരിച്ച് കൊണ്ട് വന്നു. ബീക്കുഞ്ഞി ജീവിച്ചിരുക്കുന്ന കാര്യം അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്ന് ബീക്കുഞ്ഞിയെ ഇവര്‍ അമിനിയിലേക്ക് മാറ്റിയെന്നും അതല്ല കില്‍ത്താനിലേക്കാണ് മാറ്റിയതെന്നും പറയപ്പെടുന്നു. കില്‍ത്താനില്‍ ബലിയ ഇല്ലം എന്ന തറവാട് ബീകുഞ്ഞി കില്‍ത്താനില്‍ എത്തിയതിന്റെ തെളിവാണെന്ന് വിശ്വസിക്കുന്നു.
അങ്ങനെ കുഞ്ഞിഅഹമ്മദ് എന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വീട്ടുകാരിയായ ബീകുഞ്ഞിയുടെ പേര് ചേര്‍ത്ത് ആ വൃദ്ധനായ പാറ നാട്ടുകാരുടെ വാമൊഴിയില്‍ ഇന്നും ജീവിക്കുന്നു. അന്തസിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് അഗത്തിക്കാര്‍ക്ക് ഈ പാറ.www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY