DweepDiary.com | Wednesday, 21 August 2019

ലക്ഷദ്വീപിലെ നാടോടിക്കഥകള്‍

In cultural and literature / 03 January 2019
അറബിക്കടലിന്റെ തിളങ്ങുന്ന നീലിമകള്‍ക്കിടയില്‍ പൊങ്ങിക്കിടക്കുന്ന പവിഴദ്വീപുകളുടെ വര്‍ണപ്പകിട്ടും അവിടത്തെ നിഷ്‌കളങ്കരായ മനുഷ്യരുടെ ഭാവനയുടെ ചാരുതയും അടയാളപ്പെടുത്തുന്ന കഥാമാലിക. - എം.എന്‍. കാരശ്ശേരി

അറബിക്കടലിലെ കേരളമാണ് ലക്ഷദ്വീപുകള്‍. അലകടല്‍കൊണ്ട് അകന്നു വര്‍ത്തിക്കുന്നുണ്ടെങ്കിലും ജനവാസമുള്ള ദ്വീപുകള്‍ ഓരോന്നും കേരളത്തിന്റെ കൊച്ചു പതിപ്പുകളാണ്. അതിപ്രാചീനമല്ലാത്ത ഒരു കാലത്ത് കേരളത്തില്‍നിന്ന് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് അവിടെ താമസിച്ചുവരുന്നത്. അവരുടെ ഭാഷ മലയാളമാണ്. വേഷഭൂഷാദികളും ഭക്ഷണക്രമവുമെല്ലാം മലയാളികളുടേതുതന്നെ.
ആദ്യകാലത്ത് ഏഴിമല ആസ്ഥാനമായി കോലത്തിരി രാജാക്കന്മാരും പിന്നീട് കണ്ണൂര്‍ ആസ്ഥാനമായി അറയ്ക്കല്‍ ബീബിമാരും, അതുകഴിഞ്ഞ് കുറച്ചുകാലം ടിപ്പുസുല്‍ത്താനും ഒടുവില്‍ ബ്രിട്ടീഷുകാരുമാണ് ദ്വീപുകളില്‍ ഭരണം നിര്‍വഹിച്ചിരുന്നത്. 1956 മുതല്‍ ദ്വീപുകള്‍ ഒരു കേന്ദ്രഭരണപ്രദേശവുമാണ്. ദ്വീപുവാസികള്‍ ആദ്യകാലത്തു ബുദ്ധമതവിശ്വാസികളായിരുന്നു. പിന്നീട് ഇസ്‌ലാംമത വിശ്വാസികളായി മാറി. അവരുടെ സാഹിത്യം നാടന്‍പാട്ടുകളിലും നാടോടിക്കഥകളിലും മറ്റും ഒതുങ്ങിനില്ക്കുന്നു. മുസ്‌ലിങ്ങളായി മാറിയതിനു ശേഷമായിരിക്കാം അറബി മലയാള സാഹിത്യവും അവര്‍ക്കിടയില്‍ പ്രചരിച്ചതായി കാണുന്നുണ്ട്.
ആധുനിക സാഹിത്യരൂപങ്ങളൊന്നും ദ്വീപുകളിലേക്കു കടന്നുചെന്നിട്ടില്ല. ബ്രിട്ടീഷുകാര്‍ അവിടെ ജൂനിയര്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കേന്ദ്രഭരണപ്രദേശമായതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ വിവിധ ദ്വീപുകളില്‍ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി സ്ഥാപിക്കുകയും ദ്വീപുവിദ്യാര്‍ഥികള്‍ക്ക് വന്‍കരയിലെ കോളേജുകളില്‍ പഠനസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ആ സ്‌കൂളുകളിലും കോളേജുകളിലും പഠിച്ചുവന്ന വിദ്യാര്‍ഥികളാണ് ദ്വീപുകളില്‍ ആധുനിക സാഹിത്യരൂപങ്ങളായ ചെറുകഥയും നോവലും യാത്രാവിവരണങ്ങളും മറ്റും എഴുതാന്‍ തുടങ്ങിയത്.
അറബിക്കടലിലെ കേരളമെന്ന് വിശേഷിക്കപ്പെടുന്ന ലക്ഷദ്വീപുകളില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളുടെ സമാഹാരമാണ് ഡോ.എം. മുല്ലക്കോയയുടെ ലക്ഷദ്വീപിലെ നാടോടിക്കഥകള്‍. ലോകത്തെങ്ങുമുള്ള നാടോടിക്കഥകളില്‍ ഒരു വിഭാഗം കുട്ടികളെ ഉദ്ദേശിച്ച് ആഖ്യാനം ചെയ്യപ്പെട്ടവയാണ്. ദ്വീപിലെ നാടോടിക്കഥകളിലും കുട്ടികള്‍ക്കുവേണ്ടിയുള്ള കഥകള്‍ കാണാം. എന്നാല്‍, ദ്വീപിലെ കഥകളിലധികവും മുതിര്‍ന്നവര്‍ അവരുടെ വിശ്രമവേളകള്‍ക്കു രസം പകരാന്‍വേണ്ടി ഒരുമിച്ചിരുന്ന് പറഞ്ഞുവന്നവയാണ്.
ദ്വീപുകാര്‍ക്കു കഥാകഥനത്തിനു വിശേഷപ്പെട്ട ഒരു സന്ദര്‍ഭംകൂടിയുണ്ടായിരുന്നു. അത് അവരുടെ പായോടങ്ങളിലെ യാത്രാവേളകളുമായി ബന്ധപ്പെട്ടുവരുന്നതാണ്. ഒരാഴ്ചയോളം നീണ്ടുനില്ക്കുന്ന ആ യാത്രയ്ക്കിടയില്‍ പായോടത്തിലെ ഖലാസികളും യാത്രക്കാരും ഒരുമിച്ചിരുന്ന് നീണ്ട പാട്ടുകള്‍ (ഖണ്ഡകാവ്യങ്ങള്‍) പാടി വ്യാഖ്യാനിച്ചു പറഞ്ഞും അല്ലെങ്കില്‍ തുടര്‍ച്ചയായി കഥകള്‍ പറഞ്ഞുമാണ്് രാത്രിയും പകലും തള്ളിനീക്കിയിരുന്നത്. അങ്ങനെ പ്രചരിച്ചുവന്ന കഥകള്‍ക്ക് അറബിക്കഥകളുമായി സമാനത കണ്ടു എന്നു വരാം.
നാടോടിക്കഥകളുടെ സാമാന്യലക്ഷണങ്ങള്‍ ദ്വീപിലെ നാടോടിക്കഥകള്‍ക്കുമുണ്ട്. ഓരോ കഥയിലും സത്യം, സൗന്ദര്യം, നന്മ ഈവക ഗുണങ്ങളെല്ലാം പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. അദ്ഭുതത്താല്‍ വിടര്‍ന്ന നയനങ്ങളോടെയാണ് ആഖ്യാനങ്ങള്‍ പുരോഗമിക്കുന്നത്. കഥകള്‍ക്ക് കടല്‍ജീവിതവുമായി അഭേദ്യമായ ഒരു ബന്ധവും കാണ്മാനുണ്ട്.
ലക്ഷദ്വീപിലെ നാടോടിക്കഥകള്‍ ഒരേസമയം കുട്ടികളോടും മുതിര്‍ന്നവരോടും ഹൃദയസ്പര്‍ശിയാംവിധം സംവദിക്കുന്നവയാണ്. പ്രതിസന്ധികള്‍ ക്കൊക്കെയുമപ്പുറം പ്രകാശം പരത്തുന്ന കഥകളാണിതിലുള്ളത്. ഏതിരുട്ടിലും വെളിച്ചമായി ജ്വലിക്കാനും ഏതു കൊടുംവേനലിലും കുളിര്‍മഴയായി കോരിച്ചൊരിയാനും കഴിയുന്ന ഈ കഥകളൊക്കെയും മനുഷ്യരെ കൂടുതല്‍ നല്ല മനുഷ്യരാക്കാനുള്ള മഹത്തായൊരു സാംസ്‌കാരികപ്രവര്‍ത്തനത്തിന്റെ ചുരുക്കെഴുത്തുകള്‍ എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്.

ഡോക്ടര്‍ മുല്ലക്കോയയുടെ ലക്ഷദ്വീപിലെ നാടോടിക്കഥകൾ മാതൃഭൂമി ബുക്സില്‍ നിന്നും വാങ്ങാം

ഡോക്ടര്‍ റഹ്മത്ത് ബീഗത്തിന്റെ "അവിസ്മരണീയം" മാതൃഭൂമി ബുക്സില്‍ നിന്നും വാങ്ങാം

SHARE YOUR FEEDBACK

RECENT IN THIS CATEGORY