DweepDiary.com | Thursday, 19 September 2019

"ടൈറ്റാനിക് ദുരന്തവും ഛോട്ടാ സായിബിന്റെ വലിയോടവും" - മുസ്തഫ ഖാന്‍ പികെ

In cultural and literature / 01 December 2018
ലേഖകന്‍ : ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയര്‍ സെകന്‍ഡറി സ്കൂളിലെ ചരിത്ര അധ്യാപകനാണ്

'ബായി ബായി,എന്നേം കൂട്ടിക്കോ ബായി'.. എന്ന വരികളുള്ള നാടൻ പാട്ട് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത ലക്ഷദ്വീപ്കാർ കുറവായിരിക്കും. തലമുറകൾ ഏറ്റ് പാടിക്കൊണ്ടിരിക്കുന്ന, ലക്ഷദ്വീപിലെ വലിയ ഓടങ്ങളുടെ ചരിത്രത്തിലെ ഒരു ദുരന്ത അധ്യായത്തിന്റെ വേദനകൾ പങ്കിടുന്ന ആ നാടൻപാട്ടിലെ ബായി ആണ് ഇത്, ദുരന്തത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണി.

1965 ഡിസംബർ എട്ടാം തിയതി യായിരുന്നു സംഭവം. പശുക്കളും കച്ചവട ചരക്കുകളും വീട്ട് സാധനങ്ങളും നിറച്ച് യാത്രക്കാരേയും കയറ്റി മംഗലാപുരത്ത് നിന്നും അമിനിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഛോട്ടാ സായിബിന്റെ ഓടം. ഉടമസ്ഥനായ ഛോട്ടാ സായിബും അദ്ദേഹത്തിന്റെ സഹോദരൻ ബുഡ്ഡു സായിബിന്റെ മക്കളായ നാലാം ക്ലാസിൽ പഠിക്കുന്ന ദാവൂദ് എന്ന കുട്ടിയും ദാവൂദിന്റെ ജേഷ്ഠനായ ബാബുവും പ്രസ്തുത ഓടത്തിൽ ഉണ്ടായിരുന്നു.

നാട് മറയാൻ പോകുന്ന ദൂരത്തിൽ എത്തിയപ്പോഴേക്കും ശക്തമായ കാറ്റും മഴയും ആരംഭിച്ചു. അവ കൂടുതൽ ശക്തി പ്രാപിച്ചപ്പോൾ എല്ലാ പായകളും താഴ്ത്തികെട്ടി. തിരമാലകൾ ഉയർന്ന് പൊങ്ങാൻ തുടങ്ങി. യാത്രക്കാർ ഭയചകിതരായി പലരും രക്ഷപ്പെടാൻ വേണ്ടി നേർച്ചകൾ നേർന്നു. ഉടമസ്ഥനും തല മുതിർന്നവരും അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവരുടേയും മനോധൈര്യത്തെ തകർത്ത് കൊണ്ട് അത് സംഭവിച്ചു, വലിയോടത്തിൽ വെള്ളം കയറാൻ തുടങ്ങി. ജലവിതാനം പൊങ്ങുന്നതിനനുസരിച്ച് ആളുകളുടെ മനസ്സിലെ ആധിയും ഉയർന്ന് കൊണ്ടിരുന്നു.

തങ്ങൾക്ക് വേണ്ടി പ്രതീക്ഷയോടെ നാട്ടിൽ കാത്തിരിക്കുന്ന ഉറ്റവരുടേയും ഉടയവരുടേയും മുഖം യാത്രികരുടെ മനസ്സിൽ തെളിഞ്ഞു. മണവാട്ടിയാകാൻ പോകുന്ന മകൾ, മാർക്കം കഴിക്കാൻ പോകുന്ന മകൻ, കറുത്ത കാങ്കി തുണിയിലേക്കും സുഹ്റ ബി കുപ്പായത്തിലേക്കും നോക്കുന്ന ഉമ്മ , അങ്ങിനെ പല മുഖങ്ങൾ മിന്നി മറഞ്ഞു. പക്ഷേ നിമിഷങ്ങൾക്കകം ആ ഓർമ്മകളെ തട്ടിമാറ്റി മരണത്തിന്റെ കറുത്ത മുഖം അവരെ തുറിച്ച് നോക്കാൻ തുടങ്ങി, ഓടത്തിൽ തങ്ങിക്കൊണ്ട് കാറ്റിനേയും കോളിനേയും അതിജീവിക്കാം എന്ന പ്രതീക്ഷ അസ്തമിച്ചു.

പിന്നീട് ജീവൻമരണ പോരാട്ടമായിരുന്നു. അതിലുണ്ടായിരുന്ന പലകകളും മറ്റും എടുത്ത് പിടിച്ച് രണ്ടും കൽപ്പിച്ച് യാത്രികർ കടലിലേക്ക് ചാടി കരയേലക്ഷ്യമാക്കി തങ്ങളുടെ സർവ്വശക്തിയുമെട്ത്ത് നീന്താൻ തുടങ്ങി. പ്രക്ഷുബ്ദമായ കടൽ, യാത്രികർ പിടിച്ചിരുന്ന അവസാനത്തെ ആശ്രയമായ പൊങ്ങ് തടികളിൽ നിന്നും അവരുടെ കൈകളെ തട്ടി മാറ്റാൻ ശ്രമിച്ച് കൊണ്ടിരുന്നു. കാറ്റാണെങ്കിൽ, ജലകണികകളേ മൂക്കിലേക്ക് അടിച്ച് കയറ്റി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. ഇതിന്നിടയിൽ ചിലർ മരണത്തിന് കീഴടങ്ങി . പലരും രക്ഷപ്പെട്ടു.

എല്ലാവരും മുങ്ങുന്ന ഓടത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും രണ്ട് പേർ മാത്രം അതിൽ അവശേഷിച്ചു. ഓടത്തിന്റെ ഉടമസ്ഥനായ സാക്ഷാൽ ഛോട്ടാ സായിബും അദ്ദേഹത്തിന്റെ സഹോദരന്റെ മകനായ നാലാം ക്ലാസുകാരൻ ദാവൂദും. ആ കുഞ്ഞ് മോൻ കരഞ്ഞ് വിളിച്ച് പറഞ്ഞു "ബായി ബായി നന്നേം കൂട്ടിക്കോ ". തന്റെ ജേഷ്ഠനായ ബാബുവിനേയാണ് കുട്ടി ദൈന്യതയോടെ ബായി എന്ന് വിളിച്ചത്. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും അദ്ദേഹം നടത്തി, പക്ഷേ, എല്ലാം വിഫലമായി.

സഹോദരന്റെ മകനായല്ല സ്വന്തം മകനായിട്ട് തന്നെ ഛോട്ടാ സായിബ് കണക്കാക്കുന്ന നാലാം ക്ലാസുകാരൻ കുട്ടിയേ മടിയിലിരുത്തി കെട്ടിപ്പിടിച്ചു, ഏത് വിധിയേയും നേരിടാൻ മോനോടൊപ്പം ഞാനുമുണ്ടാകുമെന്ന ഭാവം. 'തീരം നോക്കി നീന്തിയവർ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു, ഓടത്തിന്റെ ചത്തിരി (ക്യാബിൻ) പുറത്തിരിക്കുന്ന ഛോട്ടാ സായി ബിനേയും കുട്ടിയേയും കൊണ്ട് ഓടം അറബിക്കടലിന്റെ അഗാധഗർത്തത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്നു, സൂര്യൻ ചക്രവാളത്തിലേക്ക് താഴുന്നത് പോലെ, പതുക്കെ, പതുക്കെ കടലിലേക്ക് മുങ്ങി താഴ്ന്ന് അവർ മരണത്തെ ആശ്ലേഷിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വിവരം ആദ്യമായി അമ്മേനിക്കാരെ അറിയിച്ച , ബംഗ്ലാപ്പുര തറവാട്ടിന്റെ പേരും പ്രശസ്തിയും പത്ത് നാട്ടിലും പരക്കാൻ നിമിത്തമായ ആ വലിയോടവും അതിന്റെ ഉടമസ്ഥനായ ഛോട്ടാ സായിബും, ദാവൂദ് എന്ന അദ്ദേഹത്തിന്റെ സഹോദര പുത്രനും അങ്ങിനെ ചരിത്രത്തിലേക്ക് മറഞ്ഞു.

ലോക സിനിമാ ചരിത്രത്തിലെ വിസ്മയമായ ടൈറ്റാനിക് എന്ന സിനിമയിലെ കപ്പിത്താനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഛോട്ടാ സായിബിന്റെ ജീവത്യാഗം. വേണമെങ്കിൽ അദ്ദേഹത്തിന് രക്ഷപ്പെടാമായിരുന്നു, പക്ഷേ തന്റെ സഹോദരന്റെ മകനായ ദാവൂദ് എന്ന പിഞ്ച് ബാലനെ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന്, അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിൽ തന്റെ ജീവിതമായ വലിയോടത്തേയും സ്വന്തം ചോരയായി കരുതുന്ന കുട്ടിയേയും കടലിന് കൊടുത്തിട്ട് തനിക്ക് രക്ഷപ്പെടണ്ടാ എന്ന് പറയാതെ പറയുന്നതായിരുന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ഓടത്തിന്റെ ചത്തിരിയുടെ മുകളിൽ കുട്ടിയേയും കെട്ടിപ്പിടിച്ച് ഇരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മുഖഭാവം.

അങ്ങിനെ ലക്ഷദ്വീപിന്റെ വലിയോടങ്ങളുടെ ചരിത്രത്തിൽ , ഉൾക്കിടിലമുണ്ടാക്കുന്ന ഒരു ദുരന്തത്തിന്റേയും ഒപ്പം ഒരു മഹാ ത്യാഗത്തിന്റെയും നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി മനുഷ്യമനസ്സുകളിൽ ഇന്നും ഈ സംഭവം പച്ചപിടിച്ച് നിൽക്കുന്നു. ഛോട്ടാ സായിബിന ഓടോം ബീണ ഫാട്ട് എന്ന പേരിൽ നാടൻ പാട്ട് രൂപത്തിൽ ആ ഓർമ്മകൾ തലമുറതലമുറ കൈമാറി വരുന്നു.

തന്റെ സ്വന്തം കുഞ്ഞനുജനും മൂത്താപ്പായും മരണക്കയത്തിലേക്ക് മുങ്ങി താഴുന്നത് നിസ്സഹായനായി കാണേണ്ടിവന്ന ബാബു ഹാജിയുടെ കാതുകളിൽ, ബായി ബായി എന്നേം കൂട്ടിക്കോ, എന്നുള്ള കുഞ്ഞ് പൈതലിന്റെ ആ ദയനീയമായ വിളി ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. നീറുന്ന ആ ഗതകാല സ്മരണകളെ ഉള്ളിലൊതുക്കി ഈ സംഭവത്തിലെ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തി കൂടിയായ നാടൻ പാട്ടിലെ ആ ബായി എന്ന ജനാബ് ബാബു മക്കൾക്കും കൊച്ച് മക്കൾക്കുമൊപ്പം കടമത്തിൽ ജീവിതത്തിന്റെ സായാഹ്നം ചെലവിടുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY