DweepDiary.com | ABOUT US | Tuesday, 16 April 2024

പ്രഫുൽ പട്ടേലിന് വൈ കാറ്റഗറി സുരക്ഷ, ലക്ഷദ്വീപിൽ അതീവസുരക്ഷ ആദ്യം

In Protest BY Admin On 06 July 2021
കവരത്തി: ജനദ്രോഹ നിയമങ്ങളും വിവാദ ഉത്തരവുകളും വഴി ജനരോഷം ഏറ്റുവാങ്ങിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. രണ്ട് സായുധ കമാൻഡോകൾ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന് വീണ്ടും അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തുക വൈ കാറ്റഗറി സുരക്ഷയോടെയാവും. ഇന്ത്യയിൽ ആറുതരം സുരക്ഷാ കാറ്റഗറികളാണ് നിലവിലുള്ളത്. എക്‌സ്, വൈ, വൈ പ്ലസ്, സെഡ്, സെഡ് പ്ലസ്, എസ് പി ജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) എന്നിവയാണവ. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാറിന്റെ വിവേചനാധികാരപ്രകാരമാണ് ഇവ അനുവദിക്കുക. കുറ്റകൃത്യങ്ങളോ സുരക്ഷാപ്രശ്നങ്ങളോ നിലവിലില്ലാത്ത ലക്ഷദ്വീപിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്മിനിസ്ട്രേറ്റർക്ക് അതിസുരക്ഷ ഒരുക്കുന്നത്.

ജൂൺ 14 ന് പട്ടേൽ ദ്വീപിൽ എത്തിയപ്പോൾ ലക്ഷദ്വീപ് ജനത കരിദിനം ആചരിക്കുകയും ജനദ്രോഹനയങ്ങൾക്കെതിരെ വീടുകളിലിരുന്നും സോഷ്യൽ മീഡിയ വഴിയും കനത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലും ഉരുക്കുമുഷ്ടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സുരക്ഷാ വർധനവ് എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY