DweepDiary.com | ABOUT US | Thursday, 25 April 2024

നമുക്ക് വേണം പുതിയൊരു രാഷ്ട്രീയ സംസ്കാരം | രാഷ്ട്രീയ നിരീക്ഷണം | ഹുസൈൻ ഷാ

In Politics BY P Faseena On 01 August 2022
ലക്ഷദ്വീപിലെ ഭരണപക്ഷമാര്, പ്രതിപക്ഷമാര് എന്ന ചോദ്യങ്ങൾ ദ്വീപു രാഷ്ട്രീയ ചർച്ചകളിൽ കിടന്നുരുളാൻ തുടങ്ങി കുറേ നാളായി. ഏഴു ദ്വീപു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഭരണവും കൈവെള്ളയിൽ വെച്ച് കോൺഗ്രസ് വെള്ളയും വെള്ളയുമിട്ട് നെഞ്ച് വിരിക്കുമ്പോൾ മൂന്ന് ദ്വീപു പഞ്ചായത്തുകളും ഫെഡറേഷൻ ഭരണവും പ്രബലമായ എം.പി സ്ഥാനവും നെഞ്ചിലേറ്റി ഘോഷയാത്ര നടത്തുകയാണ് എൻ.സി.പി. ഇങ്ങിനെ തുല്യശക്തികളായി തല ഉയർത്തിപ്പിടിക്കുന്നത് കൊണ്ടാണ് രണ്ട് പക്ഷത്തിനും തങ്ങൾ ഏതു പക്ഷത്താണെന്ന് തിരിച്ചറിവില്ലാതാവുന്നത്. അതിന്റെ ഇടക്കാണല്ലോ മാരണംപോലെ പ്രഫുൽ ഖോഡാ പട്ടേൽ ഈ കക്ഷികൾക്കിടയിലേക്ക് ഭരണപക്ഷമായി അവതീർണ്ണമായത്. അതോടെ ഇരുപക്ഷങ്ങളും അപ്രഖ്യാപിത പ്രതിപക്ഷമായി മാറുകയും ചെയ്തു.
കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ആരോഗ്യം, ടൂറിസം, ഇത്യാദി വകുപ്പുകൾക്ക് പുറമെ മറ്റുള്ള വകുപ്പുകളും നടപ്പുരീതികളും എങ്ങനെയെല്ലാം കുളമാക്കി ദ്വീപുകാരെ പട്ടിണിയിലാക്കാം എന്നതാണല്ലോ പട്ടേലിന്റെ ഭരണപരിഷ്ക്കാരങ്ങൾ.
ബി.ജെ.പി.യുമായി ലയിക്കാമെന്ന് സാക്ഷാൽ അമിത്ഷാക്ക് വാക്ക് കൊടുത്ത് എൻ.സി.പി. പിന്മാറിയതിനുള്ള പ്രതികാര നടപടി ആയാണ് ഖോഡാ എന്ന അസുരനെ കേന്ദ്രം ഇറക്കിയതെന്നാണ് ഡോക്ടർ സാദിഖിന് ഡൽഹിയിൽ നിന്നും കിട്ടിയ വിവരമത്രെ. ഒരു എൻ.ഡി.എ കക്ഷിക്ക് എം.പി. സ്ഥാനം നൽകിയാലും പട്ടേലിനെ പിൻവലിക്കുമെന്ന് ആ വിവരത്തിന്റെ ഒരു വാലു കൂടിയുണ്ട്. അങ്ങനെ പറയുമ്പോൾ ഈ അരക്ഷിതാവസ്ഥക്കിടയിൽ ചില വ്യാമോഹങ്ങൾ മണക്കുന്നത്പോലെ.
കേന്ദ്രത്തിലെ കോൺഗ്രസിതര ഭരണപക്ഷങ്ങളോട് ചേർന്നു നിൽക്കുകയും, ബി.ജെ.പി യുടെ സമരത്തിൻ്റെ പരിണിത ഫലമന്നോണം രൂപീകരിക്കപ്പെട്ട കോൺഗ്രസ് വിരുദ്ധ പാർട്ടികൾക്കൊപ്പമാണ് ദ്വീപിലെ കോൺഗ്രസ് വിരുദ്ധർ ചേർന്ന് നിന്നത് ദ്വീപു രാഷ്ട്രീയ ചരിത്രത്തിലെ അവഗണിക്കാനാവാത്ത ഒരു സത്യമാണ്.
എൻ.ആർ.സി, പൗരത്വ രജിസ്റ്റർ, എന്നിവ ഇന്ത്യൻ മുസ്ലിംങ്ങളെ നേരിട്ട് തൊടുന്നവിധം ഇത്ര രൂക്ഷമായില്ലായിരുന്നു എങ്കിൽ ഈ കോൺഗ്രസ് വിരുദ്ധപക്ഷം കോൺഗ്രസിനെ എതിർക്കാൻ ബി.ജെ.പി യിൽ ചേരുമയിരുന്നു എന്നതും യാഥാർത്ഥ്യമാണ്. അതിന് അവർ തയ്യാറെടുത്തതുമാണ്. എൻ.സി.പി. ബി.ജെ.പി ലയനത്തിന് മുന്നോടിയായി ബി.ജെ.പി മെമ്പർഷിപ്പ് എടുത്ത എൻ.സി.പി. അണികൾ രണ്ട് പാർട്ടികളുടേയും രഹസ്യയോഗങ്ങളിൽ പങ്കെടുത്തത് പരസ്യമായ രഹസ്യമാണ്. ലയനശ്രമം തീക്ഷ്ണമായ സമയത്ത് എം.പി ബി.ജെ.പി. അനുകൂല പ്രസംഗം നടത്തിയത് അന്ന് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
വീരവാദങ്ങളും അവകാശ വാദങ്ങളും നിരത്തി തല ഉയർത്തി നടക്കുന്ന ഇരു പാർട്ടികൾക്കും ഖോഡാ എന്ന എകാധിപതിക്ക് മുന്നിൽ ദ്വീപുമനസിനെ തൃപ്തിപ്പെടുത്തും വിധം ഇടപെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുപാർട്ടികളും ഭരണപക്ഷത്തും ഒപ്പം പ്രതിപക്ഷത്തുമാണ്. അതുകൊണ്ടു തന്നെ രണ്ട് കടമകളും നിർവ്വഹിക്കാൻ ഇരുകൂട്ടർക്കും ധാർമ്മികമായ ഉത്തരവാതിത്ത്വമുണ്ട്.
ഖോഡാ പട്ടേൽ തന്റെ സ്വന്തം നിലക്കാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും മോഡി-അമിത് ഷാ നയിക്കുന്ന കേന്ദ്ര സർക്കാരിന് ഇതിലൊരു പങ്കുമില്ല എന്ന നിലപാടാണ് എം.പി. തുടക്കം മുതലെ സ്വീകരിച്ചത്. രണ്ടായിരത്തിൽപ്പരം തൊഴിലാളികൾ പിരിച്ച് വിടപ്പെടുകയും ഡിപ്പാർട്ട്മെന്റുകളിലൂടെ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്ന ധനസഹായങ്ങൾ റദ്ദ് ചെയ്യപ്പെടുകയും സമൂഹം ജീവിതത്തിലൊരിക്കൽ പോലും അനുഭവിക്കാത്തവിധം സാമ്പത്തിക ഞെരുക്കത്തിൽ വീണ് കിടക്കുകയും ചെയ്യുമ്പോളാണ് ഇരുപാർട്ടികളും സോഷ്യൽ മീഡിയയിൽ സ്വയം ന്യായീകരണ തൊഴിലാളികളായി ആടിത്തിമിർക്കുന്നത്.
ഈ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ പൊതു മന:സാക്ഷി എം.പി.യേയും എം.പിയുടേ പാർട്ടിയേയും വിചാരണ ചെയ്യുന്നുണ്ട് എന്ന തോന്നലാണ് എൻ.സി.പി. സമര പരിപാടികളുമായി രംഗത്തിറങ്ങാൻ കാരണമായി തീർന്നത്. സമരം 144-ൽ തട്ടി പൊളിഞ്ഞപ്പോൾ ആകെ നാണക്കേടായി. അതിനെ മറികടക്കാൻ ഇറങ്ങിപ്പോക്ക് പ്ലാൻ ചെയ്തു. അത് കുറിക്ക് കൊണ്ടു. കോൺഗ്രസ് പക്ഷത്തുള്ളവർ പോലും അതിനെ പുകഴ്ത്തി പറഞ്ഞു. എകാധിപത്യത്തിനു നേരെ ഒരു നേരിയ കല്ലെങ്കിലും എറിഞ്ഞ് തറപ്പിച്ചതിലുള്ള സന്തോഷമായിരുന്നു അനുകൂല വാചകങ്ങൾ. ആസൂത്രണമില്ലാത്ത തുടർ സമരങ്ങൾ ഉൾവലിയലുകൾക്ക് കാരണമായി.
കോൺഗ്രസ് പക്ഷമാണെങ്കിൽ കഴിവില്ലെന്ന് നൂറുവട്ടം തെളിയിച്ച ഒരു നേതാവിനേയും തലയിലേറ്റി ഒന്നിനും കഴിയാതെ ഓരിയിടുന്നു. സഈദ് സാഹിബിന്റെ നെയിം ബോഡ് അദ്ധേഹത്തിന്റെ സ്വന്തം നാടായ ആന്ത്രോത്തിൽ വലിച്ച് താഴെയിട്ടപ്പോൾ നാണം കെട്ട സമര പ്രഹസനമായിട്ടായിരുന്നു ഹംദുള്ളാ സഈദിന്റെ ഇടപെടൽ. പാട്ടുകൽ ജായിക്കോയാ, പൊന്നിക്കം ശൈഖ്ക്കോയാ, യു.സി. കെ.തങ്ങൾ, ജലാലുദീൻ കോയ, ആച്ചാട അഹ്മദ് ഹാജി തുടങ്ങിയ പ്രായം ചെന്ന നേതാക്കളെയെല്ലാം അവഗണിച്ച് ഒരു തട്ടിക്കൂട്ട് എൽ.ടി.സി.സി. നോമിനേറ്റ് ചെയ്ത് സ്തുതിപാഠക നേതാവായി വാഴുകയാണ് മുൻ എം.പി. രാഷ്ട്രീയ മേഖലകളിൽ കഴിവും പ്രാവീണ്യവും തെളിയിച്ച ഡോ.എം.ഐ. കോയ, ടി. കാസിം എന്നിവർ വിശ്രമ ജീവിതത്തിലേക്ക് വന്നിട്ടും അവരെ ഉപയോഗിക്കാൻ ഹംദുള്ള ഒരുക്കമല്ല. 2024ലെ പരാജയം കൂടി ഏറ്റുവാങ്ങുമ്പോഴെ ഹംദുള്ളക്കും സ്തുതിപാഠകർക്കും കാര്യം തിരിച്ചറിയൂ. ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രശ്നം ഇവിടെ ജനാധിപത്യമില്ലാത്തതാണ്. ഇന്ത്യയിൽ മിക്ക കേന്ദ്രഭരണ പ്രദേശങ്ങളുടെയും അവസ്ഥയിതാണ്. സഈദ് സാഹിബായാലും ഡോ. കോയാ സാഹിബായാലും അതിന് ശേഷമുള്ളവരായാലും രണ്ട് രാഷ്ട്രീയ പാർട്ടികൾ പിന്തുണക്കുന്ന ഉദ്യോഗസ്ഥ ബുദ്ധിജീവികളായാലും ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നതിനെക്കുറിച്ച് ഒരു കഷ്ണം കടലാസ് ചലിപ്പിച്ചില്ല. അന്നൊക്കെ ദ്വീപു ഭരണം തങ്ങൾക്കിഷ്ടമുള്ളപോലെ കൊണ്ട് നടക്കാമെന്നതായിരുന്നു മേൽ പറഞ്ഞവർ മിണ്ടാതിരിക്കാൻ കാരണം. ഇടക്കിടക്ക് മിനി അസംബ്ലിയും ഷെഡ്യൂൾ ട്രൈബ് കൗൺസിൽ രൂപീകരണവും പറഞ്ഞ് പി.എം.സഈദ് ചില പ്രസ്താവനകൾ നടത്തിയതായി കാണാനാവും. ഇന്ത്യ അടക്കിവാണ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും എന്തുകൊണ്ട് അത് കഴിയാതെ പോയി? ദ്വീപുകൾക്ക് വേണ്ടത് ജനാധിപത്യ സ്വാതന്ത്ര്യമാണ്. അത്തരം തിരിച്ചറിവുള്ള ഒരാൾ നേതൃനിരയിലേക്ക് വരേണ്ടതുണ്ട്. അത്തരം ബോധമുള്ള കെട്ടുറപ്പുള്ള ഒരു പാർട്ടിയും വേണം. നമ്മളുണ്ടാക്കണം. ഇന്ത്യയൊട്ടുക്കും നേരിടുന്ന സംഘ്പരിവാർ മത തീവ്രവാദ നിലപാടുകൾക്കെതിരെ കെട്ടുറപ്പോടെ നിലനിൽക്കാനും കേന്ദ്രത്തോടല്ല, ലോകത്തോട് തന്നെ സംവദിക്കാൻ പറ്റിയ ഒരു ശാന്തനായ നേതാവിനേയാണ് നമുക്ക് വേണ്ടത്. അത്തരം രാഷ്ട്രീയ സംസ്കാരമാണ് ഉയര്‍ന്നുവരേണ്ടത്. അതിന് വേണ്ടിയാണ് നാം ചിന്തിക്കേണ്ടതും നിലപാടുകൾ സ്വീകരിക്കേണ്ടതും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY