DweepDiary.com | Thursday, 20 June 2019

ഓഖി ഒറ്റപ്പെടുത്തിയ ദീപുകൾ.(LETTER FROM AMEER KALPENI)

In Politics / 05 December 2017
(AMEER KALPENI)
2017 നവംബർ 29 നു ശ്രീലങ്കയുടെ തെക്ക് കിഴക്ക് ഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം 30 ആയപ്പേഴേക്കും സാധാരണ ഉഷ്ണ മേഖലാ ചുഴലിക്കാറ്റിന്റെ എല്ലാ അടയാളങ്ങളോടും കൂടി ശക്തമായി പടിഞ്ഞാറോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. 'ഓഖി' എന്ന വിളിപ്പേരിൽ അത് ശക്തി പ്രാപിച്ചു കൊണ്ടിരുന്നതാണ് പിന്നീട് നമ്മൾ കണ്ടത്. കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ എല്ലാവിധ മുന്നറിയിപ്പും നമുക്ക് തന്നതുമാണ്. ഡിസംബർ ഒന്നുമുതൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 100 km ആവുമെന്നും ലക്ഷദ്വീപിൽ ആഞ്ഞടിക്കുമെന്നും നവംബർ 30 ന് പുറത്തു വന്ന കാലാവസ്ഥാ പ്രവചന വിഭാഗത്തിന്റെ മുന്നറിയിപ്പിൽ വളരെ വ്യക്തമായി പറഞ്ഞതുമാണ്. വളരെ ഉത്തരവാദിത്വത്തോടെ തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അതിൻമേലുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലം തന്നെയാണ് ബാഹ്യമായ ഒരു സഹായം പോലുമില്ലാതെ നാം വളരെ കരുത്തോടെ അതിനെ നേരിട്ടതും അതിജീവിച്ചതും. എന്നാൽ വേണ്ടത്ര കരുതലൊ സഹയമൊ കേന്ദ്ര ഗവൺമന്റിന്റെ ഭാഗത്തു നിന്നും നമുക്കുണ്ടായിരുന്നില്ല എന്നു മാത്രമല്ല, നിസ്സഹായതയോടെ മണിക്കൂറുകൾ എണ്ണി ഉറ്റവരേയും ഉടയവരേയും ഓഖിയുടെ മാത്രം ദയക്ക് വിട്ട് കൊടുത്ത് വൻകരയിൽ കാത്തിരുന്ന ദ്വീപു നിവാസികൾക്ക് അനുഭവപ്പെട്ടത്. തികച്ചും അനാഥത്വം അനുഭവപ്പെട്ട മണിക്കൂറുകളായിരുന്നു അവ. കഴിഞ്ഞ വർഷം, അതായത് 2016 ൽ ആൻഡമാനിലും തമിഴ് നാട്ടിലും നാശം വിതച്ച 'വർദ്ദ' ചുഴലിക്കാറ്റിനെ കേന്ദ്രവും പ്രാദേശിക സർക്കാരും എങ്ങനെ നേരിട്ടു എന്ന് നോക്കിയാൽ തന്നെ നമ്മൾ എത്രത്തോളം അനാഥരായി എന്നതിനുത്തരം കിട്ടും. 16000 പേരെയാണ് അന്ന് ഒഴിപ്പിച്ചത്. കേന്ദ്രസേനയും നേവിയും എല്ലാ വിധ സന്നാഹങ്ങളോടെയും അതിനെ നേരിട്ടു. എന്നാൽ എന്തായിരുന്നു നമ്മുടെ അവസ്ഥ? ഡിസംബർ 1 മുതൽ മണിക്കൂറിൽ 120 km വേഗതയിൽ ഓഖി വീശി. മിനികോയ് ദ്വീപ് 24 മണിക്കൂർ നേരത്തേക്ക് ലോക ഭൂപടത്തിൽ ഉണ്ടോന്ന് പോലും ബന്ധുക്കൾക്കും മറ്റ് ദ്വീപുകാർക്കും ഒരു സൂചന പോലും ഇല്ലായിരുന്നു. കൽപേനിയും മണിക്കൂറുകളോളം ദ്വീപിലെ വേണ്ടപ്പെട്ടവരിൽ നിന്നും അന്യമായിരുന്നു. ഓഖി, ലക്ഷദ്വീപിന്റെ നിലനിൽപ്പിനേയും ആയിരങ്ങളുടെ ജീവനും, മേൽ വിലാസം തന്നെയും ഇല്ലാതാക്കാൻ തക്ക ശക്തിയുള്ളതായിരുന്നു, എന്നിട്ടും ഒരു ദേശീയ മാധ്യമത്തിലും നമ്മൾ ഇതിനെക്കുറിച്ചുള്ള വേവലാതികളോ സഹായത്തിനുള്ള കണ്ടില്ല.!! ഒരു കേന്ദ്ര മന്ത്രിയും, എന്തിന് നമ്മുടെ ബഹുമാനപ്പെട്ട MP പോലും പരസ്യമായി സഹായാഭ്യർത്ഥന നടത്തിയിരുന്നില്ല. ഒരു ഹെൽപ് ലൈൻ ഡസ്കു പോലും ഉണ്ടായിരുന്നില്ല ഇന്ത്യയിൽ അനാഥരായ ദ്വീപുകാരെ സഹായിക്കാൻ. എല്ലാ വർഷവും നമ്മളെ സന്ദർശിക്കുന്ന മൺസൂണിൽ ,ഒന്നോ രണ്ടോ കപ്പലുകൾ പണിമുടക്കുമ്പോൾ തന്നെ നമുക്ക് നിത്യോപയോഗ സാധനങ്ങൾക്കു വരുന്ന ക്ഷാമം നമ്മുടെ ഭരണാധികാരികൾക്ക് പച്ചവെള്ളം പോലെ അറിയാവുന്നതാണ്. എന്നിട്ടും രാജ്യ സുരക്ഷയ്ക്കായുള്ള സേനകളുടെ സേവനം മുൻകൂട്ടി ഉപയോഗപ്പെടുത്താൻ നമുക്കു കഴിഞ്ഞില്ല. ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതായിരുന്നു, ഇന്ത്യാ ഗവണ്മന്റ്; അതുണ്ടായില്ല. ഒരു കേന്ദ്ര ഭരണ പ്രദേശം അപ്പാടെ ഇല്ലാതാവുന്ന ഘട്ടത്തിൽ വരെ എത്തി നിന്നപ്പൊൽ എന്തിനും തയ്യാറായി നമ്മുടെ സേന മുൻകൂട്ടി അറബിക്കടലിൽ എത്തേണ്ടിയിരുന്നു, അതും ഉണ്ടായില്ല. ആകെ രണ്ടു കപ്പലകൾ; I N S ശാരദ, I N S ശാർദുൾ ,ഡിസംബർ 1 നു് രാത്രി കുടിവെള്ള വുമായി പുറപ്പെട്ടു എന്നുള്ളത് മാത്രമായിരുന്നു നേവിയുടെ പങ്കാളിത്തം. ലക്ഷദ്വീപിനെക്കുറിച്ച് വേണ്ടപ്പെട്ടവരിൽ നിന്നും നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാ എന്ന് രഹസ്യമായി പല നേവി ഉദ്യോഗസ്ഥരും പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസടക്കം ഡിസംബർ 2 ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും എന്തെ ഒന്നും നടക്കാതെ പോയി? അത്രത്തോളം അനാഥരാണോ നമ്മൾ? ഇതിനൊക്കെ ആരാ ഉത്തരവാധി എന്ന ചോദ്യം ചോദിക്കാൻ പോലും ദ്വീപു ജനത തയ്യാറല്ല. ഒരു വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നമ്മളെല്ലാവരും. ഈ ഘട്ടത്തിൽ ദ്വീപിന്റെ പരിമിതകളിൽ സ്വതന്ത്രമായി നിന്ന്, പുറമേ നിന്ന് ഒരു സഹായവുമില്ലാതെ ദുരന്തത്തെ കീഴ്പ്പെടുത്തിയ ദീപു ജനതയും പ്രാദേശിക ഭരണ കൂടവും അർഹിക്കുന്ന പ്രശംസ അളവില്ലാത്തതു തന്നെ. എന്നാൽ ഇതൊക്കെ എത്തിച്ചു തരേണ്ട ഉത്ത്രരവാധിത്വം നമ്മുടെ ഏക പ്രധിനിതിയായ ലക്ഷദ്വീപ് MP ക്കായിരുന്നില്ലെ? ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഒരു കേന്ദ്ര പ്രതിനിധി പോലും ലക്ഷദ്വീപ് സന്ദർശിച്ചിട്ടില്ല. ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച തന്നെ തമിഴ്നാട് മുഖ്യമന്ത്രി കെ. പളനി സ്വാമിയെ ഫോണിൽ അങ്ങോട്ടു വിളിക്കുകയും സഹായവും പിന്തുണയും നേരിട്ടറിയിക്കുകയും ചെയ്തിരുന്നു. എന്തേ ലക്ഷദ്വീപ് മാത്രം അനാഥമായി?
എന്തിന് പറയുന്നു, ഇത്തരം ഘട്ടത്തിൽ നേവിയുടേയും എയർ ഫോഴ്സിന്റെയും സഹായം കിട്ടുമായിരുന്നില്ലെ നമ്മുടെ MP ക്കും ഒരു സന്ദർശനം നടത്താൻ? അതും ഉണ്ടായില്ല. മീഡിയ ഒൺ ചാനലിന് കൊടുത്ത ഫോൺ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് "പ്രതിരോധ മന്ത്രിയെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞില്ല, ഞാൻ കത്തുകൾ തയ്യാറാക്കുന്നു, അടുത്ത പാർലമന്റിൽ ഞാൻ ഇതിനെതിരെ ശക്തമായി പ്രതികരിക്കും" എന്നായിരുന്നു . അതു മതിയായിരിക്കാം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ മാത്രം ആശ്രയിക്കുന്ന പാർട്ടി ജനങ്ങൾക്ക്. നവംബർ 30 മുതൽ തന്നെ കേരളത്തിൽ മന്ത്രി K .സുരേന്ദ്രനും ശ്രീമതി മേഴ്സിക്കുട്ടിയമ്മയും നേരിട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയുണ്ടായി. അതിന് ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്ടറിൽ നേരിട്ട് കണ്ട് ബോധ്യപ്പെടാനും അദ്ദേഹം സന്നദ്ധനായി. ബഹു . രാജ്യരക്ഷാ മന്ത്രി കേരളാ തീരത്തെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കുകയുമുണ്ടായി. സുരക്ഷാ മന്ത്രിയെ ഇതുവരെ നേരിട്ട് ബന്ധപ്പെടാൻ പോലുമായില്ലെന്ന് പറഞ്ഞ് വിലപിക്കുന്ന നമ്മുടെ MP എന്തു കൊണ്ടതു സംഭവിച്ചു എന്ന് കൂടി വ്യക്തമാക്കേണ്ടതായിരുന്നു. ഡിസംബർ 4ന് മിനിക്കോയി സന്ദർശനത്തിനെത്തിയ ബഹു. അഡ്മിനിസ്ട്രേറ്റർ ദുരന്തത്തിലുണ്ടായ നാശ നഷ്ട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ചിട്ടേ യുള്ളൂ എന്നുള്ള സത്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അതിനും മുമ്പ് കോടികളുടെ കൃത്യമായ നാശ നഷ്ട്ടക്കണക്കുകൾ മാധ്യമങ്ങൾക്ക് മുൻപിൽ നിരത്തിക്കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താൽ ശരിയായ കണക്കുകളുടെ സത്യസന്തതയെ തന്നെ ബാധിക്കും. മാത്രമല്ല കിട്ടേണ്ട ആനുകൂല്യങ്ങൾക്കുള്ള ബുദ്ധിമുട്ടും അതു വർദ്ധിപ്പിക്കാനേ സാധ്യതയുള്ളൂ.

അടുത്ത ഇരുപത് വർഷം കഴിഞ്ഞ് ഇനിയൊരു ദുരന്തം വന്നാലെങ്കിലും അദ്ദേഹത്തിന്റെ കത്തുകളും, വരാൻ പോകുന്ന പാർലമെൻറിലെ ശക്തമായ വിമർശനങ്ങൾക്കും സഹായമെത്തിക്കാൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഒരു കൂട്ടം കുഞ്ഞു ദ്വീപുകൾ മണിക്കൂറുകളോളം ഒരു രാജ്യമായ കഥയായി നമുക്കിതിൽ അഭിമാനം കൊള്ളാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY